റേഷന്‍ കടകളില്‍ ഇനി ഇപോസ് മെഷീനുകള്‍

Sunday 1 April 2018 2:00 am IST

 

ചേര്‍ത്തല: റേഷന്‍ കടകളില്‍ ഇനി മുതല്‍ ഇപോസ് മെഷീനുകള്‍, കാര്‍ഡംഗങ്ങള്‍ അല്ലാത്തവര്‍ക്ക് റേഷന്‍ കിട്ടില്ല. താലൂക്കിലെ റേഷന്‍ കടകളില്‍ സ്ഥാപിച്ച ഇപോസ് മെഷീന്‍ മുഖാന്തിരം റേഷന്‍ വിതരണം മാറുന്നതോടെ ഒരോ റേഷന്‍ കാര്‍ഡിലെയും ഏതെങ്കിലും അംഗത്തിന്റെ വിരലടയാളം രേഖപ്പെടുത്തിയാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ ലഭിക്കുകയുള്ളൂ. 

  ബയോമെട്രിക് സംവിധാനമുള്ള മെഷീനില്‍ ഉപഭോക്താക്കളുടെ വിരലടയാളം ആധാര്‍വഴി പരിശോധിച്ചാണ് റേഷന്‍ വിതരണം നടത്തുന്നത്. റേഷന്‍ വാങ്ങാത്തവരുടെ വിഹിതം മറ്റൊരു രീതിയിലും മാറ്റാനാവില്ല. മറ്റൊരാളിന്റെ കാര്‍ഡുമായി പോയും റേഷന്‍ വാങ്ങാന്‍ കഴിയില്ല. റേഷന്‍ കടകള്‍ തുറക്കുന്നതുള്‍പ്പെടെ സ്റ്റോക്ക് വിതരണം തുടങ്ങിയ കാര്യങ്ങളും ഇന്റര്‍നെറ്റ് വഴി അറിയാമെന്നതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനവും സുതാര്യമാവും. 

  റേഷന്‍ കടകളില്‍ സാധനങ്ങള്‍ സ്റ്റോക്കുണ്ടോയെന്ന് വീട്ടിലിരുന്ന് നോക്കാന്‍ കഴിയും.  മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും പിങ്ക് കാര്‍ഡിന് ഒരംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നീല കാര്‍ഡിന് ഒരംഗത്തിന് രണ്ട് കിലോ അരിയും വെള്ള കാര്‍ഡിന് രണ്ട് കിലോ അരിയുമാണ് ലഭിക്കുക. 

  മഞ്ഞ കാര്‍ഡ് ഒഴികെയുള്ള എല്ലാ കാര്‍ഡുകള്‍ക്കും മൂന്ന് കിലോ വീതം ആട്ടയും ലഭിക്കും. മഞ്ഞ കാര്‍ഡുകള്‍ ഒഴിതെയുള്ളവരില്‍ നിന്ന് കിലോയ്ക്ക് ഒരു രൂപ കൈകാര്യചിലവായി ഈടാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസര്‍ പി.പി. മുരളി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.