വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; എസ്എഫ്‌ഐക്കാര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു

Sunday 1 April 2018 11:54 am IST
"undefined"

കോട്ടയം: പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ 9-ാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസ് നോക്കിനില്‍ക്കേ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ പൂര്‍ണ്ണമായി അടിച്ചുതകര്‍ത്തു. സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ പോലീസ് ഒടുവില്‍ കണ്ണീര്‍വാതക പ്രയോഗം നടത്തിയാണ് സംഘത്തെ ഓടിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. 

 സ്‌കൂളിന്റെ ജനല്‍ ഗ്ലാസുകള്‍ തച്ചുടച്ച സംഘം ക്ലാസിനുള്ളില്‍ കടന്ന് ബഞ്ചും ഡസ്‌കും കമ്പ്യൂട്ടറുകളും തകര്‍ത്തു. അവ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. പാമ്പാടി ടൗണില്‍ നിന്ന് പ്രകടനമായി എത്തിയാണ് എസ്എഫ്‌ഐ സംഘം നിയമം കയ്യിലെടുത്തത്.

  വാഴൂര്‍ പുളിക്കല്‍ കവല പൊടിപാറക്കല്‍ ഈപ്പന്‍ വര്‍ഗ്ഗീസ്-ബിന്ദു ദമ്പതികളുടെ മകന്‍ ബിന്റോ ഈപ്പന്‍ (14) ആണ് ആത്മഹത്യ ചെയ്തത്. പത്താം ക്ലാസില്‍ നൂറ് ശതമാനം വിജയം ഉറപ്പിക്കാന്‍ വേണ്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിന്റോയെ തോല്‍പ്പിച്ചെന്നാണ് ആരോപണം. ഇതില്‍ മനംനൊന്താണ് കുട്ടിയുടെ ആത്മഹത്യയെന്നാണ് പറയുന്നത്.

  കഴിഞ്ഞ ദിവസമാണ് 9-ാം ക്ലാസിലെ പരീക്ഷ കഴിഞ്ഞത്. ഇതിന് ശേഷം സ്‌കൂള്‍ അധികൃതര്‍ ബിന്റോയുടെ മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി കുട്ടി പരീക്ഷയില്‍ പരാജയപ്പെട്ടെന്നും മറ്റ് ഏതെങ്കിലും സ്‌കൂളിലേക്ക് ടിസി വാങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ സമീപപ്രദേശത്തെ പല സ്‌കൂളുകളേയും സമീപിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല. ഇതേത്തുടര്‍ന്ന് നിരാശയിലായ ബിന്റോ കഴിഞ്ഞ ശനിയാഴ്ച വീടിന്റെ കോവണിപ്പടിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. അമ്മ ബിന്ദു അടുക്കളയിലെ ജോലിയിലായിരുന്നു. അച്ഛന്‍ ഈപ്പന്‍ വര്‍ഗ്ഗീസ് പറമ്പില്‍ നിന്ന് അകത്തേക്ക് വന്നപ്പോഴാണ് മകന്‍ തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. ഉടനെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് അച്ഛന്‍ പോലീസില്‍ മൊഴി നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പാമ്പാടി പോലീസ് പറഞ്ഞു. ഈപ്പന്‍ വര്‍ഗ്ഗീസ് വാഴൂര്‍ സ്വാശ്രയ കാര്‍ഷിക വികസന സമിതി സെക്രട്ടറിയാണ്. ബിന്ദു വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ അദ്ധ്യാപികയാണ്. സംസ്‌കാരം നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടന്നു.

    അതേസമയം വിദ്യാര്‍ത്ഥിയെ തോല്‍പിക്കാന്‍ ഒരു തീരുമാനവും എടുത്തില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. അക്രമം നടത്തിയ എസ്എഫ്‌ഐക്കാരെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.