ജഡ്ജിയമ്മാവന്‍ കോവിലില്‍ ഭക്തജനത്തിരക്കേറി

Monday 2 April 2018 2:00 am IST
ചെറുവളളി ദേവീക്ഷേത്ര സങ്കേതത്തിലുളള ജഡ്ജിയമ്മാവന്റെ നടയില്‍ നീതി തേടിയെത്തുന്നവരുടെ തിരക്കേറി.

 

ചെറുവള്ളി: ചെറുവളളി ദേവീക്ഷേത്ര സങ്കേതത്തിലുളള  ജഡ്ജിയമ്മാവന്റെ നടയില്‍ നീതി തേടിയെത്തുന്നവരുടെ തിരക്കേറി. 

നിരപരാധികളായ ഭക്തരുടെ മനശ്ശാന്തി നഷ്ടപ്പെടുത്തുന്ന കേസുകളില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന സത്യത്തിനു സാക്ഷിയായ സങ്കേതമാണ് ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ എന്നാണു വിശ്വാസം. ചെറുവള്ളി ദേവീക്ഷത്രോത്സവത്തോടനുബന്ധിച്ച് വന്‍ ഭക്തജനത്തിരക്കായിരുന്നു ഇവിടെ അനുഭവപ്പെട്ടത്. 

ജാതിമതഭേദമെന്യേ ഇവിടെ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു വഴിപാട് നടത്താറുണ്ട്. അത്താഴപൂജ കഴിഞ്ഞ് എല്ലാ നടകളും അടച്ച ശേഷമേ ജഡ്ജിയമ്മാവന്റെ നട തുറക്കൂ. അട നിവേദ്യമാണ് പ്രധാന വഴിപാട്. ഈ അട ഭക്തര്‍ക്കു തന്നെ പ്രസാദമായി തിരികെ നല്‍കും. ചെറുവള്ളിലമ്മയെ തൊഴുത് പ്രാര്‍ത്ഥിച്ച് വഴിപാട് കഴിച്ച ശേഷം മാത്രമേ ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് പാടുള്ളൂ എന്നാണ് വിശ്വാസം.  

ശ്രീ കാര്‍ത്തിക തിരുനാള്‍വേണാട് ഭരിച്ചിരുന്ന കാലത്താണ് ജഡ്ജിയമ്മാവന്റെ ചരിത്രസംഭവം നടന്നത്. ചികിത്സാ വിധികളില്‍ പ്രഗല്ഭനായിരുന്ന കൊട്ടാരം വൈദ്യന്‍ ഗോവിന്ദന്‍ മേനോന്‍ ചെമ്പകരാമനോടു വേണാട് അരചനു പ്രത്യേക കമ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവരിലൊരാളായ ഗോവിന്ദപ്പിളളയെ ജഡ്ജിയായി നിയമിച്ചു. സത്യസന്ധമായും നീതിനിഷ്ഠയോടെയും കര്‍ത്തവ്യം നിറവേറ്റിയിരുന്നു. 

തെറ്റിദ്ധാരണയുടെ പേരില്‍ സ്വന്തം അനന്തരവനെ അദ്ദേഹം വധശിക്ഷയ്ക്ക് വിധിച്ചു. അനന്തരവന്‍ നിരപരാധിയാണെന്ന് പറഞ്ഞപ്പോള്‍ സ്വന്തം വധശിക്ഷ നടപ്പാക്കാന്‍ അദ്ദേഹം രാജാവിനോട് അഭ്യര്‍ത്ഥിച്ചു. നിങ്ങള്‍  സ്വയം ശിക്ഷ വിധിക്കാന്‍ രാജാവും പറഞ്ഞു. 

നീതി ശാസ്ത്രത്തിന്റെ കലവറയായ താങ്കള്‍ക്ക് എന്തായാലും നടത്തിത്തരാമെന്ന് രാജാവും പറഞ്ഞു. എന്നെ മരിക്കും വരെ തൂക്കിലിടണമെന്നു ജഡ്ജി പറഞ്ഞു.  അതിനു മുന്‍പു കാലുകള്‍ മുറിച്ചുമാറ്റണം. ജഡം മൂന്നു ദിവസം തൂക്കിലിട്ട ശേഷം സംസ്‌കരിച്ചാല്‍ മതി. എന്റെ ദേശമായ തലവടിയിലെ കിഴക്കേ അതിര്‍ത്തിയിലെ മുകളടി പുരയിടത്തില്‍ വച്ച് ശിക്ഷ നടപ്പിലാക്കണം. 

ദുര്‍മരണം നടന്ന ജഡ്ജിയുടെ ആത്മാവ് മോക്ഷം ലഭിക്കാതെ അലയുകയും അനര്‍ഥങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. പിന്നീട് ദേവപ്രശ്‌നവിധി പ്രകാരം കുടുംബ ദേവതയായ ചെറുവളളിയമ്മയുടെ സന്നിധിയില്‍ കുടിയിരുത്തി. അങ്ങനെയാണ് ഇപ്പോള്‍ ചെറുവളളിയില്‍ കാണുന്ന ജഡ്ജിയമ്മാന്റെ പ്രതിഷ്ഠ ഉണ്ടായത് എന്നാണ് ഐതിഹ്യം. 

പ്രമുഖ വ്യക്തികള്‍ പലരും അന്നു മുതല്‍ ക്ഷേത്രത്തിലെത്തി തന്നോടു സത്യം പറയുന്ന വാദിയോ പ്രതിയോ ആരുമായിക്കൊളളട്ടെ സത്യ ആരുടെ  വശത്താണെന്നു മനസ്സിലായാല്‍  ജഡ്ജിയമ്മാവന്‍ സഹായിക്കും എന്നാണു വിശ്വാസം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.