കാക്കി ചുവക്കുന്നു; പോലീസില്‍ 315 സിപിഎം ബ്രാഞ്ചുകള്‍

Monday 2 April 2018 4:55 am IST
റൂറലില്‍ ഡിവൈഎസ്പി പരിധിയിലാണ് ബ്രാഞ്ച് പ്രവര്‍ത്തനം. സിറ്റിയില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ അധികാരപരിധി കണക്കാക്കിയും. എആര്‍, എസ്എപി ക്യാമ്പുകളിലും ആളുകളുടെ എണ്ണംഅനുസരിച്ച് മൂന്നോളം ബ്രാഞ്ചുകള്‍ വീതം പ്രവര്‍ത്തിക്കുന്നു.
"undefined"

കോഴിക്കോട്: സംസ്ഥാന പോലീസ് സേനയില്‍ സിപിഎമ്മിന് 315 ബ്രാഞ്ചുകള്‍. ബ്രാഞ്ച് അംഗങ്ങളായുള്ളത് 12,600 ഓളം പോലീസ് ഉദ്യോഗസ്ഥര്‍. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഡിവൈഎസ്പിവരെ ബ്രാഞ്ചിലെ അംഗങ്ങള്‍. കമ്മറ്റികള്‍ കൂടുന്നത് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച്. ലെവി ഇനത്തില്‍ ഇവര്‍ വര്‍ഷാവര്‍ഷം പാര്‍ട്ടിക്ക് നല്‍കുന്നത് ആറ് കോടി 68 ലക്ഷം രൂപ. പ്രവര്‍ത്തനം  നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട്.

റൂറലില്‍ ഡിവൈഎസ്പി പരിധിയിലാണ് ബ്രാഞ്ച് പ്രവര്‍ത്തനം. സിറ്റിയില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ അധികാരപരിധി കണക്കാക്കിയും. എആര്‍, എസ്എപി ക്യാമ്പുകളിലും ആളുകളുടെ എണ്ണംഅനുസരിച്ച് മൂന്നോളം ബ്രാഞ്ചുകള്‍ വീതം പ്രവര്‍ത്തിക്കുന്നു. ഓരോ ബ്രാഞ്ചിലും 20 അംഗങ്ങള്‍ കൂടാതെ  10 വീതം കാന്‍ഡിഡേറ്റ് അംഗങ്ങളും ഗ്രൂപ്പ് അംഗങ്ങളും ഉണ്ട്. ഓരോ അംഗവും ലെവി(പാര്‍ട്ടിക്ക് വര്‍ഷം തോറും നല്‍കേണ്ട തുക) 5300 രൂപ വീതം നല്‍കണം. ഇതിന് രസീതോ കണക്കുകളോ ഇല്ല. 

റൂറല്‍, സിറ്റി എന്നിങ്ങനെയുള്ള ഇരുപത്തൊന്ന് പോലീസ് ജില്ലകളിലും ലോക്കല്‍കമ്മറ്റിയും പ്രവര്‍ത്തിക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന് പ്രത്യേകം ലോക്കല്‍ കമ്മറ്റിയും. ഇതില്‍ നിന്നെല്ലാമുള്ള കടുത്ത സിപിഎം അനുഭാവികളെ ഉള്‍പ്പെടുത്തി സംസ്ഥാന ഫ്രാക്ഷനും പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്കല്‍കമ്മറ്റികള്‍ നിരീക്ഷിക്കുന്നതിന് സിപിഎം ജില്ലാസെക്രട്ടേറിയേറ്റ് അംഗത്തിന് പാര്‍ട്ടി ചുമതലയും നല്‍കിയിട്ടുണ്ട്. ഇവരുടെ നേതൃത്തത്തില്‍ പാര്‍ട്ടി ജില്ലാകമ്മറ്റി ഓഫീസുകളിലാണ് ലോക്കല്‍കമ്മറ്റികള്‍ ചേരുന്നത്. 

ജോലിവേണോ... കത്ത് വേണം.....

ഡ്യൂട്ടി അറേഞ്ച്‌മെന്റ് മുതല്‍ പ്രമോഷനും അച്ചടക്ക നടപടികളും വരെ തീരുമാനിക്കുന്നത് പോലീസിലെ ബ്രാഞ്ച് കമ്മറ്റികളാണ്. പോലീസ് ബ്രാഞ്ചിന്റെയോ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെയോ കത്ത് ലോക്കല്‍കമ്മറ്റി വഴി എകെജി സെന്ററില്‍ പരിശോധിക്കും. അതിനു ശേഷമേ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കൂ. അങ്ങനെ ഉള്ള ലിസ്റ്റ് മാത്രമേ പ്രൊമേഷനും ജോലിഭാരമില്ലാത്ത ഡ്യൂട്ടികള്‍ക്കും സ്ഥലംമാറ്റത്തിനും പരിഗണിക്കൂ. ബ്രാഞ്ച് അംഗങ്ങള്‍ക്കാകും മുന്‍ഗണന.

സിവില്‍ പോലീസ് ഓഫീസറായുള്ള ഒരാള്‍ക്ക് പിഎസ്‌സിയുടെ എസ്‌ഐ ടെസ്റ്റ് എഴുതി ജയിക്കണമെങ്കിലും പോലീസ് ബ്രാഞ്ച് കനിയണം. ബ്രാഞ്ചും ലോക്കല്‍കമ്മറ്റിയും നല്‍കുന്ന ലിസ്റ്റ് പരിശോധിച്ച് ഉറപ്പ് വരുത്തുന്നവര്‍ മാത്രമാകും അഭിമുഖത്തില്‍ പാസാകുക. ഇതിന് സിപിഎമ്മിന്റെ പിഎസ്‌സി അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തെരെഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട്  ചെയ്യുന്നത് പോലും ബ്രാഞ്ച് കമ്മറ്റിയുടെ നിരീക്ഷണത്തിലാണ്. പോസ്റ്റല്‍ ബാലറ്റ് വാങ്ങിക്കുന്നതും അറ്റസ്റ്റ് ചെയ്ത് വോട്ട് രേഖപ്പെടുത്തുന്നതുമെല്ലാം ബ്രാഞ്ച് തന്നെ. സ്‌പെഷ്യല്‍ ബ്രാഞ്ച് മുതലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ വരെ നിയന്ത്രിക്കുന്നത് പോലീസ് ലോക്കല്‍കമ്മറ്റിയാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെടുന്നതും പോലീസ് സേനയിലെ ബ്രാഞ്ച് അംഗങ്ങള്‍തന്നെ. പാര്‍ട്ടി പരിശോധനയില്ലാതെ  കടന്നുകൂടിയ രണ്ട് പേരെ അടുത്തിടെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. ലവി നല്‍കുന്നതിന് രസീത് ആവശ്യപ്പെട്ട തലസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന്‍ ആറുമാസമായി സസ്‌പെന്‍ഷനിലാണ്.

പച്ചവെളിച്ചം മിന്നുന്നു

പോലീസ് സേനയില്‍ മത സംഘടനകള്‍ നുഴഞ്ഞുകയറുന്നുവെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. പക്ഷെ,  മലപ്പുറം എംഎസ്പി ക്യാമ്പിലെ 'പച്ചവെളിച്ചം' വാട്‌സ് ആപ് ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്. മുസ്ലീം സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ വാട്‌സ് ആപ് ഗ്രൂപ്പിനെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലാണ് സേന. ഹിന്ദുത്വപ്രവര്‍ത്തനം എന്ന് പറഞ്ഞ് 'തത്വമസി' വാട്‌സാപ്പ് ഗ്രൂപ്പിനെതിരെ നടപടി സ്വീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.