പ്രിൻസിപ്പാളിനെ അവഹേളിച്ച സംഭവം; മൂന്ന് എസ്എഫ്ഐക്കാർക്ക് സസ്പെൻഷൻ

Sunday 1 April 2018 5:30 am IST

കാസര്‍കോട്: പടന്നക്കാട് നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പലിനെ അവഹേളിച്ച സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഹനീഫ്, എം.പി.പ്രവീണ്‍, രണ്ടാം വര്‍ഷ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥി ശരത് ചന്ദ്രന്‍ എന്നീവരെയാണ് പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

മുഹമ്മദ് ഹനീഫ് എസ്എഫ്‌ഐയുടെ ജില്ലാ കമ്മറ്റിയംഗവും മറ്റു രണ്ടുപേര്‍ സംഘടനയുടെ പ്രവര്‍ത്തകരുമാണ്. അധ്യാപക കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവര്‍ക്കെതിരെ തുടര്‍നടപടി തീരുമാനിക്കും. സംഭവത്തില്‍ പോലീസിനു പരാതിയും നല്‍കും. കോളേജ് മാനേജ്‌മെന്റിന്റെ അടിയന്തര യോഗത്തിലാണു പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനമുണ്ടായത്. വിരമിച്ച പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജയുടെ യാത്രയയപ്പു ദിവസം, പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ എന്നെഴുതിയ പോസ്റ്റര്‍ പതിച്ചതാണു വിവാദമായത്. 

മുപ്പത്തിമൂന്ന് വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന്ന ഡോ. പി.വി. പുഷ്പജയ്ക്കു കഴിഞ്ഞ ദിവസം കോളേജില്‍ യാത്രയപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചു സംഭവം ആഘോഷിച്ചത്. ഒപ്പം കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം' എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വരികള്‍. സംഭവത്തിനു പിന്നില്‍ എസ്എഫ്‌ഐ ആണെന്ന് ഡോ. പുഷ്പജ ആരോപിച്ചിരുന്നു. പ്രിന്‍സിപ്പലായി ചുമതലയേറ്റതു മുതല്‍ വിവിധ കാര്യങ്ങളില്‍ കോളേജിലെ എസ്എഫ്‌ഐയുമായി വിവിധ പ്രശ്‌നങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.