നരകമില്ലെന്ന് പോപ്പ് പറഞ്ഞതായി ഇറ്റാലിയൻ പത്രം

Sunday 1 April 2018 5:25 am IST
"undefined"

റോം: നരകമില്ല എന്നു മാര്‍പാപ്പ പ്രസ്താവിച്ചെന്ന റിപ്പോര്‍ട്ട് ക്രൈസ്തവ സഭകളില്‍ ആശങ്ക പടര്‍ത്തി. ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ എവ്ജിനിയോ സ്‌കല്‍ഫാരിക്കു നല്‍കിയ അഭിമുഖത്തിലാണ് പോപ് ഫ്രാന്‍സിസ് നരകമില്ല എന്നു പറഞ്ഞത്. ലാ റിപ്പബ്ലിക്ക എന്ന പത്രത്തില്‍ സ്‌കല്‍ഫാരിയുടെ ഈ അഭിമുഖം പ്രസിദ്ധീകരിച്ചു. 

നരകം ഉണ്ടോ എന്ന ചോദ്യത്തിന് നരകം എന്നൊന്നില്ല, പാപം ചെയ്ത ആത്മാക്കള്‍ അപ്രത്യക്ഷമാവുകയാണ്....എന്നു പോപ് ഫ്രാന്‍സിസ് ഉത്തരം നല്‍കി എന്നാണ് അഭിമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാപം, സ്വര്‍ഗം, നരകം എന്ന ക്രൈസ്തവ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള പോപ്പിന്റെ അഭിപ്രായ പ്രകടനം സഭയെ ഞെട്ടിച്ചു. അഭിമുഖം മാധ്യമപ്രവര്‍ത്തകന്‍ വളച്ചൊടിച്ചു എന്ന വിശദീകരണവുമായി വത്തിക്കാന്‍ ഉടന്‍ രംഗത്തുവന്നു. 

ഉയിര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കാന്‍ കാത്തിരിക്കുന്ന വിശ്വാസികളില്‍ പോപ്പിന്റെ ഈ അഭിപ്രായ പ്രകടനം ആശയക്കുഴപ്പമുണ്ടാക്കി. നോ ഹെല്‍ (നരകമില്ല) എന്ന അഭിപ്രായത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പെരുകി. ചിലര്‍ രസകരമായ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്തു. 

നരകമില്ല എന്നു പോപ്പിനു തോന്നുന്നത് അദ്ദേഹം ട്വിറ്ററില്‍ ആക്ടീവല്ലാത്തതുകൊണ്ടാണ് എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. പറഞ്ഞതു തിരുത്തിയില്ലെങ്കില്‍ നരകമുണ്ടെന്നു പോപ്പിനു മനസ്സിലാവും എന്നു മറ്റൊരാള്‍. ഇങ്ങനെ സോഷ്യല്‍ മീഡിയ നരകത്തിനു പിന്നാലെ പോകുമ്പോള്‍ വത്തിക്കാനില്‍ നിന്ന് പത്രക്കുറിപ്പു വന്നു. പോപ്പ് ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല. ഒരു ചടങ്ങിനിടെ ലേഖകനെ കാണുകയായിരുന്നു. പത്രത്തില്‍ അച്ചടിച്ചു വന്നത് അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞ ചോദ്യവും ഉത്തരവുമാണ്, എന്നാണ് വത്തിക്കാന്റെ വിശദീകരണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.