സാക്ഷാത്കാരവും അനുഭൂതിയും

Monday 2 April 2018 2:12 am IST

തൈത്തിരീയോപനിഷത്ത്-35

ആകാശത്തെ ബ്രഹ്മമായി ഉപാസിക്കല്‍ തുടരുന്നു-

തന്മഹ ഇത്യുപാസീത മഹാന്‍ഭവതി 

തന്മന ഇത്യുപാസീത-

മാനവന്‍ ഭവതി തന്നമ്മ 

ഇത്യുപാസീത നമ്യന്തേളസ്‌മൈകാമാഃ

പരിമര ഇത്യുപാസീത പര്യേണം മ്രിയന്തേദ്വിഷന്ത

സപന്താ പരിയേളപ്രിയാഭ്രാതൃവ്യാഃ

അതിനെ മഹത്വഗുണമുള്ളതായി ഉപാസിക്കണം, മഹാനായിത്തീരും. അതിനെ മനസ്സായി ഉപാസിക്കണം. മാനമുള്ളവനാകും അല്ലെങ്കില്‍ സമര്‍ത്ഥനാകും. അതിനെ നമന ഗുണമുള്ളതായി ഉപാസിച്ചാല്‍ കാമങ്ങള്‍ എല്ലാം നേടും. അതിനെ ബ്രഹ്മത്തിന്റെ പരിമമായി  അഥവാ സംഹാരം സാധനമായി ഉപാസിക്കുന്നു. ഇയാളെ ദ്വേഷിക്കുന്ന ശത്രുക്കള്‍ മരിച്ചുപോകും. ഇദ്ദേഹത്തിന് അപ്രിയരായ സഹോദര മക്കള്‍ ഉള്‍പ്പടെയുള്ള എതിരാളികളെല്ലാം മരണമടയും.

ആകാശത്തെ ഏറ്റവും ശ്രേഷ്ഠമായ  ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ ബ്രഹ്മത്തിന്റെ ഗുണമുള്ളവനാകും. ബ്രഹ്മത്തിന്റെ പരിമരമായി ആകാശത്തെ ഉപാസിക്കുന്നവരുടെ ശത്രുക്കള്‍ ഇല്ലാതാകും.  അങ്ങോട്ട് ആരേയും ദ്വേഷിച്ചില്ലെങ്കിലും ഇങ്ങോട്ട് ആര്‍ക്കെങ്കിലും വിദ്വേഷം വച്ചുപുലര്‍ത്തുന്നവരെയാണ് ശത്രുക്കള്‍ എന്ന് പറഞ്ഞത്. ഇദ്ദേഹത്തിന്റെ എതിരാളികളെല്ലാം നശിച്ചുപോകും ഈ ഉപാസനയിലൂടെ. വായുവിനെയും പരിമരമായി പറയാറുണ്ട്. വായു ആകാശത്തില്‍നിന്ന് വേറെയല്ല. എന്നാല്‍ വായു സ്വരൂപമായ ആകാശത്തെ പരിപരമായി ഉപാസിക്കണം.

പ്രാണവാ അന്നം...... എന്നു തുടങ്ങി ആകാശം വരെയുള്ള കാര്യത്തിന് മാത്രമേ അന്നമെന്നും അന്നാദമെന്നും പറഞ്ഞത്. ഇതില്‍ മാത്രമേ കഴിക്കുന്നതും കഴിക്കുന്നവനും എന്ന നിലയില്‍ സംസാരത്തെ പറഞ്ഞത്. ആത്മാവില്‍ സംസാരമില്ല. ഭ്രാന്തികൊണ്ടാണ് ആത്മാവില്‍ സംസാരമുണ്ടെന്ന്  തോന്നുന്നത്. ശ്രുതികൊണ്ടും വ്യക്തികൊണ്ടും ആത്മാവ് അസംസാരിയെന്ന് ഉറപ്പാക്കാം. ജീവനും ഈശ്വരനും  ഒന്നായതിനാല്‍ ആത്മാവിന് സുഖദുഃഖരൂപമായ സംസാരമുണ്ടെന്ന് പറയാന്‍ സാധിക്കില്ല.

ആത്മാവും ഈശ്വരനും ഒന്നാണെന്ന് പറഞ്ഞത് എങ്ങനെയാണ്.

സ യശ്ചായം പുരുഷേ യശ്ചാസ്യവിദിത്യേ സ ഏകഃ

പുരുഷനില്‍ ഉള്ളതാരാണോ അയാളും ആദിത്യനില്‍ ഉള്ളതാരാണോ അയാളും ഒന്നുതന്നെ. പുരുഷനിലെ ചൈതന്യവും ആദിത്യനിലെ ചൈതന്യവും ഒന്നുതന്നെയാകുന്നു. രണ്ടിലേയും ആത്മാവ് ഒന്നുതന്നെയെന്ന് പറഞ്ഞത് ജീവനുള്ള ഈശ്വരനും ഒന്നുതന്നെയെന്ന് അറിയാന്‍ വേണ്ടിയാണ്.

സ യ ഏവംവിത് അസമാല്ലോകാത് പ്രേത്യ ഏതമന്നമായ

മാത്മാനമുപസാക്രമ്യ ഏതംപ്രാണമയമാത്മാനമുപാസംക്രമ്യഏതം മസേമയമാത്മാനമുപസംക്രമ്യ ഏതം വിജ്ഞാനമയമാത്മാനമുപസംക്രമ്യ ഏതമാനന്ദമയമാത്മാനമുപസംക്രമ്യ ഏതാ ഇമാന്‍ ലോകാന്‍

കാമാണീ കാമരൂപ്യനസഞ്ചരന്‍ ഏതത്സ്യമഗായന്നാസ്‌തേ

ഇപ്രകാരമറിയുന്നയാള്‍ ഈ ലോകത്തില്‍നിന്ന് വിട്ട് അന്നമയ ആത്മാവിനേയും പ്രാണമയ, മനോമയ, വിജ്ഞാനവും ആനന്ദമയ ആത്മാവിനെയും മറികടന്ന് ഇഷ്ടംപോലെ അന്നമുള്ളവനായും ഇഷ്ടമുള്ള  രൂപത്തോടുകൂടിയവനായും ഈ ലോകങ്ങളില്‍ സഞ്ചരിച്ച് സാമഗാനം ചെയ്യുന്നു.

നേരത്തെ പറഞ്ഞ തത്വങ്ങളെ സാക്ഷാത്കരിച്ചയാള്‍ക്ക് അന്നമയാദി കോശങ്ങളില്‍ ആത്മത്വഭ്രമം ഉണ്ടാവുകയില്ല. പുരുഷനിലും ആദിത്യനിലും ഒരേ ആത്മാവിനെ അയാള്‍ കാണുന്നു. ഈ ഏകത്വം മൂലം സര്‍വാത്മഭാവം ഉണ്ടാകും. ഇത് സാക്ഷാത്കരിച്ചതിന്റെ ആനന്ദത്താല്‍ അയാള്‍ സാമഗാനം ചെയ്യുന്നു. സാമം എന്നാല്‍ സമത്തെ സംബന്ധിച്ചത്. സമം എന്നാല്‍ ബ്രഹ്മം. എല്ലാം ബ്രഹ്മമെന്ന് വെളിപ്പെടുത്തുന്നതാണ് സാമഗാനം.

എങ്ങനെയാണ് സാമത്തെ ഗാനം ചെയ്യുന്നതെന്ന് പറയുന്നു:-

ഹാ...വു! ഹാ...വൂ!! ഹാ...വൂ!!! അഹമന്നമഹമന്ന

മഹമന്നം അഹമന്നദോ...ഹമന്നാദോ....ഹമന്നാദ

അഹം ശ്ലോകകൃദഹം ശ്ലോകകൃദഹം ശ്ലോകകൃത്. അഹമസ്മിപ്രഥമജാ ഋതാസ്യ....പൂര്‍വം ദേവേഭ്യോ അമൃതസ്യന്യനാഭാ

അത്യാശ്ചര്യം! അത്യാശ്ചര്യം!! അത്യാശ്ചര്യം!!! ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നമാകുന്നു. ഞാന്‍ അന്നത്തെ കഴിക്കുന്നവനാകുന്നു. ഞാന്‍ അന്നത്തെ കഴിക്കുന്നവനാകുന്നു. ഞാന്‍ അന്നത്തിന്റെയും അന്നാദന്റെയും സംഘാതത്തെ അഥവാ ശ്ലോകത്തെ ചെയ്യുന്നവനാകുന്നു. ഞാന്‍ ശ്ലോകകൃത്താകുന്നു. ഞാന്‍ ശ്ലോകകൃത്താകുന്നു. ഞാന്‍ ദേവന്മാര്‍ക്ക് മുമ്പുള്ളവനും ഋതാ എന്ന സംസാരത്തിനും മുമ്പുണ്ടായവനും അമൃതത്തിന്റെ നാഭിയും ആകുന്നു.

ഹാവൂ എന്നത് അത്യന്ത അദ്ഭുതത്തെ കാണിക്കുന്നു. ഇത് ചൊല്ലുമ്പോള്‍ സാമമന്ത്രത്തിന്റെ എല്ലാ മനോഹാരിതയും പ്രകടമാകും, ഒപ്പം ആശ്ചര്യത്തിന്റെയും. മൂന്നുതവണ എല്ലാം പറഞ്ഞത് ഈ അത്യദ്ഭുതത്തെ വിവരിക്കാനാണ്. എല്ലാ ജീവികളുടെയും അമൃതത്വം ഇരിക്കുന്നത് എന്നിലാണ്. ഞാന്‍ അമൃതത്വത്തിന്റെ നാഭി അഥവാ മധ്യമാണ്. 

യോ മാ ദദാതി സ ഇദേവം മാ... വാഃ അഹമന്നമദ

എമാ....ദ്മി അഹം വിശ്വം ഭുവനമഭ്യഭവാ....മ്

ആര് എന്നെ ദാനം ചെയ്യുന്നുവോ ഇതിനാല്‍ എന്നെ രക്ഷിക്കുന്നു. അതിഥിയ്ക്ക് കൊടുക്കാതെ കഴിക്കുന്നവനെ അന്നം തന്നെയായ ഞാന്‍ കഴിക്കുന്നു. ഞാന്‍ ഈ ലോകം മുഴുവനും ഈശ്വരരൂപത്തില്‍ കീഴടക്കി ജയിക്കുന്നു, ഉപസംഹരിക്കുന്നു. 

ഞാന്‍ അന്നമായതിനാല്‍ വേണ്ടവര്‍ക്ക് അന്നം നല്‍കുന്നവര്‍ എന്നെത്തന്നെയാണ് സംരക്ഷിക്കുന്നത്. ആര്‍ക്കും കൊടുക്കാതെ തനിയെ കഴിക്കുന്നവരെ അന്നമായ ഞാന്‍ കഴിക്കും. ബ്രഹ്മസാക്ഷാത്കാരം നേടിയ ജ്ഞാനിയുടെ അനുഭൂതിയാണ് ഇവിടെ സാമമായി ഗാനം ചെയ്യുന്നത്. പ്ലുതം എന്ന രീതിയിലാണ് ഹാ.....വു എന്നൊക്കെ നീട്ടിച്ചൊല്ലുന്നത്. തന്റെ ആനന്ദാനുഭൂതിയെ കാണിക്കാനാണ് ആവര്‍ത്തിച്ചുപറയുന്നത്.

സുവര്‍ണജ്യോതിയെ ഏവം വേദ ഇത്യുപനിഷത്ത്

എന്റെ ജ്യോതിസ്സ് ആദിത്യനെപ്പോലെയാകുന്നു. ആരാണോ ഇപ്രകാരം അറിയുന്നത് അയാള്‍ക്ക് ഭൃഗു തപസ്സ് ചെയ്ത് നേടിയതുപോലുള്ള ഫലം ലഭിക്കും. ഇതാണ് പരമാത്മജ്ഞാനമാകുന്ന രഹസ്യവിദ്യയായ ഉപനിഷത്ത്.

ബ്രഹ്മത്തെ ഇവിടെ വിവരിച്ചപോലെ വേണ്ടതരത്തില്‍ അറിയുന്നയാള്‍ക്ക് സൂര്യനെപ്പോലെയുള്ള തേജസ്സ് ഉണ്ടാകും. ആത്മസാക്ഷാത്കാരം നേടിയ ആളുടെ ജ്ഞാനപ്രകാശത്തെയാണ് ഇവിടെ പറഞ്ഞത്. താന്‍ ആ പ്രകാശസ്വരൂപന്‍ തന്നെയായിത്തീരും. തന്നില്‍തന്നെയാണ് ഈ ലോകം ഉണ്ടാവുന്നതും നിലനില്‍ക്കുന്നതും ലയിക്കുന്നതും എന്ന് സാക്ഷാത്കാരം ലഭിച്ചയാള്‍ക്ക് അനുഭൂതിയാകുന്നു. ആ ഗാഥയെ പാടിക്കൊണ്ട് തൈത്തിരീയോപനിഷത്ത് അവസാനിച്ചു.

സഹനാവവതു..... എന്ന ശാന്തിമന്ത്രം തന്നെ ഉപനിഷത്തിന്റെ അവസാനവും ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.