വിജിലന്‍സിന് വിലക്ക് വീണു വില്ലേജാഫീസുകളിലെ പരിശോധന നിലച്ചു

Monday 2 April 2018 2:00 am IST
വിജിലന്‍സിന് മൂക്കുകയര്‍ വീണതോടെ വില്ലേജാഫീസുകളില്‍ അഴിമതിക്കാരെ കണ്ടെത്താനുള്ള പരിശോധന നിലച്ചു.

 

കോട്ടയം: വിജിലന്‍സിന് മൂക്കുകയര്‍ വീണതോടെ വില്ലേജാഫീസുകളില്‍  അഴിമതിക്കാരെ കണ്ടെത്താനുള്ള പരിശോധന നിലച്ചു.  

കോഴീക്കോട് ചെമ്പനാട് വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് വിജിലന്‍സിന്റെ  മിന്നല്‍ പരിശോധനയ്ക്ക് രൂപം നല്‍കിയത്. അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്പിക്കാതെ വച്ചു താമസിപ്പിക്കുന്നതായും ഇതിന്റെ മറവില്‍ അഴിമതി നടക്കുന്നതായും റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന വില്ലേജ് ഓഫീസുകളില്‍ അടിക്കടി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇടതുപക്ഷ യൂണിയനുകളുടെ  ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിജിലന്‍സിന് മൂക്ക് കയര്‍ വീണിരിക്കുകയാണ്. വിജിലന്‍സ് പരിശോധനയിലൂടെ ജീവനക്കാരെ പൊതുജന മദ്ധ്യത്തില്‍ മോശക്കാരായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. 

വില്ലേജാഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ഒരു അപേക്ഷ  ലഭിച്ച്  മൂന്ന് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് റവന്യു മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആദ്യം ഇക്കാര്യങ്ങള്‍ കൃത്യമായി നടന്നു. അപേക്ഷകള്‍ സമയബന്ധിതമായി തീരുമാനമെടുത്ത ഉദ്യോഗസ്ഥര്‍ വീണ്ടും പഴയ പടിയായി. ഭൂമി പേരില്‍ കൂട്ടാനും കരം അടയ്ക്കാനും വരുമാന സര്‍ട്ടിഫിക്കറ്റിനും വില്ലേജാഫീസുകള്‍ കയറിയിറങ്ങുകയാണ് സാധാരണക്കാര്‍. അതേ സമയം വില്ലേജാഫീസര്‍മാര്‍ക്ക് താങ്ങാവുന്നതില്‍ അധികമാണ് ജോലിഭാരമെന്നാണ് യൂണിയനുകള്‍ പറയുന്നത്. അതേ സമയം വിജിലന്‍സിനെ നിര്‍ജീവമാക്കി നിര്‍ത്തുന്നതിന്റെ ഭാഗമാണ് പരിശോധന അവസാനിപ്പിച്ചതെന്നാണ് ആക്ഷേപം. കോട്ടയം ജില്ലയിലും വില്ലേജാഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തുകയും തീര്‍പ്പാകാതെ കിടന്ന നൂറുകണക്കിന് അപേക്ഷകള്‍ കണ്ടെത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വകുപ്പ് മേലാധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. അഴിമതിക്കെതിരെ വിജിലന്‍സിന്റെ നേതൃത്വത്തില്‍ തുടങ്ങിയ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വി്ങ്ങിന്റെ പ്രവര്‍ത്തനവും  നിര്‍ത്തി. മൊബൈല്‍ ആപ്പ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.