ആദ്യ തൊഴിലാളി സംഘടനയുടെ വാര്‍ഷികം കടന്നു പോയത് ആരുമറിയാതെ

Sunday 1 April 2018 4:55 am IST

ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായ കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിന്റെ തൊണ്ണൂറ്റിയാറാം വാര്‍ഷികം ഇന്നലെ ആരുമറിയാതെ കടന്നു പോയി. തൊഴിലാളി ശക്തിയുടെ വക്താക്കളായി അവകാശപ്പെടുന്ന സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും ബോധപൂര്‍വം വാടപ്പുറം ബാവയേയും അദ്ദേഹം രൂപം നല്‍കിയ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷനെയും വിസ്മരിച്ചു.

  1920 കാലഘട്ടത്തില്‍ ആലപ്പുഴ നഗരത്തിലും, പ്രാന്തപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും പണിയെടുത്തിരുന്ന കയര്‍ഫാക്ടറി തൊഴിലാളികള്‍ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരായിരുന്നു. കൂലി ചോദിച്ചാല്‍ കടുത്ത മര്‍ദ്ദനമുറകള്‍ക്കും തൊഴിലാളികള്‍ വിധേയമാകേണ്ടിവന്നു. പീഡനം അസഹനീയമായപ്പോള്‍ ഡാറാസ്‌മെയില്‍ ഫാക്ടറിയിലെ വണ്ടിസായിപ്പ് എന്ന ഫാക്ടറി മാനേജരെ കമ്പനിമുറ്റത്ത് വാടപ്പുറം പി.കെ. ബാവയുടെ നേതൃത്വത്തില്‍ ഘെരാവോ ചെയ്തു. ഇതാണ് കേരളചരിത്രത്തിലെ തൊഴിലാളികള്‍ നടത്തിയ ആദ്യത്തെ ഉപരോധം. ഇതോടെ തൊഴിലാളികള്‍ ബാവയുടെ പിന്നില്‍ അണിനിരന്നു. 

 ആലപ്പുഴ മംഗലം പുന്നച്ചുവടു വീട്ടില്‍ കൃഷ്ണന്റേയും, നീലിയുടെയും മകനായ പി.കെ. ബാവ 1884 മാര്‍ച്ച് രണ്ടിനാണ് ജനിച്ചത്. പതിനെട്ടാമത്തെ വയസ്സില്‍ പിതാവിന്റെ മരണത്തോടെ ബാവ ഡാറാസ്‌മെയില്‍ ഫാക്ടറിയിലെ ജോലിക്കാരനായി. തൊഴിലാളികളെ ചൂഷണത്തില്‍ എങ്ങനെ മോചിപ്പിക്കാം എന്ന് ബാവ ആലോചിക്കുന്ന സന്ദര്‍ഭത്തിലാണ് ശ്രീനാരായണ ഗുരു ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ എത്തുന്നത്. 

 തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഗുരുവിനെ ബാവ ധരിപ്പിച്ചു. 'എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ' ഇതായിരുന്നു ഗുരുവിന്റെ മറുപടി. 

ഈ ആഹ്വാനം ഉള്‍ക്കൊണ്ട് 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി.കെ. ബാവയ്‌ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. 1922 ഏപ്രില്‍ 23ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യാതിഥിയായി എത്തിയത് ഗുരുശിഷ്യനായ സ്വാമി സത്യവ്രതനായിരുന്നു. 

'ഭയപ്പെടേണ്ട... തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക' എന്ന ഗുരുസന്ദേശം അദ്ദേഹം അവിടെ വായിച്ചു. 

പി. കൃഷ്ണപിള്ളയും, ടി.വി. തോമസും, പി. കേശവദേവും ഒക്കെ തൊഴിലാളി സംഘടനയിലേക്ക് കടന്നു വന്നത് ബാവയുടെ സംഘടനയിലൂടെ ആയിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപംകൊണ്ടപ്പോള്‍ പാര്‍ട്ടി ബാവ തുടങ്ങിവച്ച പ്രസ്ഥാനത്തിന്റെ പിതൃത്വം അവര്‍ തട്ടിയെടുക്കുകയായിരുന്നു. 

ജാതി പീഡനങ്ങള്‍ക്കും, വിവേചനങ്ങള്‍ക്കും എതിരെ മാത്രമല്ല, തൊഴിലാളി ചൂഷണത്തിനെതിരെയും പോരാട്ടത്തിന് തുടക്കം കുറിച്ചത് ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ അനുയായികളുമാണെന്ന സത്യം തമസ്‌ക്കരിക്കപ്പെടുന്നത് ചരിത്രത്തോടുള്ള നീതി നിഷേധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.