പത്ത് വര്‍ഷം കഴിഞ്ഞിട്ടും ശമ്പളപരിഷ്‌ക്കരണമില്ല മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ സമരത്തിലേക്ക്

Sunday 1 April 2018 2:57 pm IST

 

കണ്ണൂര്‍: പത്തുവര്‍ഷം കഴിഞ്ഞിട്ടും ശമ്പളപരിഷ്‌ക്കരണം നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ 5ന് എല്ലാ യൂനിയനുകളുടെയും സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ ദേവസ്വം കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കുടിശ്ശിക വിതരണം ഉടന്‍ നടത്തണമെന്നടക്കമുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൂടിയാണ് സമരം. 

മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍, തിരുകൊച്ചി ദേവസ്വം ബോര്‍ഡിന് സമാനമാക്കിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവൂ എന്ന് യൂനിയനുകള്‍ പറയുന്നു. ട്രസ്റ്റിമാരുടെ നടപടികള്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രതിവര്‍ഷം ഒരുകോടിയിലധികം വരുമാനമുള്ള സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങള്‍ക്കോ, 75 ലക്ഷത്തിലധികം വരുമാനമുള്ള എ ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കിലും ചെറുകിട ക്ഷേത്രങ്ങളിലെ ആയിരക്കണക്കിന് ജിവനക്കാര്‍ കടുത്ത ദുരിതത്തിലാണ്. ഒമ്പത് വര്‍ഷം മുന്‍പ് നിലവില്‍ വന്ന ശമ്പളപരിഷ്‌കരണ പ്രകാരമുള്ള ശമ്പളം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. 

മലബാര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളക്കുടിശ്ശിക യും നല്‍കിയിരുന്നില്ല. മലബാര്‍ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1356 ക്ഷേത്രങ്ങളില്‍ സി, ഡി ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കാണ് കൂടുതലും കുടിശ്ശിക ലഭിക്കാത്തത്. ക്ഷേത്രത്തിന്റെ വാര്‍ഷിക കണക്കുകള്‍ മാര്‍ച്ച് മാസത്തിന് മുമ്പ് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നിശ്ചിത തുക അനുവദിക്കാനാവൂ. ട്രസ്റ്റിമാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം. 

സ്വന്തമായി ഫണ്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ശമ്പളം ലഭിക്കാത്തതെന്ന് യൂനിയനുകള്‍ കുറ്റപ്പെടുത്തുമ്പോള്‍ ട്രസ്റ്റിമാരുടെ നിരുത്തരവാദമായ സമീപനമാണ് കുടിശ്ശിക നല്‍കാന്‍ തടസ്സമെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ബോര്‍ഡിന് സര്‍ക്കാര്‍ അനുവദിച്ചത് 38.25 കോടിയാണ്.എന്നാല്‍ ലഭിച്ചത് വെറും 11.20 കോടി മാത്രമാണ്.അനുവദിച്ചതിന്റെ 30ശതമാനം മാത്രം. സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ദേവസ്വംബോര്‍ഡിന് അനുവദിച്ച പണം പോലും മുടങ്ങിയത്. യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. 

മലബാറിലെ ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവിലേക്കായി നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ ദിവസം 30 കോടി രൂപ സര്‍ക്കാരില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചെങ്കിലും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ കോടിക്കണക്കിന് രൂപ ലാപ്‌സായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.