അഗ്നിശമന സേനയും വലയുന്നു

Monday 2 April 2018 2:00 am IST

 

ആലപ്പുഴ: വേനല്‍ കടുത്തതോടെ വെള്ളം ലഭിക്കാതെ അഗ്നിശമന സേനയും വലയുന്നു. ഫയര്‍ഫോഴ്‌സിന് വെള്ളമെടുക്കാനുള്ള വാട്ടര്‍ ഹൈഡ്രന്റുകള്‍ പ്രധാന സ്ഥലങ്ങളിലെല്ലാം സ്ഥാപിക്കണമെന്ന ഫയര്‍ഫോഴ്‌സ് ആക്ടിലെ നിര്‍ദ്ദേശം നടപ്പാകുന്നില്ല. 

   വാട്ടര്‍ ഹൈഡ്രന്റുകള്‍ വാങ്ങി നല്‍കേണ്ടത് ഫയര്‍ഫോഴ്‌സ് ആണെങ്കിലും ഇവ പൈപ്പ് ലൈനുകളുമായി ബന്ധിപ്പിക്കേണ്ടത് വാട്ടര്‍ അതോറിറ്റിയാണ്. വാട്ടര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. 

  അത്യാഹിതമുണ്ടായാല്‍ വെള്ളം കിട്ടാതെ ഉദ്യോഗസ്ഥര്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരും. ജില്ലയിലെ ഫയര്‍‌സ്റ്റേഷനുകളിലെല്ലാം വെള്ളത്തിന്റെ ലഭ്യത കുറവാണ്. തീ അണയ്ക്കാന്‍ പോകുമ്പോള്‍ ലഭ്യമാകുന്ന വെള്ളം ടാങ്കറുകളില്‍ നിറച്ചുകൊണ്ടുപോരുകയാണ് പതിവ്.

അര കിലോമീറ്റര്‍, ഒരു കിലോമീറ്റര്‍ അകലം പാലിച്ച് വാട്ടര്‍ ഹൈഡ്രന്റ് സ്ഥാപിക്കണമെന്നാണ് ഫയര്‍ഫോഴ്‌സ് ആക്ടില്‍ പറയുന്നത്. പൈപ്പ് പൂട്ടാനും തുറക്കാനുമുള്ള താക്കോല്‍ സൂക്ഷിക്കേണ്ടതും ഹൈഡ്രന്റുകള്‍ പ്രവര്‍ത്തനസജ്ജമാണോ എന്ന് ഇടയ്ക്കിടെ പരിശോധിക്കേണ്ടതും ഫയര്‍ഫോഴ്‌സാണ്.

  ആലപ്പുഴയില്‍ ഫയര്‍ഫോഴ്‌സ് വെള്ളമെടുക്കുന്നത് ഓഫീസിന് മുന്‍ഭാഗത്തുള്ള കനാലില്‍ നിന്നാണ്. വേനല്‍ക്കാലമാകുമ്പോള്‍കനാലിലെ വെള്ളക്കുറവ് പ്രധാന പ്രശ്‌നമാണ്. ചെളികലങ്ങി ദുര്‍ഗന്ധമുള്ള വെള്ളം ടാങ്കറുകളില്‍ നിറക്കേണ്ടിവരുന്നു.

  മഴക്കാലത്ത് സ്റ്റേഷന്‍ വളപ്പിലുള്ള കുളത്തില്‍ ആവശ്യമായ വെള്ളം ലഭിക്കും. എന്നാല്‍ വേനല്‍ക്കാലമെത്തിയാല്‍ ഈ കുളത്തിലും ആവശ്യമായ വെള്ളമില്ല.സ്റ്റേഷനിലെ വലിയ ടാങ്കറില്‍ 7,000 ലിറ്റര്‍ വെള്ളവും മറ്റ് രണ്ട് മൊബൈല്‍ ടാങ്കറുകളില്‍ 4,500 ലിറ്റര്‍ വീതം വെള്ളവും സംഭരിക്കാന്‍ കഴിയും. സ്റ്റേഷനിലെ വാഹനങ്ങളില്‍ 15,000 ലിറ്റര്‍ വെള്ളം സംഭരിക്കാം. 

  സ്റ്റേഷന്‍ വളപ്പില്‍ പല സ്ഥലങ്ങളിലും 20 മീറ്റര്‍വരെ കുഴല്‍കിണര്‍താഴ്ത്തിയെങ്കിലും വെള്ളംകിട്ടിയില്ല. പരമാവധി ഫോഴ്‌സില്‍ പമ്ബു ചെയ്താല്‍ രണ്ടു മിനിറ്റുകൊണ്ട് ഒരു ടാങ്കറിലെ വെള്ളം തീരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.