സമാന്തര സര്‍വ്വീസുകളും റോഡുകളുടെ ശോച്യാവസ്ഥയും ബസ് വ്യവസായത്തെ തകര്‍ക്കുന്നു: ബസ് ഉടമകള്‍

Sunday 1 April 2018 1:34 pm IST

 

തലശ്ശേരി: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കു വര്‍ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ബസ് വ്യവസായത്തെ ഒരു പരിധിവരെ ബാധിക്കുന്നുണ്ടെന്ന് തലശ്ശേരി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. റോഡുകള്‍ പൊട്ടപ്പൊളിഞ്ഞതും ഓട്ടോ ടാക്‌സി, ടാക്‌സികള്‍, ജീപ്പുകള്‍ തുടങ്ങിയ സര്‍വ്വീസുകള്‍ ചാര്‍ജ്ജ് കുറച്ച് സ്വകാര്യ ബസുകള്‍ക്ക് മുന്നില്‍ സമാന്തരമായി സര്‍വ്വീസ് നടത്തുന്നത് ബസ് വ്യവസായത്തിന് ഭീഷണിയുയര്‍ത്തുന്നുണ്ട്. 

ഇന്ന് ബസ് യാത്രികാരിലേറെയും വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന ടിക്കറ്റ് ചാര്‍ജ്ജ് തുച്ചമായതുമാണ്. ഒരു കുടുംബത്തില്‍ നിന്നും ബസ് യാത്രചെയ്യുന്നവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. രക്ഷിതാക്കളും ജോലിചെയ്യുന്നവരും ഏറിയപങ്കും കാറുകളെയും ഇരുചക്ര വാഹനങ്ങളേയുമാണ് ആശ്രയിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി പോലുള്ള സര്‍വീസുകള്‍ എന്തു കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര കണ്‍സെഷന്‍ അനുവദിക്കാത്തതെന്നും ബസ് ഉടമകള്‍ ചോദിക്കുന്നു. ബസ് സ്റ്റാന്റ് നിര്‍മ്മാണം അശാസ്ത്രീയത് ബസുകളുടെ പാര്‍ക്കിംഗുകളെ സാരമായി ബാധിക്കുന്നുണ്ട്. പ്രതിവര്‍ഷം 27 ലക്ഷം രൂപയാണ് ബസ് ഉടമകളില്‍ നിന്നായി നികുതി ഇനത്തില്‍ നഗരസഭ പിരിച്ചെടുക്കുന്നത്. 

ബസ് സ്റ്റാന്റ് നവീകരിച്ചത് ബസ് പാര്‍ക്കിംഗ് കൂടി കണക്കിലെടുത്താണ്. എന്നാല്‍ ബസുകള്‍ സ്റ്റാന്റില്‍ പാര്‍ക്കു ചെയ്യാന്‍ നഗരസഭ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മുപ്പത്തിയാറായിരം സ്വകാര്യ ബസുകള്‍ ജില്ലയില്‍ സര്‍വ്വീസ് നടത്തിയിരുന്നുവെങ്കിലും ഇപ്പോഴത് പതിനാലായിരത്തി അഞ്ഞൂറായി കുറഞ്ഞു. ഇത് ബസ് വ്യവസായത്തിലെ പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടുന്നത്. പാട്യം ഗോപാലന്‍ റോഡ് പ്രവര്‍ത്തി ഇതുവരേയും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കാത്തത് ബസ് സര്‍വ്വീസിന് ദോഷം ചെയ്യുന്നുണ്ട്. 

നഗരങ്ങിളിലെ ഗതാഗതക്കുരുക്ക് ബസിന്റെ ട്രിപ്പിനെ ബാധിക്കുന്നുണ്ട്. ബസ് സ്റ്റാന്റുകളില്‍ പ്രവേശിപ്പിക്കുന്ന റോഡുകളില്‍ ഇരു ഭാഗവും ഉന്തു വണ്ടി കച്ചവടക്കാര്‍ കൈയ്യടക്കിയിരിക്കുകയാണ്. തിരക്കേറിയ നഗരത്തില്‍ ഇതും ബസ് സര്‍വ്വീസിനെ ബാധിക്കുന്നുണ്ട്.  കേന്ദ്ര സര്‍ക്കാറിന്റെ നിലവിലെ നിയമം അനുസരിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും ബസിന്റെ സര്‍വീസ് കാലാവധി 20 വര്‍ഷമാണ്. എന്നാല്‍ കേരളത്തില്‍ അത് 15 വര്‍ഷം മാത്രമെയുള്ളൂ. അത് 20 വര്‍ഷമാക്കി വര്‍ധിപ്പിക്കണമെന്നും തലശ്ശേരി ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.വേലായുധന്‍, ജനറല്‍ സെക്രട്ടറി കെ.ഗംഗാധരന്‍, ടി.എം.സുധാകരന്‍, കൊട്ടിയോടി വിശ്വനാഥന്‍, എം.രാഘവന്‍, കെ.കെ.ജിനചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.