കോൺഗ്രസ്സിൻ്റെ ഉന്നം ചീഫ് ജസ്റ്റിസ്

Sunday 1 April 2018 8:54 am IST
"undefined"

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നടത്തുന്ന നീക്കങ്ങള്‍ കൂടുതല്‍ പരസ്യമായി. സിബലിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ നടത്തുന്ന ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ ചീഫ് ജസ്റ്റിസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന അയോധ്യ കേസ് സമാധാനപരമായി അവസാനിക്കുന്നത് നീട്ടിവെയ്ക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ടെന്ന് വ്യക്തം. 

ചീഫ് ജസ്റ്റിസുമായി ഭിന്നതയുള്ള മറ്റു ജസ്റ്റിസുമാരുടെ സഹായവും സിബല്‍ തേടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തിയ ജസ്റ്റിസ് ചെലമേശ്വര്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന കത്തുമായി രംഗത്തെത്തിയത് ഈ നീക്കത്തിന്റെ ഭാഗമായാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും വൃത്തികെട്ട രാഷ്ട്രീയനീക്കം സുപ്രീംകോടതി കേന്ദ്രീകരിച്ച് നടന്നിട്ടില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. സുപ്രീംകോടതിയെ രാഷ്ട്രീയപകപോക്കലിന്റെ കേന്ദ്രമാക്കി തീര്‍ക്കുകയാണ് കോണ്‍ഗ്രസ്. 

തിങ്കളാഴ്ച രാവിലെ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് സംബന്ധിച്ച അന്തിമ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍ എന്നിവരുടെ അടക്കം അമ്പതു പേരുടെ ഒപ്പാണ് ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് ലഭിച്ചത്. രാജ്യസഭയില്‍ അമ്പത് അംഗങ്ങളുടേയും ലോക്‌സഭയില്‍ നൂറ് അംഗങ്ങളുടേയും പിന്തുണയാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് സമര്‍പ്പിക്കാന്‍ ആവശ്യം. അന്വേഷണ സമിതിയെ നിയോഗിച്ച് ഇംപീച്ച്‌മെന്റ് നടപടികള്‍ വേണമോയെന്ന് തീരുമാനിച്ചു വരാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെടുക്കും. ആറുമാസത്തിനകം ദീപക് മിശ്ര വിരമിക്കാനിരിക്കെ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കുന്ന ചില കേസുകളിലെ വിധി അട്ടിമറിക്കുകയാണ് സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ലക്ഷ്യം. 

കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യറിയില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കത്തെഴുതിയ ജസ്റ്റിസ് ചെലമേശ്വറിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ജസ്റ്റിസ് ചെലമേശ്വര്‍ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. 

കര്‍ണാടകയിലെ ജസ്റ്റിസ് കൃഷ്ണഭട്ടിനെതിരായ പരാതിയെപ്പറ്റി വിശദമായി പറയാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ജസ്റ്റിസ് ചെലമേശ്വര്‍ എഴുതിയ കത്തിനെ രാഷ്ട്രീയ നീക്കമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ചീഫ് ജസ്റ്റിസിനെതിരെ വിമത ശബ്ദമുയര്‍ത്തിയ ജസ്റ്റിസ് ചെലമേശ്വര്‍ വിഭാഗത്തിന് പിന്തുണയുമായി കപില്‍ സിബല്‍ ഇന്നലെ വീണ്ടും രംഗത്തെത്തിയതും ഇതിന്റെ ഭാഗമാണ്. 

പ്രാക്ടീസ് ചെയ്യാൻ അനുവദിക്കില്ല

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ മുന്‍കൈ എടുത്തു കൊണ്ടുവരുന്ന ഇംപീച്ച്‌മെന്റ് നീക്കത്തിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന സിബല്‍ അടക്കമുള്ള അഭിഭാഷകരെ കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. ഇംപീച്ച്‌മെന്റില്‍ ഒപ്പിടുന്ന അഭിഭാഷകരായ എംപിമാരെ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നാണ് ബാര്‍ കൗണ്‍സില്‍ വിലക്കിയത്. 

സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് കപില്‍ സിബല്‍ നടത്തുന്നതെന്ന് ബാര്‍ കൗണ്‍സില്‍ യോഗം വിലയിരുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ സിബല്‍ കൊണ്ടുവരുന്ന ഇംപീച്ച്‌മെന്റ് നീക്കം കോടതിക്കെതിരായ രാഷ്ട്രീയ നീക്കമായി കാണുന്നു. സുപ്രീംകോടതിക്ക് നേരേയുള്ള ഭീഷണികള്‍ നോക്കിയിരിക്കാനാവില്ല. സിബലടക്കമുള്ളവരുടെ പ്രാക്ടീസ് തടയാനുള്ള കൗണ്‍സില്‍ തീരുമാനം ഐകകണ്‌ഠ്യേന ആയിരുന്നെന്ന് ജനറല്‍ കൗണ്‍സില്‍ അംഗം ടി.എസ്. അജിത് കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.