സുധീര്‍ കരമനയില്‍ നിന്നും നോക്കുകൂലി 25000 രൂപ

Sunday 1 April 2018 11:55 am IST
നടന്‍ സുധീര്‍ കരമനയുടെ വീടുപണിക്കെത്തിച്ച സാധനങ്ങള്‍ ഇറക്കുന്നതിനു നോക്കുകൂലി വാങ്ങിയതായി പരാതി. വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് യൂണിയന്‍കാര്‍ ചേര്‍ന്ന് തടയുകയും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നും നടന്‍ പറഞ്ഞു
"undefined"

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയുടെ വീടുപണിക്കെത്തിച്ച സാധനങ്ങള്‍ ഇറക്കുന്നതിനു 25000 നോക്കുകൂലി വാങ്ങി. കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നത് സിഐടിയു- ഐന്‍ടിയുസി യൂണിയന്‍കാര്‍ ചേര്‍ന്ന് തടഞ്ഞു. 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയി. 

ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്റെ പുതിയ വീടു പണി നടക്കുന്ന സ്ഥലത്താണ് സംഭവം. സാധനങ്ങള്‍ ഇറക്കുന്നതിനായി ആദ്യം യൂണിയനുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.  പിന്നീട് 75,000 രൂപ ആവശ്യപ്പെട്ടു. വീട് പണിയുടെ ചുമതലയുണ്ടായിരുന്നവര്‍  തുക നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ യൂണിയന്‍കാര്‍  മോശമായി സംസാരിച്ചുവെന്നും സുധീര്‍ പറഞ്ഞു.

തര്‍ക്കം നീണ്ടതോടെ 25,000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍  പണം വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ യൂണിയന്‍കാര്‍ പോയി. ഇതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കി. ഇവര്‍ക്ക് 16,000 രൂപ മാത്രമാണ് കൊടുത്തത്. സിനിമയുടെ ചിത്രീകരണത്തിനായി താന്‍ തൊടുപുഴയില്‍ ആയിരുന്നപ്പോഴാണ് സംഭവമെന്നും താരം വ്യക്തമാക്കി.

നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും സുധീര്‍ കരമന കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ബിഎംഎസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടില്ലന്ന് ജില്ലാ സെക്രട്ടറി ഗോവിന്ദ് തമ്പി വ്യക്തമാക്കി..മറ്റൊരു സമരവുമായി ബന്ധപ്പെട്ട് ബിഎംഎസ് പ്രവര്‍ത്തകര്‍ ഉപരോധസമരം ഇരിക്കുമ്പോളാണ് സംഭവം. മൂന്നു യൂണിയനുകള്‍ ചേര്‍ന്ന് തടഞ്ഞു എന്നതരത്തില്‍ വാര്‍ത്ത വരുന്നത് തെറ്റിധാരണയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശഖേരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ നോക്കുകൂലി ചോദിച്ചത് വലിയ വാര്‍ത്തയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.