മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംആര്‍ഐ സ്‌കാനിങ് സെന്റര്‍ സജ്ജമാകുന്നു

Monday 2 April 2018 2:00 am IST

 

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ആധുനിക എംആര്‍ഐ സ്‌കാനിങ് സെന്റര്‍ സജ്ജമാകുന്നു. അടുത്തമാസം ആദ്യവാരം രോഗികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കും. 15 കോടി രൂപ ചെലവില്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സിമെന്‍സിന്റെ അത്യന്താധുനിക യന്ത്രമാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. 

 നിലവില്‍ പൊതുമേഖലാസ്ഥാപനമായ എച്ച് എല്‍ എല്‍ ഹിന്ദ്ലാബിന്റെ നേതൃത്വത്തിലാണ് എം ആര്‍ ഐ സ്‌കാനിഗ് പ്രവര്‍ത്തിക്കുന്നത്. ഇതിലും ആധുനികമികവോടെയാണ് ആശുപത്രിയില്‍ പൂര്‍ത്തിയാകുന്ന  എംആര്‍ഐക്കുള്ളത്. ശബ്ദക്കുറവ്, സമയലാഭം, പരിശോധനകള്‍ക്കായി രോഗികളെകിടത്തുന്ന ഭാഗത്തിന്റെ വ്യാസക്കൂടുതല്‍ തുടങ്ങിയ പ്രത്യേകതകളാണുള്ളത്. പരിശോധനസമയം കുറയുന്നതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് എളുപ്പത്തില്‍ പരിശോധനഫലം ലഭ്യമാക്കാനാകും.  വൈദ്യുതിബന്ധം നിലച്ചാല്‍ ജനറേറ്റലും ഇതിനുശേഷം ആവശ്യമായിവന്നാല്‍ അരമണിക്കൂര്‍ യുപിഎസ് സംവിധാനത്തിലും യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകും.  

     യന്ത്രം പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രീകൃത ശീതീകരണ സംവിധാനം പൂര്‍ത്തീകരിച്ചു. ഭാവിയില്‍ സിടി സ്‌കാന്‍ പ്രവര്‍ത്തിപ്പിക്കാനാകുംവിധം ഇതിനോട് ചേര്‍ന്ന് ആവശ്യമായ മുറിയും സജ്ജമാക്കിയിട്ടുണ്ട്. ഒപ്പം രോഗികള്‍ക്കും ജീവനക്കാര്‍ക്കുമായി നാല് ശുചിമുറി, രണ്ട് ഡ്രസിംഗ് റൂം, ഇരിപ്പിട സൗകര്യങ്ങള്‍ അടിയന്തരഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലാറം എന്നിവയും സജ്ജീകരിച്ചുവരുന്നു. 

    നിലവില്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കാനിങ് സെന്റര്‍വഴി നിത്യേന 25 ഓളം രോഗികളുടെ പരിശോധനയാണ് ശരാശരി നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തിലുള്ള എം ആര്‍ ഐ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കൂടുതല്‍ രോഗികള്‍ക്ക് ഇത് പ്രയോജനപ്പടും.  ഏപ്രില്‍ അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആശുപത്രിക്ക് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ വി രാംലാല്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.