ഷിയുടെ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുമോ?

Monday 2 April 2018 2:30 am IST
അധികാരം കയ്യാളുന്നവര്‍ ശക്തരാണെങ്കില്‍ രാഷ്ട്രവും ശക്തമായിരിക്കും എന്നതാണ് ഷിയുടെ ആപ്തവാക്യം. എന്നാല്‍ ഈയിടെ അമേരിക്കയുമായുണ്ടായ വ്യാപാരതര്‍ക്കത്തിന്റെ അന്തരഫലം എന്തായിരിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഷിയുടെ സാമ്രാജ്യത്വസ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.
"undefined"

രാഷ്ട്രീയ എതിരാളികള്‍ക്ക് സേ്വച്ഛാധിപതി, ഫാസിസ്റ്റ് എന്നൊക്കെയുള്ള മുദ്രകള്‍ ചാര്‍ത്തിക്കൊടുക്കുന്നതില്‍ ബദ്ധശ്രദ്ധരായ ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ പക്ഷേ, ചൈനയില്‍ അടുത്തിടെ അരങ്ങേറിയ ചില സംഭവവികാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ താല്‍പര്യത്തെ മറന്ന് ചൈനയേയും അവിടുത്തെ ഭരണാധികാരികളേയും മഹത്വവല്‍ക്കരിക്കുന്ന പാരമ്പര്യമുള്ള ഇടതു പാര്‍ട്ടികള്‍, ചൈനീസ് പ്രസിഡന്റായ ഷി ജിന്‍ പിങ്ങിനെ അധികാര ദുരുപയോഗത്തിലൂടെ ആജീവനാന്ത ഭരണാധികാരിയായി വാഴിച്ചതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. തങ്ങളുടെ ഏകാധിപത്യവിരോധവും ഫാസിസ്റ്റ് വിരോധവുമൊക്കെ തുറന്നുകാട്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് അവസരവാദപരമായ ഈ മൗനം.

മാവോ സേതൂങ്ങിനുശേഷം ജീവിച്ചിരിക്കെ ഭരണഘടനയില്‍ തന്റെ ആശയങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കഴിഞ്ഞയാളായി ഷി ജിന്‍ പിങ് മാറിയിരിക്കുന്നു.  ഇതാണ് ബെയ്ജിങ്ങില്‍ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം കോണ്‍ഗ്രസ്സിന്റെ ഏറ്റവും വലിയ ഫലം. സ്വന്തം പേര് ഭരണഘടനയില്‍ ജീവിച്ചിരിക്കേ എഴുതിച്ചേര്‍ക്കാന്‍ ഡെങ് സിയാവോ പിങ്ങിനുപോലും സാധിച്ചിരുന്നില്ല. ''ചൈനയുടെ അവസ്ഥയിലുള്ള കമ്യൂണിസം; പുതുയുഗത്തില്‍'' എന്ന ഷിയുടെ പേരിലുള്ള ആശയങ്ങള്‍ ചൈനയുടെ ഔദ്യോഗിക നയമായി മാറിയിരിക്കുന്നു. 64 കാരനായ ഷി 2022 വരെ ചൈനയെ  നയിക്കുമെന്ന കാര്യത്തില്‍ ആ രാജ്യത്തെ നിരീക്ഷിക്കുന്നവര്‍ക്ക് വലിയ സംശയമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഷിയുടെ പുതിയ അധികാരലബ്ധിയെ കാണേണ്ടത്.

ജനസംഖ്യ 140 കോടിക്ക് അടുത്തുവരുന്ന കമ്യൂണിസ്റ്റ് ചൈന 2021-ല്‍ ഔദ്യോഗിക പാര്‍ട്ടിയുടെ രൂപവല്‍ക്കരണത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.  കമ്യൂണിസ്റ്റ് വിപ്ലവം ചൈനയില്‍ നടന്നതിന്റെയും 100-ാം വാര്‍ഷികം 2049-ല്‍ ആഘോഷിക്കുകയാണ്. 

ഷിയുടെ ഭരണത്തിന്‍കീഴില്‍ ചൈന കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുകയായിരുന്നു. പതിമൂന്ന് ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ചൈനയില്‍ അഴിമതിയുടെ പേരില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കിയത്. അഴിമതിവിരുദ്ധ ഏജന്‍സിയെ രാജ്യത്തെ അധികാര കേന്ദ്രങ്ങൡല്‍ പ്രധാന സ്ഥാനത്തുതന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു 2012 മുതല്‍ പാര്‍ട്ടിയേയും രാജ്യത്തേയും നയിക്കുന്ന ഷി. സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഡിസിപ്ലിന്‍ ഇന്‍സ്‌പെക്ഷന്‍ (സിസിഡിഐ) എന്ന സ്ഥാപനത്തെ രാജ്യത്തെ പരമോന്നത പദവിയിലൊന്നിലേക്ക്  ഉയര്‍ത്തിയിരിക്കുകയാണ്. സമര്‍ത്ഥനായ ഒരു ഭരണാധികാരി എന്നതിനെക്കാള്‍ നിഷ്ഠുരനായ ഏകാധിപതിയാണ് ഷി എന്ന സത്യത്തിനാണ് ഇവയൊക്കെ അടിവരയിടുന്നത്.

2287 പ്രതിനിധികളാണ് 'മഹത്തായ ഹാളില്‍' ചേര്‍ന്ന 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റി (പിബിഎസ്‌സി)യിലെ ഏഴംഗങ്ങള്‍, പൊളിറ്റ് ബ്യൂറോയിലെ 25 അംഗങ്ങള്‍, കേന്ദ്രകമ്മിറ്റിയിലെ 400 അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുകയായിരുന്നു സമ്മേളനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. എഴുപത് ശതമാനം കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ് ഷി. 204 അംഗ കേന്ദ്ര കമ്മിറ്റിയേയും 172 അംഗങ്ങളുള്ള സമാന്തര കേന്ദ്രസമിതിയേയുമാണ് 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ഷിയുടെ സ്വപ്‌നപദ്ധതിയില്‍ ഒബിഒആര്‍, ബിആര്‍ഐ എന്നിവയും ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാന്‍ സാധിച്ചു എന്നത് നേട്ടങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഒബിഒആര്‍ പദ്ധതിയില്‍ ലോകാധിപത്യത്തിന് ശ്രമിക്കുന്ന ചൈനയെ കാണാം.

അമേരിക്കയ്ക്കുശേഷം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈന ഇന്ന് ഭൂഖണ്ഡങ്ങള്‍ മറികടന്ന് ആദ്യമായി വിദേശത്ത് പ്രതിരോധ സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുകയാണ് - ജിബൂട്ടിയില്‍. ഇന്ത്യയെ  വരിഞ്ഞുമുറുക്കുക എന്ന നയത്തിന്റെ ഭാഗമായി ശ്രീലങ്കയിലെ ഹമ്പന്തോട്ടയിലും പാക്കിസ്ഥാനിലെ ഗ്വാഡറിലും തുറമുഖ പദ്ധതി എന്ന വ്യാജേന പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുകയാണ്.

മാവോയ്ക്കും ഡെങ്ങിനും ശേഷം പരമോന്നത നേതാവ് (കോര്‍ ലീഡര്‍) എന്ന പദവിയിലേക്കുയര്‍ന്ന് 'ചെയര്‍മാന്‍' എന്ന സ്ഥാനപ്പേര് വൈകാതെ ഷി സ്വീകരിച്ചാലും അദ്ഭുതപ്പെടാനില്ല. 2022 വരെ പാര്‍ട്ടിജനറല്‍ സെക്രട്ടറി പദവിയും ചൈനീസ് പ്രസിഡന്റ് പദവിയും ഭദ്രമായി ഷിയില്‍ നിക്ഷിപ്തമായിരുന്നു. ഷിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി ലീ എന്ന 62 കാരനും 2022 വരെ ആ പദവിയിലും പിബിഎസ്‌സിയിലും തുടരാം. ആജീവനാന്ത ഭരണാധികാരി എന്ന പദവി ലഭിച്ചതോടെ ആഗ്രഹിക്കുന്ന കാലത്തോളം ഷി ചൈനയുടെ ചോദ്യം ചെയ്യാനാവാത്ത ഭരണാധികാരിയായി തുടരുമെന്ന് കരുതാം.

പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഷിയുടെ മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന പ്രസംഗത്തില്‍ ചൈനയുടെ സൂപ്പര്‍ പവര്‍, ഗ്രേറ്റ് പവര്‍ എന്ന പദവി 26 തവണയാണ് ഊന്നിപ്പറഞ്ഞത്. ഒരു രാഷ്ട്രം, രണ്ട് സംവിധാനം എന്ന രീതിയില്‍ പോവുന്ന ഹോങ്കോങ്, തായ്‌വാന്‍ എന്നിവിടങ്ങളിലെ വിരുദ്ധ ശബ്ദങ്ങള്‍ നല്ലതിനല്ല എന്ന ശക്തമായ സന്ദേശവും ഷി നല്‍കുകയുണ്ടായി. അവരും മുഖ്യധാരാ ചൈനയുമായി കടലിലെ മീന്‍ എന്നവണ്ണം ഇഴുകിച്ചേരണമത്രേ. 2021-ല്‍ മിതമായ തോതില്‍ സമൃദ്ധമാകുന്ന രാജ്യത്തെ 2048 ആകുമ്പോഴേക്കും ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കുകതന്നെ ചെയ്യുമെന്ന ദൃഢപ്രതിജ്ഞയുമായാണ് 2336 പ്രതിനിധികളും  പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയായ ഗ്രേറ്റ് ഹാളില്‍നിന്ന് പിരിഞ്ഞത്. 

ഷി ജിന്‍ പിങ് തികഞ്ഞ ഏകാധിപതിയായി മരണംവരെ ചൈനയെ നയിക്കുമെന്നുവേണം ഇപ്പോള്‍ വിലയിരുത്താന്‍. അച്ചടക്കം, സദാചാരം, അഴിമതി ചെറുക്കല്‍, സമചിത്തതയുള്ള സൈന്യം എന്നിവയൊക്കെ ലക്ഷ്യമാക്കിയുള്ള ആധുനിക ചൈന എന്നത് ഭരണഘടനാപരമായിത്തന്നെ എഴുതിച്ചേര്‍ത്തിരിക്കുന്നു. ഷിയോടുള്ള ഏതൊരു എതിര്‍പ്പും  ഇനി രാജ്യദ്രോഹപരമായിത്തീരുമെന്നതാണ് മറ്റൊരു വശം.

പ്രതിവര്‍ഷം ഒരുകോടി 50 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചാല്‍ മാത്രമേ തൊഴിലില്ലായ്മയില്‍ നിന്ന് ചൈനയ്ക്ക് മോചനമുള്ളൂ. അതേസമയം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയും ചെയ്യുന്നു. ലോകത്തിന്റെ ഫാക്ടറിയായ ചൈനയ്ക്ക് കൂടുതല്‍ വിദേശ ബന്ധങ്ങള്‍ മതിയായേ തീരൂ. ഉത്തരകൊറിയയുടെ വിദേശവ്യാപാരത്തിന്റെ 90 ശതമാനവും ചൈനയുമായാണ്. ഇത് അമേരിക്കയുടെവരെ ഉറക്കംകെടുത്തുന്നു. അധികാരം കയ്യാളുന്നവര്‍ ശക്തരാണെങ്കില്‍ രാഷ്ട്രവും ശക്തമായിരിക്കും എന്നതാണ് ഷിയുടെ ആപ്തവാക്യം. എന്നാല്‍ ഈയിടെ അമേരിക്കയുമായുണ്ടായ വ്യാപാരതര്‍ക്കത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ഷിയുടെ സാമ്രാജ്യത്വസ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.