കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ വ്യാജ പ്രചാരണം; അഞ്ച് പേര്‍ക്കെതിരേ ദുബായ് പോലീസ് നടപടിയെടുത്തു

Sunday 1 April 2018 4:53 am IST

തൃശൂര്‍: കല്യാണ്‍ ജ്വല്ലറി വിറ്റഴിച്ച സ്വര്‍ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും പ്രചരിപ്പിച്ച അഞ്ച് പേര്‍ക്കെതിരേ സൈബര്‍ നിയമം അനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദ്ദേശം നല്‍കി.  ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഒരാള്‍ കുറ്റം സമ്മതിച്ചു. മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണ്. 

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വ്യാജപോസ്റ്റില്‍ യുഎഇയിലെ കല്യാണ്‍ ജ്വല്ലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും പ്രചരിപ്പിച്ചിരുന്നു. 

വ്യാജ വീഡിയോയും വ്യാജ വാര്‍ത്തകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കല്യാണ്‍ എല്‍എല്‍സി ദുബായ് പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി. സൈബര്‍ക്രൈം വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ദുബായ് പോലീസ് വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത മറ്റ് കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.

അതേസമയം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാജവാര്‍ത്ത നിഷേധിച്ചിരുന്നു. സോഷ്യല്‍മീഡിയയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ ദുബായ് പോലീസ് നടപടികള്‍ സ്വീകരിക്കുന്നത് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

കൂടാതെ കല്ല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തിരുവനന്തപുരം ഷോറൂമിനെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അപവാദപ്രചരണത്തിനും വ്യാജവാര്‍ത്തകള്‍ക്കുമെതിരെയും ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കല്ല്യാണ്‍ ജ്വല്ലേഴ്‌സ് അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.