ചൈനീസ് അതിര്‍ത്തിയില്‍ ബ്രഹ്മോസ് വിന്യസിച്ചു

Sunday 1 April 2018 8:44 pm IST
പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനിക യൂണിറ്റുകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് കിഴക്കന്‍ അതിര്‍ത്തിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നത്. പാക്-ചൈനീസ് അതിര്‍ത്തികളില്‍ ഒരേ സമയം യുദ്ധസജ്ജമാക്കി സൈന്യത്തെ നിലനിര്‍ത്തുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.
"undefined"

ന്യൂദല്‍ഹി/കിബിതു(അരുണാചല്‍): ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലുകളും ബോഫോഴ്‌സ് പീരങ്കികളും വിന്യസിച്ച് ചൈനയുടെ അതിര്‍ത്തിയില്‍ ഇന്ത്യ സൈനികസാന്നിധ്യം സജീവമാക്കി. ലഡാക്ക് മുതല്‍ അരുണാചല്‍ വരെ നീളുന്ന നാലായിരം കിലോമീറ്റര്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനിക യൂണിറ്റുകളെ മാറ്റിത്തുടങ്ങിയെന്ന് അതിര്‍ത്തി സന്ദര്‍ശിച്ച മാധ്യമസംഘത്തോട് കരസേന വെളിപ്പെടുത്തി. 

കഴിഞ്ഞ ജൂണില്‍ 73 ദിവസം നീണ്ടുനിന്ന ദോക്‌ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്ന നടപടികള്‍ വേഗത്തിലാക്കിയത്. ലഡാക്ക് മുതല്‍ അരുണാചല്‍ വരെ 4,057 കിലോമീറ്ററാണ് ചൈനീസ് അതിര്‍ത്തി. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനിക യൂണിറ്റുകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് കിഴക്കന്‍ അതിര്‍ത്തിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നത്. പാക്-ചൈനീസ് അതിര്‍ത്തികളില്‍ ഒരേ സമയം യുദ്ധസജ്ജമാക്കി സൈന്യത്തെ നിലനിര്‍ത്തുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. 

ദിമാപൂരിലെ മൂന്നാം കോറിനും തേസ്പൂരിലെ നാലാം കോറിനും കീഴിലുള്ള പന്ത്രണ്ടായിരം സൈനികര്‍ വീതമുള്ള നാല് ഇന്‍ഫന്ററി മൗണ്ടന്‍ ഡിവിഷനുകളെയാണ് അരുണാചല്‍ പ്രദേശിന്റെ സംരക്ഷണത്തിന് വേണ്ടി മാത്രം വിന്യസിച്ചിരിക്കുന്നത്. തെക്കന്‍ തിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശവാദമുന്നയിക്കുന്ന തവാങ്ങിലാണ് ഈ ഡിവിഷനുകളെ വിന്യസിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. തിബറ്റിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കാന്‍ തവാങ്ങ് കേന്ദ്രീകരിച്ചുള്ള തന്ത്രത്തിന് കഴിയും. 

ഇതിന് പുറമേയാണ് ചൈനീസ് അതിര്‍ത്തികള്‍ ലക്ഷ്യമിട്ട് പുതുതായി രൂപീകരിക്കുന്ന 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിന്റെ സാന്നിധ്യം. 2021-22ല്‍ പൂര്‍ണ്ണസജ്ജമാകുന്ന കോറില്‍ 90,274 സൈനികരാണുണ്ടാവുക. ബംഗാളിലെ പനഗഡിലാണ് 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോറിന്റെ ആസ്ഥാനം. 

അതിര്‍ത്തി ലംഘന സ്വഭാവമുള്ള 426 നീക്കങ്ങളാണ് ചൈനീസ് സൈന്യം 2017ല്‍ നടത്തിയത്. മുന്‍വര്‍-ഷത്തെ 273 ശ്രമങ്ങളെ അപേക്ഷിച്ച് ചൈനീസ് കടന്നുകയറ്റം ഏറുന്നതാണ് ഇന്ത്യയുടെ പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.