കെ.സി.ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണം

Sunday 1 April 2018 2:57 pm IST

 

കണ്ണൂര്‍: കവിയും സിപിഎം വിമര്‍ശകനുമായ കെ.സി.ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണം. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം. കണ്ണൂര്‍ പാറക്കണ്ടിയിലെ വീടിന്റെ സ്വീകരണമുറിയുടെ ജനലിലേക്ക് അജ്ഞാതര്‍ ട്യൂബ് ലൈറ്റ് വലിച്ചെറിയുകയായിരുന്നു. സംഭവസമയത്ത് പുറത്ത് ഇരുചക്ര വാഹനത്തിന്റെ ശബ്ദം കേട്ടതായി ഉമേഷ് ബാബു പറഞ്ഞു. 

ട്യൂബ് ലൈറ്റ് പൊട്ടിച്ചിതറിയെങ്കിലും ജനല്‍ച്ചില്ലു തകര്‍ന്നിട്ടില്ല. ജനല്‍ തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ മന:പൂര്‍വം നടത്തിയ ആക്രമണമാണെന്നതില്‍ സംശയമില്ലെന്ന് ഉമേഷ് ബാബു പറഞ്ഞു. ആരാണതിന് പിന്നിലെന്ന് അറിയില്ല. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ല. എങ്കിലും തനിക്കു നേരെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഷങ്ങളായി നടന്നു വരുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്ന് കരുതുന്നതായും ഉമേഷ് ബാബു പറയുന്നു. ടൗണ്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

 ഒരുകാലത്ത് സിപിഎം സഹയാത്രികനും ദീര്‍ഘകാലം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതാവുമായിരുന്ന ഉമേഷ് ബാബു അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പുരോഗമന കലാസാഹിത്യ സംഘം വിട്ടിരുന്നു. പ്രസംഗങ്ങളിലും ലേഖനങ്ങളിലും സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. സിപിഎം ശക്തികേന്ദ്രമായ വെള്ളൂരില്‍, കഴിഞ്ഞ വര്‍ഷം മേയില്‍ യുക്തിവാദി സംഘത്തിന്റെ സമ്മേളനത്തില്‍ ഉമേഷ് ബാബുവിനെ മുഖ്യപ്രസംഗകനായി നിശ്ചയിച്ച ശേഷം ഒഴിവാക്കിയത് വിവാദമായിരുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.