കാർട്ടൂണിസ്റ്റ് നാഥൻ അന്തരിച്ചു

Sunday 1 April 2018 10:25 am IST
"undefined"

കോട്ടയം: നര്‍മ്മത്തില്‍ ചാലിച്ച കാര്‍ട്ടൂണുകളാല്‍ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത 'നാഥന്‍' എന്ന കെ. സോമനാഥന്‍ നായര്‍ (76)വിടവാങ്ങി. കാര്‍ട്ടൂണിനൊപ്പം ഹാസ്യസാഹിത്യം കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. രോഗബാധിതനായി പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അന്തരിച്ചത്. അദ്ദേഹം വരച്ച കാര്‍ട്ടൂണുകളും രചിച്ച നര്‍മ്മലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച് 'ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം ' എന്ന  പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ശനിയാഴ്ച ആശുപത്രിയില്‍ നടന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് രാഷ്ട്രീയമായിരുന്നു നാഥന്റെ കാര്‍ട്ടൂണുകളിലെ പ്രധാന വിഷയം. അക്കാലത്തെ കാര്‍ട്ടൂണുകള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ ഹാസ്യാത്മകമായി മലയാളിയുടെ മുമ്പിലെത്തിക്കാന്‍ നാഥന് കഴിഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനനിരതനായി നില്‍ക്കുന്ന കരുണാകരന്റെ കാര്‍ട്ടൂണ്‍ മലയാളിക്ക് മറക്കാനാവില്ല. നര്‍മ്മവരകള്‍ കൊണ്ട് ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ 1942 ജനുവരി 31ന് ജനിച്ചു.  കാനം സിഎംഎസ് സ്‌കൂള്‍, കോട്ടയം എം.ഡി. സെമിനാരി, വാഴൂര്‍ കുതിരവട്ടം ഹൈസ്‌കൂള്‍, കോട്ടയം സിഎംഎസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1963 മുതല്‍ എച്ച്എംറ്റിയില്‍ ഉദ്യോഗസ്ഥന്‍. 30 വര്‍ഷത്തെ സേവനത്തിന് 1993ല്‍ സ്വയം പിരിഞ്ഞു. 

1965ല്‍ കുങ്കുമം വാരികയില്‍ ആദ്യത്തെ കാര്‍ട്ടൂണ്‍. കേരളത്തിനകത്തും പുറത്തുമായി ഒട്ടു മിക്ക ദിനപ്പത്രങ്ങളിലും വാരികകളിലും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശങ്കേഴ്‌സ് വീക്കിലി, ബ്ലീറ്റ്‌സ്, ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലൂടെ ദേശീയ ശ്രദ്ധനേടി.

കോട്ടയം പള്ളിക്കത്തോട്, മുക്കാലി സാഗരിക (മുഴയനാല്‍) വീട്ടുവളപ്പില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: ഗീത സോമന്‍, മക്കള്‍: കവിത മധു, രഞ്ജിത് സോമന്‍, മരുമക്കള്‍: മധു പുല്യംകണ്ടത്തില്‍, വീണ രഞ്ജിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.