ലൗ ഡേല്‍ ഹോംസ്റ്റേ ഇനി മൂന്നാര്‍ വില്ലേജ് ഓഫീസ്

Sunday 1 April 2018 11:26 am IST
പാട്ടക്കരാര്‍ ലംഘിച്ച മൂന്നാര്‍ ലൗ ഡേല്‍ ഹോംസ്റ്റേ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒഴിയാനുള്ള സമയ പരിധി മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് 22 സെന്റ് സ്ഥലവും കെട്ടിടവും ഏറ്റെടുത്തത്
"undefined"

മൂന്നാര്‍: പാട്ടക്കരാര്‍ ലംഘിച്ച മൂന്നാര്‍ ലൗ ഡേല്‍ ഹോംസ്റ്റേ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍  റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒഴിയാനുള്ള സമയ പരിധി മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് 22 സെന്റ് സ്ഥലവും കെട്ടിടവും ഏറ്റെടുത്തത്.

ഇന്നലെ രാവിലെ സ്ഥലത്തെത്തിയ സംഘം മൂന്നാര്‍ വില്ലേജ് ഓഫീസെന്ന ബോര്‍ഡും ഇവിടെ സ്ഥാപിച്ചു. ഡിസ്റ്റിലറിക്കായി നല്‍കിയ ഇടം പാട്ടക്കരാര്‍ ലംഘിച്ച് മറിച്ച് വിറ്റതിനെ തുടര്‍ന്ന് 2006 മുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ നീക്കമുണ്ടായിരുന്നു. 

ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനായിരുന്നു ഈ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്ക് വേഗം കൂട്ടിയത്. പിന്നീടത് അദ്ദേഹത്തിന്റെ സ്ഥാന ചലനത്തിന് വരെ കാരണമായെങ്കിലും ഹൈക്കോടതി വിധി അനുകൂലമാകുകയായിരുന്നു. 

കഴിഞ്ഞ ജൂണ്‍ ആറിന് കോടതി വിധിയെ തുടര്‍ന്ന് സ്ഥലം അളക്കാന്‍ എത്തിയ ദേവികുളം ഓഫീസിലെ സംഘത്തെ രാഷ്ട്രീയ നേതാക്കള്‍ തടഞ്ഞത് ഏറെ വിവാദമായിരുന്നു. സ്ഥലം കൈവശം വച്ചിരിക്കുന്ന മൂന്നാര്‍ സ്വദേശിയും കോണ്‍ഗ്രസ് നേതാവുമായ വി.വി. ജോര്‍ജ,് കെട്ടിടം ഒഴിയണമെന്ന നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ പോകുകയും ഒഴിയുന്നതിനായി ആറുമാസം സമയം വാങ്ങുകയുമായിരുന്നു. ഇത് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. 

ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയമ നടപടി പൂര്‍ത്തിയാക്കി കെട്ടിടം ഏറ്റെടുത്തത്. ദേവികുളം സബ്കളക്ടര്‍ വി.ആര്‍. പ്രേംകുമാറും സ്ഥലത്തെത്തിയിരുന്നു. അടുത്ത ദിവസം മുതല്‍ തന്നെ മൂന്നാര്‍ വില്ലേജ് ഓഫീസ് ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.