കശ്മീരിൽ 11 ഭീകരരെ സൈന്യം വധിച്ചു

Sunday 1 April 2018 9:53 am IST
"undefined"

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മൂന്നിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 11 ഭീകരരെ സൈന്യം വധിച്ചു. ഒരു ഭീകരനെ പിടികൂടി. സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത്.

അനന്ത്‌നാഗിലും ഷോപ്പിയാന്‍ ജില്ലയിലെ കച്ദുര, ദ്രാഗഡ് ഗ്രാമങ്ങളിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായത്. 

ശനിയാഴ്ച രാത്രി  ആരംഭിച്ച ഏറ്റുമുട്ടല്‍ ഞായറാഴ്ച രാവിലെ വരെ നീണ്ടു. അനന്ത്‌നാഗിലെ ഡയല്‍ഗാമില്‍ ഒരു ഭീകരനെയും ഷോപ്പിയാനിലെ ദ്രാഗഡ്ഡില്‍ ഏഴും കച്ദുരയില്‍ മൂന്നും ഭീകരരെ വീതമാണ് സൈന്യം വധിച്ചത്. ഒരാളെ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും ഡിജിപി എസ്.പി വെയ്ദ് ട്വിറ്ററിലൂടെ അറിയിച്ചു. 

ശനിയാഴ്ച രാത്രി അനന്ത്‌നാഗിലെ പെത് ഡയല്‍ഗാം മേഖലയില്‍ സുരക്ഷാസേന പരിശോധന തുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിവച്ചത്. അതേസമയം ഷോപിയാനിലെ കച്ച്ദുരയില്‍ ഭീകരരുടെ വെടിവയ്പ്പിനിടെ ചില നാട്ടുകാര്‍ വീടുകളില്‍ കുടുങ്ങിയതായും വിവരമുണ്ട്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഷോപിയാനിലെ കച്ദൂരയിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഈ വര്‍ഷം തുടക്കത്തില്‍ ഒളിവില്‍ പോയ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റൗഫ് ഖാന്‍ഡേയും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഒളിവില്‍ പോയ ഇയാള്‍ തോക്കേന്തി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ആഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഏറ്റുമുട്ടല്‍ നടന്നിടത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായും സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പറഞ്ഞു.  ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.