എസ്കെ നായരെക്കുറിച്ച് കമലിന് എന്തറിയാം?

Sunday 1 April 2018 4:20 am IST

ആവശ്യമറിഞ്ഞു സഹായിക്കുന്ന വലിയ മനസ്സുള്ള, സംസ്‌കാര ചിത്തനായ എസ്‌കെയെ പടുവിഡ്ഢിയായ, പത്രാധിപരായി ചിത്രീകരിച്ചതിലൂടെ കമലിന്റെ ധിഷണാശക്തി വെളിപ്പെടുന്നു. കൃഷ്ണ സങ്കല്‍പം ഇത്ര മോശമായി അവതരിപ്പിക്കാന്‍ കമലിന് മാത്രമേ കഴിയൂ; മാധവിക്കുട്ടിയെ ഇത്ര ഉപരിപ്ലവമായും. 

മാധവിക്കുട്ടിയേയും കമലാദാസിനേയും കമല സുരയ്യയേയും തേടി, ആമിയിലൂടെയുള്ള സംവിധായകന്‍ കമലിന്റെ യാത്ര ബാലിശവും നിരര്‍ത്ഥകവുമായ ചെപ്പടി വിദ്യയായതിനാലാണ് മലയാളി പ്രേക്ഷകര്‍ അത് തിരസ്‌കരിച്ചത്.  മലയാള സാഹിത്യത്തില്‍ മാധവിക്കുട്ടിയുടെ, ഇന്ത്യന്‍  ഇംഗ്ലീഷ് എഴുത്തുകാരുടെയിടയില്‍ കമലാദാസിന്റെ സ്ഥാനം എവിടെയാണെന്ന് തിരിച്ചറിയാനുള്ള ബോധപൂര്‍വമായ ശ്രമംപോലും കമല്‍ നടത്തിയതായി കാണുന്നില്ല. 

മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആദ്യ രചന പ്രസിദ്ധീകരിക്കാന്‍  തന്റേടം കാട്ടിയ എസ്. കെ. നായര്‍ എന്ന പത്രാധിപരെ കോമാളിയായി ചിത്രീകരിച്ചതിലൂടെ കമലിന്റെ ധിഷണാപരമായ പാപ്പരത്തം വ്യക്തമാകും. മലയാള സാഹിത്യം കണ്ട ഏറ്റവും മികച്ച സാഹിത്യകാരന്മാരുടെ വിമര്‍ശന സ്വഭാവമുള്ള രചനകള്‍ വെളിച്ചംകണ്ടത് 'മലയാളനാട്' എന്ന ഓഫ്ബീറ്റ് പ്രസിദ്ധീകരണവും എസ്.കെ. നായര്‍ എന്ന ഉന്നത വിദ്യാഭ്യാസവും സാംസ്‌കാരികാവബോധവുമുള്ള പത്രാധിപരും മലയാളത്തില്‍ ഉണ്ടായതുകൊണ്ടു മാത്രമാണ്. 

കോളേജ് അദ്ധ്യാപകനായി ജീവിതമാരംഭിച്ച എസ്.കെ. നായര്‍ വ്യവസായ ലോകത്തെത്തുകയും, പത്രവും സിനിമയും ഒരാവേശമായി സ്വീകരിക്കുകയും ചെയ്തു. മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ഒരു പ്രസിദ്ധീകരണവും മികച്ച സിനിമകളും നമുക്ക് നല്‍കിയ പ്രതിഭാധനനായ പത്രാധിപരെയാണ് കമല്‍ സ്ത്രീലമ്പടനായ കോമാളിയായി ചിത്രീകരിച്ചിരിക്കുന്നത്.

എഴുത്തുകാരെ തിരിച്ചറിയാനും അവരുടെ കഴിവുകള്‍ക്ക് ഊര്‍ജ്ജം പകരാനും എന്നും എസ്.കെ. നായര്‍ മുന്‍പന്തിയിലായിരുന്നു. എഴുത്തുകാരനിലെ ശക്തി തിരിച്ചറിഞ്ഞതുകൊണ്ടാണ് മാധവിക്കുട്ടിയുടെ 'എന്റെ കഥയും ഒ.വി. വിജയന്റെ 'ധര്‍മ്മ പുരാണ'വും കാക്കനാടന്റെയും എം. മുകുന്ദന്റെയും പദ്മരാജന്റെയും വേറിട്ട രചനകളും 'മലയാളനാടി'ല്‍ വെളിച്ചം കണ്ടത്. 

ആഢ്യത്വത്തിന്റെ പ്രതീകമായ 'മാതൃഭൂമി'യും കുടുംബവായനക്കാരുടെ ആശ്വാസമായ 'മനോരമ' വാരികയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖപത്രമായ 'ജനയുഗം' വരികയും മലയാളത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന കാലഘട്ടത്തിലാണ് 'എന്റെ കഥ' മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിക്കുന്നത്. മാധവിക്കുട്ടി (കമലാദാസ്) ഇംഗ്ലീഷില്‍ എഴുതി അയച്ച പല അദ്ധ്യായങ്ങളും മലയാളികളെ ത്രസിപ്പിക്കുന്നതാക്കിയതില്‍ അന്ന് 'മലയാളനാടി'ലുണ്ടായിരുന്ന കാക്കനാടന് വലിയ പങ്കുണ്ടായിരുന്നതായി പലര്‍ക്കും അറിയാമായിരുന്ന സത്യമാണ്.1968-ല്‍ സസ്തി ബ്രത എഴുതിയ 'മൈ ഗോഡ് ഡൈഡ് യംഗ്' 1973ല്‍ മാധവിക്കുട്ടി എഴുതിയ എന്റെ കഥയ്ക്ക് പ്രചോദനമായിരുന്നുവെന്നും കാക്കനാടന്‍ പറയാറുണ്ടായിരുന്നു.

എന്റെ കഥ ഒരിക്കലും മാധവിക്കുട്ടിയുടെ ആത്മകഥ ആയിരുന്നില്ല. കാക്കനാടന്‍ ആധുനിക സാഹിത്യത്തിന്റെ മസാല പുരട്ടിയ ഒരു സാങ്കല്‍പ്പിക സൃഷ്ടി. അത് യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുവാന്‍ മാധവിക്കുട്ടിയും കാക്കനാടനും എസ്‌കെയും ഒരുപോലെ ശ്രമിച്ചിരുന്നു.

സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നില്ല എസ് കെ നായര്‍ പത്ര പ്രസിദ്ധീകരണം നടത്തിയത്. മറ്റു ബിസിനസ്സുകള്‍ ലാഭമുണ്ടാക്കിയപ്പോള്‍ മലയാള നാടും സിനിമാ വാരികയും രാഷ്ട്രീയ വാരികയും മധുരം വാരികയുമൊക്കെ സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്. എഴുപതു കാലഘട്ടത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കുമുണ്ടായിരുന്ന ദൗര്‍ബല്യങ്ങള്‍ ഒരുപക്ഷേ, എസ്.കെ. നായര്‍ക്കും ഉണ്ടായിരുന്നിരിക്കാം. മലയാള സാഹിത്യത്തിന് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയ പത്രാധിപര്‍, ലോകസാഹിത്യത്തെ മലയാളത്തോടടുപ്പിച്ച പത്രാധിപര്‍-അതായിരുന്നു എസ്.കെ. നായര്‍ . എം. കൃഷ്ണന്‍ നായര്‍ 'സാഹിത്യവാരഫലം' എഴുതുന്നതിനുള്ള റോയല്‍റ്റിയുടെ പത്തിരട്ടി തുകയ്ക്കുള്ള പുസ്തകങ്ങള്‍ ഓരോ ആഴ്ചയും വാങ്ങിനല്‍കുമായിരുന്നു. എസ്‌കെ എഴുതിയാലും ഇല്ലെങ്കിലും കൊല്ലത്തെത്തുന്ന സാഹിത്യകാരന്മാര്‍ക്കും കവികള്‍ക്കും സിനിമാക്കാര്‍ക്കും തണലായിരുന്നു മലയാളനാടും എസ്‌കെയും.

എഴുത്തുകാരനുള്ള പ്രതിഫലം മുന്‍കൂറായി നല്‍കുന്ന സ്വഭാവമായിരുന്നു എസ്‌കെയുടേത്. മാധവിക്കുട്ടിക്കും തകഴിച്ചേട്ടനും തോപ്പില്‍ ഭാസിക്കും വൈക്കം ചന്ദ്രശേഖരന്‍ നായര്‍ക്കും പി.എന്‍. മേനോനും അക്കാര്യത്തില്‍ വ്യത്യാസമില്ലായിരുന്നു. ആവശ്യമറിഞ്ഞു സഹായിക്കുന്ന വലിയ മനസ്സുള്ള, സംസ്‌കാര ചിത്തനായ എസ്‌കെയെ പടുവിഡ്ഢിയായ പത്രാധിപരായി ചിത്രീകരിച്ചതിലൂടെ കമലിന്റെ ധിഷണാശക്തി വെളിപ്പെടുന്നു. കൃഷ്ണ സങ്കല്‍പം ഇത്ര മോശമായി അവതരിപ്പിക്കാന്‍ കമലിന് മാത്രമേ കഴിയൂ; മാധവിക്കുട്ടിയെ ഇത്ര ഉപരിപ്ലവമായും. 

മനുഷ്യസ്‌നേഹത്തിന്റെ കഥപറഞ്ഞ, മാനവികതയുടെ സന്ദേശം പ്രചരിപ്പിച്ച മാധവിക്കുട്ടിയെ അവതരിപ്പിക്കുവാന്‍ കമല്‍ ആവശ്യമായ പഠനം നടത്തിയിട്ടില്ല എന്നുവേണം കരുതാന്‍. ഇത് കലയോടും കാലഘട്ടത്തോടുമുള്ള കപട നാടകമാണ്. കാലം മാപ്പുതരില്ല.

(മലയാളനാടിന്റെ പത്രാധിപസമിതിയില്‍ അംഗമായിരുന്നു ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.