പണിമുടക്ക് രാഷ്ട്രീയപ്രേരിതം ഫെറ്റോ

Sunday 1 April 2018 2:57 pm IST

 

കണ്ണൂര്‍: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തൊഴില്‍ സംരക്ഷണത്തിലുള്ള താല്‍പര്യമല്ല, തികഞ്ഞ രാഷ്ട്രീയ പ്രേരണ നിറഞ്ഞതാണെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (ഫെറ്റോ) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാര്‍ പ്രസ്താവിച്ചു.

രാജീവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിലൂടെയാണ് കഴിഞ്ഞ 33 വര്‍ഷമായി നിയമന നിരോധന നിയമം രാജ്യത്ത് നില്‍നില്‍ക്കുന്നത്. ഇതേത്തുടര്‍ന്നാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താതെ പരിഹാരമായി കരാര്‍ തൊഴിലാളികളെ നിയമിച്ച് തുടങ്ങിയത്. എന്നാല്‍ ഈ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നിലപാടിന് അറുതി വരുത്തുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളെന്ന് വിനോദ് കുമാര്‍ പറഞ്ഞു.

സ്ഥിരനിയമനങ്ങള്‍ക്ക് നല്‍കുന്ന അതേ വേതനം കരാര്‍ തൊഴിലാളികള്‍ക്കും നല്‍കുക, കരാര്‍ തൊഴിലാളികളെ പിരിച്ചുവിടണമെങ്കില്‍ രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കി അധികൃതരെ തൊഴിലുടമ സാഹചര്യം ബോധ്യപ്പെടുത്തുക, അല്ലാത്തപക്ഷം നോട്ടീസ് നിലനില്‍ക്കുന്നതല്ല, ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷം വേണമെന്ന നിബന്ധന ഒഴിവാക്കി, സേവന കാലാവധി നോക്കാതെ മുഴുവന്‍ കരാര്‍ തൊഴിലാളി കള്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഉണ്ടാക്കി, ഗ്രാറ്റുവിറ്റി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി, പ്രസവ കാലാവധി 12 ല്‍ നിന്ന് 26 ആഴ്ചയാക്കി, നോട്ടീസ് ലഭിച്ച് 45 ദിവസത്തിനകം തൊഴില്‍ ഉടമകള്‍ നിര്‍ബന്ധമായും ലേബര്‍ ആഫീസര്‍ മുമ്പാകെ ഹാജരായിരിക്കണം; അല്ലാത്തപക്ഷം ഉടമ നിയമ നടപടിക്ക് വിധേയമാകും തുടങ്ങിയ ഭേദഗതികള്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഗുണകരവും സുരക്ഷിതത്വവും ഉള്ളതുമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും തള്ളിക്കളഞ്ഞ പണിമുടക്ക് കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. രാഷ്ട്രീയപ്രേരിതവും തൊഴിലാളി ദ്രോഹവുമായ പണിമുടക്ക് തള്ളിക്കളയണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.