ഓഖി ദുരന്തം: സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല - ഡോ. എം. സൂസപാക്യം

Sunday 1 April 2018 5:05 am IST

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട 49 കുടുംബങ്ങള്‍ക്കുമാത്രമേ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുള്ളൂവെന്നും ദുരന്തശേഷം നല്‍കിയ വാക്കുപാലിച്ചില്ലെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം പത്രസമ്മേളനത്തില്‍ പറഞ്ഞു. 

ഓഖി ദുരന്തം നടന്ന് നാല് മാസം പിന്നിടുമ്പോള്‍ 49 കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. ബാക്കി കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. സര്‍ക്കാരിന്റെ സഹായംകൂടാതെ മുന്നോട്ടു പോകുന്നത് പ്രയാസമാണ്. ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക് വിദ്യാഭ്യാസം, ജോലി, വീട്, ചികിത്സാ ചെലവ് എന്നിവ നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ കൈയിലും 10 ലക്ഷം രൂപ ബാങ്കിലുമായി നല്‍കി. പ്രത്യേകം ബസ് ഏര്‍പ്പെടുത്തി ദുരന്തബാധിതരെ ചെന്നൈയില്‍ എത്തിച്ചാണ് ധനസഹായം നല്‍കിയത്.

കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അലംഭാവമാണുള്ളത്.  60 കോടി രൂപയുടെ യാനങ്ങളാണ് കേരളത്തില്‍ നഷ്ടമായത്. അതിരൂപത മാത്രം വിചാരിച്ചാല്‍ ഇതിന് നഷ്ടപരിഹാരം നല്‍കാനാകില്ല. അതിരൂപത 290 പേര്‍ക്ക് മുപ്പതിനായിരം രൂപവീതം നഷ്ടപരിഹാരം നല്‍കി. 100 കോടി രൂപയുടെ പദ്ധതി അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് അതിരൂപത പദ്ധതിയിടുന്നത്. ഇതേവരെ ഏഴുകോടി രൂപ സമാഹരിച്ചു. 

സര്‍ക്കാര്‍ സഹായപദ്ധതി നടപ്പാക്കിയാല്‍ മാത്രമേ അതിരൂപത പദ്ധതി നടപ്പാക്കാനാകൂവെന്നും ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. ഓഖി ദുരന്ത സഹായം വിതരണം ചെയ്യുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍പെരേര പറഞ്ഞു. മരിച്ചവരുടെ ആശ്രിത നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതിരൂപതയുടെ മൗനം നിസ്സഹായതയായി കണ്ടാല്‍ പ്രക്ഷോഭത്തിനിറങ്ങും. മത്സ്യത്തൊഴിലാളികളുടെ വായ്പ എഴുതിത്തള്ളുന്നത് ഉള്‍പ്പെടെ നിരുത്തരവാദപരമായ അവസ്ഥ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ സഭ രംഗത്തിറങ്ങും

മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ കത്തോലിക്കാസഭ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും ഹിന്ദു-മുസ്ലീം സംഘടനകളുമായി ചേര്‍ന്ന് ജനങ്ങളെ കൂട്ടായി ബോധവത്കരിക്കുമെന്നും ഡോ. എം. സൂസപാക്യം പറഞ്ഞു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ജയിപ്പിക്കരുതെന്നു പറയും. 

പ്രകടനപത്രികയില്‍ ഒരു കാര്യം പറയുകയും കോടതിവിധിയുടെ പേരില്‍ മറ്റൊന്നു പ്രവര്‍ത്തിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മദ്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുമായി 100 ശതമാനം അകല്‍ച്ചയുണ്ടെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

സഭാംഗങ്ങള്‍ സഭാധികാരികളെ മാനിക്കുന്നെങ്കിലും മദ്യത്തിനെതിരായി പറയുന്നതെല്ലാം അവര്‍ അതേപടി പാലിക്കുന്നില്ല. മത്സ്യതൊഴിലാളികള്‍ സമ്പാദിക്കുന്നതില്‍ 90 ശതമാനം കള്ളുഷാപ്പില്‍ കൊടുക്കുന്നെങ്കില്‍ മദ്യലഭ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് മദ്യഷാപ്പുകള്‍ക്കുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.