ക്യാന്‍സര്‍ രോഗികളെ സര്‍ക്കാര്‍ കൊല്ലാതെ കൊല്ലുന്നു

Monday 2 April 2018 2:35 am IST

മുന്‍സര്‍ക്കാരിന്റെ കാലത്ത് ക്യാന്‍സര്‍, വൃക്കരോഗം പോലെ ഗുരുതരരോഗികള്‍ക്ക് സഹായധനമായി രണ്ടുലക്ഷം മുതല്‍ മൂന്നുലക്ഷം രൂപവരെ നല്‍കിവന്നു. ഇത് കുറെയെങ്കിലും ഒരാശ്വാസമായിരുന്നു. (അനര്‍ഹര്‍ കുറെ കബളിപ്പിച്ചുവാങ്ങിയെങ്കിലും) 'എല്ലാം ശരിയാക്കാനായി' പുതിയ സര്‍ക്കാര്‍ വന്നു. അതോടെ  അര്‍ഹരായവര്‍ക്കുപോലും ഇല്ലാതാക്കി. പുതിയ തീരുമാനപ്രകാരം എത്ര കുറഞ്ഞ തുക വാങ്ങിയവര്‍ക്കുപോലും രണ്ടു വര്‍ഷത്തിനുശേഷം സഹായധനം നല്‍കിയാല്‍ മതിയെന്ന് ബന്ധപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി അറിയാന്‍ കഴിഞ്ഞു. തന്നെയല്ല, 15000 രൂപയില്‍ കൂടുതല്‍ തുക ചികിത്‌സാചെലവായി ഡോക്ടര്‍മാര്‍ എഴുതരുത് എന്ന് പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആലോചിക്കുന്നതായും അറിയാന്‍ കഴിഞ്ഞു. 

ക്യാന്‍സര്‍ ചികിത്‌സയ്ക്ക് പാവപ്പെട്ടവര്‍ കടംവാങ്ങിയും ഉള്ള വസ്തു വിറ്റും പണം ചെലവഴിക്കുമ്പോള്‍, പണവും നഷ്ടപ്പെട്ടും, രോഗിയുമില്ലാതാകുന്നു എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആഴ്ചയില്‍ മൂന്നും നാലും ഡയാലിസിസ് വേണ്ട വൃക്കരോഗികള്‍ക്ക് ചെലവാകുന്ന തുക സ്വകാര്യ ആശുപത്രിക്കും മറ്റും നല്‍കിവന്നിരുന്നതും നിര്‍ത്തലാക്കി. ഇപ്പോള്‍ പാവപ്പെട്ട രോഗികള്‍ കടംവാങ്ങിയും ഭൂമി വിറ്റും തെണ്ടിയും പണമുണ്ടാക്കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഇതൊന്നും കാണാന്‍ കണ്ണില്ലാത്ത, അന്ധത നടിക്കുന്ന സര്‍ക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥവൃന്ദവുമാണ് ഇന്നിന്റെ ശാപം!

മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം-പെന്‍ഷന്‍ വര്‍ധനയും ആറ് ലക്ഷത്തിനുമേല്‍ ആരോഗ്യ ഇന്‍ഷുറന്‍സും കണ്ണട വാങ്ങുവാനും കുടുംബാംഗങ്ങളുടെ ചികിത്‌സക്കുമായി ലക്ഷങ്ങള്‍ നല്‍കി 'എല്ലാം ശരിയാക്കുമ്പോള്‍' പാവപ്പെട്ടവരെ ഇല്ലാതാക്കുവാനല്ലേ ശ്രമിക്കുന്നത്? ശമ്പളവും ഉദ്യോഗസ്ഥ പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതിയും അതിനുമുമ്പും നല്‍കിവരുമ്പോള്‍, പാവപ്പെട്ട വാര്‍ധക്യകാല-വിധവ-വികലാംഗ-കര്‍ഷക-കര്‍ഷകത്തൊഴിലാളി പെന്‍ഷനുകളായ ചെറിയ തുക നാലും അഞ്ചും മാസമായിട്ടും നല്‍കാതിരിക്കുന്നതിനെപ്പറ്റി ചോദിക്കുവാന്‍ ജനപ്രതിനിധികളോ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ പോലും തയ്യാറാകാത്തതില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടു നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെപ്പറ്റി ഇനി ആലോചിക്കേണ്ടിയിരിക്കുന്നു.

'ജന്മഭൂമി'യെങ്കിലും ശക്തമായി പ്രതികരിച്ച്, പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിവന്ന സഹായധനം സമയാസമയങ്ങളില്‍ കൃത്യമായി ലഭ്യമാക്കുവാന്‍ ശ്രദ്ധിക്കുമല്ലോ?

ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ക്ക് സൗജന്യ പരിശോധനയും ചികിത്‌സയും താലൂക്ക് തലങ്ങളില്‍വരെയെങ്കിലും ലഭ്യമാക്കുന്നതുവരെ സ്വകാര്യ ആശുപത്രികളില്‍ ചികിത്‌സിക്കുന്ന മുഴുവന്‍ ചെലവും സര്‍ക്കാര്‍ നല്‍കണം.

സര്‍ക്കാര്‍ മാധ്യമപ്രചാരണത്തിനായി വന്‍തുക ചെലവഴിക്കുന്നു. രണ്ടാം വര്‍ഷ പ്രചാരണത്തിന് 16 കോടി ചെലവഴിക്കാന്‍ തീരുമാനിച്ചു. മാധ്യമപ്രചാരണത്തിന് പ്രതിമാസം 14 ലക്ഷംവച്ച് ചെലവഴിക്കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്ന ധനസഹായവും സാമൂഹ്യ പെന്‍ഷനായി 11 ലക്ഷം പേര്‍ക്കുള്ള തുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനം എടുത്ത് നടപ്പാക്കുവാന്‍ ഇനിയും ആരോടു പറയണമെന്നറിയില്ല.

ജോണ്‍ പുല്ലാട്, 

ലൗ ആന്റ് പീസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, കല്ലാര്‍, ഇടുക്കി

ഇങ്ങനെയുണ്ടോ ഒരു ഗുരുനിന്ദ?

പാലക്കാട് വിക്ടോറിയ കോളേജിന്റെ പ്രിന്‍സിപ്പാള്‍ പ്രൊഫ. സരസുവിന് കഴിഞ്ഞ വര്‍ഷം ജോലിയില്‍ നിന്ന് വിരമിച്ച ദിവസം സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന എസ്എഫ്‌ഐ ചിതയൊരുക്കിയാണ് യാത്രയയപ്പ് നല്‍കിയത്! ഈ വര്‍ഷം കാസര്‍കോട് പടന്നക്കാട് നെഹ്‌റു കോളേജിന്റെ പ്രിന്‍സിപ്പാള്‍ പി.വി. പുഷ്പജയ്ക്ക് യാത്രയയപ്പ് ദിവസം എസ്എഫ്‌ഐ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നു!! കുട്ടികളുടെ മനസ്സില്‍ പ്രിന്‍സിപ്പാള്‍ മരിച്ചു എന്നു പ്രഖ്യാപിച്ചാണ് എസ്എഫ്‌ഐ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. പ്രതീകാത്മക മരണം പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ആഘോഷിച്ചു! എസ്എഫ്‌ഐയുടെ ഇത്തരം ഹീന പ്രവൃത്തികള്‍ കേരളം വളരെ പ്രബുദ്ധമാണ്  എന്ന നമ്മുടെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നു. മാതാപിതാക്കളേയും ഗുരുക്കന്മാരേയും ദൈവത്തിന് മുകളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു നാട്ടില്‍ കമ്യൂണിസം എന്ന കാട്ടാളത്തം കാട്ടിക്കൂട്ടുന്ന സംസ്‌കാര ഹീനമായ താന്തോന്നിത്തങ്ങളെ കേരള സമൂഹം ശക്തിയായി ചെറുക്കേണ്ടതാണ്. ഇത്രയൊക്കെയായിട്ടും കേരളത്തിലെ സമരവീര്യക്കാരായ അദ്ധ്യാപകര്‍ ആരും എസ്എഫ്‌ഐക്കാരുടെ കാപാലികത്വത്തിനെതിരായി 'കമാ'ന്ന് മിണ്ടുന്നില്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഒരദ്ധ്യാപികയ്ക്ക് പട്ടടയൊരുക്കിയവരാണ് ഇത്തവണ മറ്റൊരദ്ധ്യാപികയുടെ മരണം ആഘോഷിച്ചത്. ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി.  ഇത് ഇക്കൂട്ടരുടെ കൃത്യമായ അജണ്ടയുടെ ഭാഗമാണെന്നുവേണം കരുതാന്‍. ഇടതുപക്ഷ രാഷ്ട്രീയക്കാരും അവരുടെ അവാര്‍ഡ് ഭിക്ഷ ലഭിച്ചിട്ടുള്ളവരും, ലഭിക്കാന്‍ കൊതിപൂണ്ടിരിക്കുന്നവരുമായ സാംസ്‌ക്കാരിക നായകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവരും സഖ്യം ചേര്‍ന്ന് ഈ നാടിന്റെ രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌ക്കാരിക രംഗങ്ങളെ മലീമസമാക്കി ജീര്‍ണ്ണിപ്പിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ സിപിഎം നടത്തുന്ന ഗുരുനിന്ദ. ഇതുവരെ ചെയ്തതിനേക്കാള്‍ കൂടുതല്‍ ഹീനമായ പ്രവൃത്തികളാണ് ഇനി വരും നാളുകളില്‍ ഇവരില്‍ നിന്ന് കേരളം പ്രതീക്ഷിക്കേണ്ടത്. 

തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളിലെ അക്രമങ്ങളും      ക്ഷേത്ര ധ്വംസനങ്ങളും ഹിന്ദുമത വിശ്വാസികളേയും ഹൈന്ദവ സംഘടനകളേയും ക്ഷേത്രങ്ങളില്‍നിന്ന് തുരത്തി ആരാധനാലയങ്ങള്‍ പിടിച്ചടക്കി നശിപ്പിക്കുക എന്ന ലക്ഷ്യംവച്ച് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമവും എല്ലാം എന്തിന്റെ ലക്ഷണമാണ് എന്ന് മനസ്സിലാക്കാന്‍ കേരള ജനത പരാജയപ്പെട്ടാല്‍ വന്നേക്കാവുന്ന ഭവിഷ്യത്ത് തികച്ചും അചിന്തനീയം തന്നെ. ഈ നാടിന്റെ സംസ്‌കാരത്തേയും ആചാരങ്ങളെയും ആരാധനാലയങ്ങളെയും ലക്ഷ്യം വയ്ക്കുന്ന കമ്യൂണിസ്റ്റുകാര്‍ അവരുടെ ദൗത്യം നടപ്പാക്കുന്ന രീതികളില്‍ ചിലതാണ് ഗുരുക്കമാര്‍ക്ക് പട്ടടയൊരുക്കുന്നതും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതും മറ്റും. സിപിഎമ്മിന്റെ ഇത്തരം ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മിണ്ടാതിരുന്നാല്‍ മൊത്തം കേരളീയ സമൂഹം അതിന്റെ അലംഭാവത്തിന് വലിയ വില കൊടുക്കേണ്ടി വരും. 

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍,

 

ഏറ്റുമാനൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.