ചോദ്യപേപ്പർ ചോർച്ച; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

Sunday 1 April 2018 10:47 am IST
"undefined"

ന്യൂദല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ ബവാനയിലുള്ള സ്വകാര്യ സിബിഎസ്ഇ സ്‌കൂള്‍ അധ്യാപകരായ രോഹിത്, ഋഷഭ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ കോച്ചിംഗ് സെന്റര്‍ ഉടമ തൗഖീറും അറസ്റ്റിലായിട്ടുണ്ട്. 

പരീക്ഷാദിനം രാവിലെ 9.45ന് തുറക്കേണ്ട ചോദ്യപേപ്പര്‍ സൈറ്റ് രാവിലെ ഒന്‍പതു മണിക്ക് തന്നെ തുറന്ന് പ്രിന്റ് എടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇത് പിന്നീട് വാട്ട്‌സ്ആപ്പ് വഴി കോച്ചിംഗ് സെന്റര്‍ ഉടമയ്ക്ക് എത്തിച്ചു. ഇയാളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വന്‍വിലയ്ക്ക് ചോദ്യങ്ങള്‍ വിറ്റത്. അധ്യാപകരുടേയും കോച്ചിംഗ് സെന്റര്‍ ഉടമയുടേയും അറസ്റ്റുകള്‍ ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍.പി. ഉപാധ്യായയും ജോയിന്റ് കമ്മീഷണര്‍ അലോക് കുമാറും സ്ഥിരീകരിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ദല്‍ഹിയിലെ മൂന്നു പബ്ലിക് സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെയും പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപകരെയും ദല്‍ഹി ക്രൈംബ്രാഞ്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. മാര്‍ച്ച് 26ന് എക്കണോമിക്‌സ് പരീക്ഷ ആരംഭിക്കുന്നതിന് മുന്നെ ബവാനയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അധ്യാപകര്‍ ചോദ്യസൈറ്റ് തുറന്നിരുന്നതായി കണ്ടെത്തി. 

ചോദ്യപേപ്പര്‍ സൂക്ഷിക്കാന്‍ ചുമതലപ്പെട്ട സോനിപ്പത്തിലെ സിബിഎസ്ഇ ജീവനക്കാരന്‍ വഴി ചോദ്യങ്ങള്‍ ചോര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പറുകള്‍ ചോര്‍ന്നതായും പരീക്ഷകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സിബിഎസ്ഇക്ക് കൊറിയര്‍ അയച്ച അധ്യാപകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ചോര്‍ച്ചയെപ്പറ്റി ഇയാള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നാണ് പോലീസ് കരുതുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 53 വിദ്യാര്‍ത്ഥികളെയും ഏഴ് അധ്യാപകരെയും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യങ്ങള്‍ പ്രചരിപ്പിച്ച ആറ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.