സംസ്ഥാന സര്‍ക്കാറിന്റെ ചുമട്ട് തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: ബിഎംഎസ്

Sunday 1 April 2018 2:56 pm IST

 

കണ്ണൂര്‍: സംസ്ഥാനത്തെ ഗ്രാമ-നഗരഭേദമന്യേ ചുമടെടുക്കുന്ന ചുമട്ട് തൊഴിലാളികളെ വികസന വിരോധികളെന്നും, സാമൂഹ്യ ദ്രോഹികളെന്നും, മുദ്രകുത്തി പരിഹാസപാത്രമാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത്തരത്തിലുളള സംസ്ഥാന സര്‍ക്കാറിന്റെ ചുമട്ട് തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ബിഎംഎസ് കണ്ണൂര്‍ ജില്ലാ ചുമട്ട് മസ്ദൂര്‍ സംഘം ജനറല്‍ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നിയമസഭയില്‍ അവതരിപ്പിക്കാറുള്ള ബില്ലുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്.

2002 ല്‍ നിയമ സഭയില്‍ അവതരിപ്പിച്ച പിടിച്ചുപറി നിരോധന നിയമം മുതല്‍, 2018 ല്‍ അവതരിപ്പിച്ച നോക്കുകൂലി നിരോധന നിയമവും അവരവരുടെ സാധനങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന ആളുകള്‍ക്ക് കയറ്റിറക്ക് നടത്താം എന്ന ബില്ലും അതാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ചില സംഭവങ്ങളെ പര്‍വ്വതീകരിച്ചുകൊണ്ടാണ് മുഴുവന്‍ തൊഴിലാളികളും പിടിച്ചുപറിക്കാരും സാമൂഹ്യദ്രോഹികളുമാണെന്ന പ്രചരണം അഴിച്ചുവിടുന്നത്.

ഇത്തരം പ്രവര്‍ത്തനത്തിനെതിരെ പ്രതികരിക്കേണ്ട ഭരണ-പ്രതിപക്ഷ കക്ഷികളാല്‍ നിയന്ത്രിക്കപ്പെടുന്ന ട്രേഡ് യുണിയനുകളുടെ മൗനം തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു വ്യവസായം വരുന്ന സമയത്ത് ചുമട്ട് തൊഴിലാളികളുടെ പങ്ക് വെറും 8% മാത്രമാണ്. നിര്‍മ്മാണത്തിനാവശ്യമായി വരുന്ന സാമഗ്രികള്‍ മാത്രമാണ് തൊഴിലാളികള്‍ ഇറക്കുന്നത്. അതുകൊണ്ടാണ് വ്യവസായം വരുന്നതിനെതിരാണ് തൊഴിലാളി എന്ന പ്രചരണം നടത്തുന്നത് തട്ടിപ്പാണെന്ന് പറയുന്നത്. 

ഇത്തരം തൊഴിലാളിദ്രോഹ അജണ്ട പ്രചരണങ്ങളില്‍ ഉണ്ടെന്നുള്ളത് കൊണ്ട് ഇത്തരം നീക്കത്തില്‍നിന്നും ഭാരണാധികാരികള്‍ മാറണമെന്ന് 2018 ഏപ്രില്‍ 1 ന് കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ നടക്കുന്ന കണ്ണൂര്‍ ജില്ലാ ചുമട്ട് മസ്ദൂര്‍ സംഘം ജനറല്‍ബോഡി യോഗം ഈ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ ചുമട്ട് മസ്ദൂര്‍ സംഘം ജില്ലാ സമ്മേളനം കണ്ണൂര്‍ മസ്ദൂര്‍ ഭവനില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിര്‍ മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ശ്രീജിത്ത്, എം ബാലന്‍, എം.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.  ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ സ്വാഗതം പറഞ്ഞു.

ഭാരവാഹികളായി സി.വി.തമ്പാന്‍ (പ്രസിഡണ്ട്), അശോകന്‍ പാനൂര്‍, പി.കെ.ശ്രീകുമാര്‍ ആലത്തൂര്‍, ഗണേശന്‍ പയ്യന്നൂര്‍, (വൈസ് പ്രസിഡണ്ടുമാര്‍), കെ.പി.ജ്യോതിര്‍ മനോജ് (ജനറല്‍ സെക്രട്ടറി), എം.എം.ഗോവിന്ദന്‍ തളിപ്പറമ്പ്, പ്രമോദ് മാഹി, ജയേഷ് ആലക്കോട് (ജോയിന്റ് സെക്രട്ടറിമാര്‍), കെ.രാജന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.