കരാർ തൊഴിലാളി നിയമഭേദഗതി എന്ത്, എന്തിന്? രാഷ്ട്രീയപ്രേരിതമോ ഈ പണിമുടക്ക്

Sunday 1 April 2018 4:30 am IST
എന്താണ് ഭേദഗതി? 1.രാജ്യത്തെ ബഹുഭൂരിപക്ഷം കരാര്‍ തൊഴിലാളികളും ചൂഷണം ചെയ്യപ്പെടുന്ന സാ ഹചര്യത്തില്‍ സ്ഥിരനിയമനങ്ങള്‍ക്ക് നല്‍കുന്ന അതേ വേതനം കരാര്‍ തൊഴിലാളികള്‍ക്കും ലഭിക്കുന്ന വിധം രാജ്യത്തെ സേവനവേതന വ്യവസ്ഥകളിലുള്ള ഭേദഗതി. 2.കരാര്‍ തൊഴിലാളികളെ പിരിച്ചുവിടണമെങ്കില്‍ രണ്ടാഴ്ചമുമ്പ് നോട്ടീസ് നല്‍കണം. പിരിച്ചുവിടാനുള്ള സാഹചര്യം അധികൃതരെ തൊഴിലുടമ ബോധ്യപ്പെടുത്തണം. അല്ലാത്ത നോട്ടീസ് നിലനില്‍ക്കുന്നതല്ല. 3. ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷംജോലി ചെയ്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എല്ലാ കരാര്‍ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി ലഭിക്കുന്ന വിധത്തില്‍, പിരിയുമ്പോള്‍ ഗ്രാറ്റുവിറ്റിക്ക് സേവനകാലാവധി നോക്കേണ്ടതില്ലെന്നും ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. 4.പ്രസവകാല അവധി 12-ല്‍ നിന്ന് 26 ആഴ്ചയാക്കി. 5.ഗ്രാറ്റുവിറ്റി 10 ലക്ഷം എന്നത് 20 ലക്ഷമാക്കി. 6.നോട്ടീസ് ലഭിച്ച് 45 ദിവസത്തിനകം തൊഴില്‍ ഉടമകള്‍ നിര്‍ബ്ബന്ധമായും ലേബര്‍ ആഫീസര്‍ക്ക് മുന്നില്‍ ഹാജരാകണം. അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടിവരും.
"undefined"

സംസ്ഥാനത്തെ ചില തൊഴിലാളി സംഘടനകള്‍ നാളെ പൊതുപണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുകയാണല്ലോ. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പക്ഷേ, ഇതിനു പിന്നിലുള്ളതു തൊഴില്‍ സംരക്ഷണത്തിലുള്ള താത്പര്യമോ രാഷ്ട്രീയ പ്രേരണയോ എന്ന സംശയത്തിലാണ് ജനങ്ങള്‍. 

എന്തായിരുന്നു ഈ ഭേദഗതികള്‍ കൊണ്ടുവരാനുള്ള സാഹചര്യം. എന്തൊക്കെയാണ് ഭേദഗതികള്‍. ഒന്നു ചിന്തിച്ചു നോക്കാം.  

1926-ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമങ്ങളുടെ പിന്തുടര്‍ച്ചയാണ് രാജ്യത്ത് നിലവിലിരിക്കുന്നത്. 1947-ല്‍ ഭേദഗതി ചെയ്യപ്പെട്ട 'ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ് ഓര്‍ഡര്‍) സെന്‍ട്രല്‍' റൂളാണ് ഇപ്പോള്‍ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനം. ഈ നിയമങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന അഭിപ്രായം ഏറെ നാളായി നിലനില്‍ക്കുന്നു. 

ഭേദഗതി നടപ്പാക്കാനുള്ള ശ്രമം 1988-ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടത്തിയിരുന്നു. ലോക്‌സഭ പാസ്സാക്കിയ ബില്‍, നിര്‍ഭാഗ്യവശാല്‍ രാജ്യസഭയില്‍ പരാജയപ്പെട്ടു. ജീവനക്കാരുടെ സങ്കടപരിഹാരത്തിനായി 'റിഡ്രസ്സല്‍ ആന്‍ഡ് ഗ്രീവന്‍സ് ബില്‍, 1988' എന്ന പേരിലായിരുന്നു ബില്ല് അവതരിപ്പിച്ചത്. ബില്ലിലെ പോരായ്മകളും നിക്ഷിപ്ത താത്പര്യങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധത്തിലായതാണ് ബില്ല് പാസ്സാക്കാന്‍ കഴിയാതെ പോയതിനു കാരണം. പിന്നീട്  അധികാരത്തിലെത്തിയ സര്‍ക്കാരുകളൊന്നും ഇത്തരം പരിശ്രമത്തിന് മുതിര്‍ന്നുമില്ല.

 ഭേദഗതിക്കുള്ള സാഹചര്യം

1985 മാര്‍ച്ച് 31ന് അവതരിപ്പിച്ച ബില്ലിലൂടെ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നിയമനനിരോധനം നടപ്പാക്കി. ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ പ്രതിരോധിക്കാന്‍ ദുര്‍ബലമായ പ്രതിപക്ഷത്തിന് കഴിയാതെ വന്നതാണ് ബില്ല് പാസ്സാകാന്‍ ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 33 വര്‍ഷമായി നിയമനനിരോധനമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം നിയമനം നടത്താന്‍ കഴിയുന്ന സ്‌പെഷ്യല്‍ ഡ്രൈവ് മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. ഇതോടെ കേന്ദ്ര- പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താന്‍ കഴിയാതായി. ഇതിന് പരിഹാരമായി ഈ ഒഴിവുകളില്‍ കരാര്‍ തൊഴിലാളികളെ നിയമിച്ച് തുടങ്ങി. പോസ്റ്റല്‍, ടെലികോം, റെയില്‍വേ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അങ്ങനെയാണ് കരാര്‍ ജീവനക്കാര്‍ കടന്നുവന്നത്. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണം സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളിലും കരാര്‍ തൊഴിലാളികളെ നിയമിച്ചു. ഇന്ന് രാജ്യത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും കരാര്‍ തൊഴിലാളികളാണ്. സ്ഥിരസ്വഭാവമുള്ള നിയമനങ്ങളില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്ന 1977-ലെ കോണ്‍ട്രാക്ട് ലേബര്‍ അബോളിഷ്‌മെന്റ് ആക്ട് ലംഘിച്ചായിരുന്നു ഇത്തരം നിയമനങ്ങളിലേറെയും.

കരാര്‍ തൊഴിലാളികള്‍ ചൂഷിതരായി

തൊഴില്‍ സ്ഥാപനവുമായി ഉണ്ടാക്കുന്ന നിശ്ചിത കരാറിന്റെ അടിസ്ഥാനത്തില്‍ നിയമിതരായവരാണ് കരാര്‍ തൊഴിലാളികള്‍. തന്ത്രപ്രധാന ഒഴിവുകള്‍ ഒഴികെ നിയമനം നടക്കില്ലെന്ന സാഹചര്യത്തില്‍ അഭ്യസ്തവിദ്യരുടെ പ്രവാഹം കരാര്‍ രംഗത്തേക്കുണ്ടായി. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകളും കരാര്‍ തൊഴിലിന്റെ ഭാഗമായി. അതേ തസ്തികയില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കരാര്‍ തൊഴിലാളികള്‍ക്ക് ബാധകമായിരുന്നില്ല. തുച്ഛമായ ശമ്പളത്തില്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ കരാര്‍ വ്യവസ്ഥപ്രകാരം തൊഴിലാളികള്‍ ജോലി നോക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെട്ടു. പല സ്ഥാപനങ്ങളിലും എട്ട് മണിക്കൂറിലധികം ഇവര്‍ ജോലി ചെയ്തു. സ്ഥിരനിയമനം നേടിയവര്‍ ചെയ്യേണ്ട ജോലികള്‍ കൂടി ഇവര്‍ ഏറ്റെടുത്ത് ചെയ്യേണ്ടതായും വന്നു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കരാര്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് തൊഴില്‍ നിയമഭേദഗതി കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറായത്.

ഭേദഗതി അടിച്ചേല്‍പ്പിക്കുന്നു

1947-ല്‍ ഭേദഗതി ചെയ്യപ്പെട്ട 'ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ് ഓര്‍ഡര്‍) സെന്‍ട്രല്‍ റൂള്‍' ആണ് ഇപ്പോള്‍ ഭേദഗതി ചെയ്യുന്നത്. പ്രസ്തുത ബില്ല് ഇല്ലാതാക്കി പുതിയ നിയമനിര്‍മ്മാണം നടത്തിയിരുന്നെങ്കില്‍ ഭരണഘടനാ സ്ഥാപനങ്ങളായ ലോക്‌സഭയുടെയും രാജ്യസഭയുടെയും അംഗീകാരം നേടണമായിരുന്നു. എന്നാല്‍ ബില്ലില്‍ ഭേദഗതി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. അതിനാല്‍ ഈ ഭേദഗതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ജനാധിപത്യത്തെ അട്ടിമറിച്ച്  നിയമഭേദഗതി അടിച്ചേല്‍പ്പിക്കുന്നു എന്ന തൊഴിലാളി സംഘടനകളുടെ ആരോപണത്തില്‍ കഴമ്പില്ല. ഭേദഗതിയുടെ കരട് രേഖ 2016-ല്‍ എല്ലാ തൊഴിലാളി സംഘടനകള്‍ക്കും നല്‍കിയിരുന്നു. സംഘടനകളുടെ അഭിപ്രായംകൂടി കണക്കിലെടുത്താണ് പുതിയ ഭേദഗതി തയ്യാറാക്കിയിത്.  

എതിര്‍ക്കുന്നത് ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയെ

നിശ്ചിത കാലയളവിലേക്ക് തൊഴിലാളികളെ നിയമിക്കാന്‍ സാഹചര്യം സൃഷ്ടിക്കുന്ന ഹയര്‍ ആന്‍ഡ് ഫയര്‍ പോളിസിയെയാണ് സംഘടനകള്‍ എതിര്‍ക്കുന്നത്. ഇതുമൂലം തൊഴില്‍ സുരക്ഷ ഇല്ലാതാകുമെന്നാണ് ആരോപണം. തൊഴില്‍ ഉടമയും തൊഴിലാളിയും തമ്മില്‍ ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് കാലാവധി നിശ്ചയിക്കുന്നത്. തൊഴിലാളി കാലാവധി സമ്മതിച്ച് കരാര്‍ അംഗീകരിച്ചാണ് നിയമനം തേടുന്നത്. തൊഴിലിന് പ്രത്യേക കാലാവധി നിശ്ചയിച്ചു എന്ന കാരണത്താല്‍ തൊഴില്‍ സുരക്ഷ ഇല്ലാതാകുന്നില്ല. സ്ഥിരനിയമനങ്ങളിലും തത്ത്വത്തില്‍ കാലാവധി അംഗീകരിച്ചാണ് നിയമനം ലഭിക്കുന്നത്. 

കേരളത്തിലെ കരാര്‍ തൊഴിലാളികള്‍

കരാര്‍ തൊഴില്‍ നിയമഭേദഗതിക്കെതിരെ സമരം സംഘടിപ്പിക്കുന്ന ഏക സംസ്ഥാനമെന്ന നിലയില്‍ കേരളത്തിലെ കരാര്‍ തൊഴിലാളികളുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. സംസ്ഥാനത്തെ ആകെ തൊഴിലാളികളില്‍ 80 ശതമാനവും കരാര്‍ തൊഴിലാളികളാണ്. സ്വകാര്യ മേഖലയ്‌ക്കൊപ്പം സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലും കരാര്‍ തൊഴിലാളികളുണ്ട്. ഇവരുടെ തൊഴില്‍സുരക്ഷയും വേതനവും പരിശോധിച്ചാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് മനസ്സിലാകും. കെഎസ്ആര്‍ടിസിയില്‍ സ്ഥിരംതൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ ആയിരക്കണക്കിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും എംപാനല്‍ ജീവനക്കാരായി ജോലി നോക്കുന്നു.

പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ ജോലിചെയ്ത ഇത്തരം ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിനായിട്ടില്ല. സ്ഥിര നിയമനം ലഭിക്കുമെന്ന പ്രതീക്ഷയില്‍, കുറഞ്ഞ ശമ്പളത്തില്‍ യാതനകള്‍ പേറി ജോലിചെയ്യുന്നവരാണ് ഏറെയും. കെഎസ്ഇബിയില്‍ സ്ഥിര തൊഴിലാളികള്‍ക്കൊപ്പം തന്നെ കരാര്‍ തൊഴിലാളികളുമുണ്ട്. ഇവരുടെ വേതനവും നാമമാത്രമാണ്. പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്ലില്‍ 32 വര്‍ഷമായി പ്രതിദിനം 470 രൂപ ശമ്പളത്തില്‍ ജോലിനോക്കുന്ന മെഷീന്‍ ഓപ്പറേറ്ററുണ്ട്. ബിഎസ്എന്‍എല്ലിലെ കരാര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് സ്ഥിര തൊഴിലാളിയുടെ ശമ്പളത്തിന്റെ നാലിലൊന്ന് മാത്രമാണ.് എംആര്‍എഫ് അടക്കമുള്ള ആയിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കുന്നത് കരാര്‍ തൊഴിലാളികളാണ്. 

തൊഴില്‍ സുരക്ഷയുടെ പേരിലാണ് നിയമഭേദഗതിയെ സംഘടനകള്‍ എതിര്‍ക്കുന്നതെങ്കില്‍ പതിറ്റാണ്ടുകളായി പണിയെടുക്കുന്ന കരാര്‍ തൊഴിലാളികള്‍ക്ക് എന്ത് തൊഴില്‍ സുരക്ഷിതത്വമാണ് നിലവിലുള്ളത്. ഭേദഗതിയുടെ ആനുകൂല്യത്തില്‍ സ്ഥിരം തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ കരാര്‍ തൊഴിലാളികളുടെ മാസബജറ്റും ജീവിതനിലവാരവും ഉയരും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.