പ്രിന്‍സിപ്പലിന് ആദരാഞ്ജലി: നിയമനടപടികളുമായി നെഹ്‌റു കോളേജ്

Monday 2 April 2018 2:32 am IST

കാഞ്ഞങ്ങാട് (കാസര്‍കോട്): പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ക്യാംപസില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ മാനേജ്‌മെന്റ് നിയമനടപടിക്ക്.

 പ്രിന്‍സിപ്പല്‍ ഡോ. പി. വി. പുഷ്പജയുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസത്തെ സംഭവം. സുവര്‍ണജൂബിലി ആഘോഷിക്കുന്ന കോളേജിന്റെ സല്‍പേരിന് കളങ്കം വരുത്തുന്നതാണ് സംഭവമെന്നും അതിന് പിന്നില്‍ ആരാണെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് കേളേജ് മാനേജര്‍ ഡോ.കെ.വി.വിജയരാഘവന്‍ പറയുന്നത്. പ്രിന്‍സിപ്പലില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. 

മാനേജര്‍ ഉദ്ഘാടകനായ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു സംഭവം. പടക്കം പൊട്ടിക്കുന്ന വീഡിയോയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ആരെന്ന് വ്യക്തമാണ്. 33 വര്‍ഷം കോളേജില്‍ പഠിപ്പിക്കുകയും രണ്ടുവര്‍ഷത്തോളം പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുകയും ചെയ്ത അധ്യാപികയ്ക്ക് യാത്രയയപ്പ് ദിനത്തില്‍ കോളേജില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നത്. 

കോളേജിന്റെ അച്ചടക്കത്തില്‍ ആരോടും വിരോധമോ വിധേയത്വമോ കാട്ടാതെയാണ് പ്രിന്‍സിപ്പല്‍ ചുമതലയിരിക്കെ പ്രിന്‍സിപ്പല്‍ നിലപാടെടുത്തത്. ആ കാലയളലില്‍ കോളേജ് ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നും മാനേജര്‍ വ്യക്തമാക്കി.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മാത്രം പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് കഴിഞ്ഞയാഴ്ച ജെഎന്‍യു മോഡല്‍ ആസാദി മുദ്രാവാക്യം മുഴക്കി പ്രിന്‍സിപ്പലിനെ മണിക്കൂറുകളോളം ഉപരോധിച്ചത്. എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് അനീസ്, മറ്റ് നേതാക്കളായ പ്രവീണ്‍, യു.കെ. ദാമോദരന്‍, ശരത് ചന്ദ്രന്‍ എന്നിവര്‍ക്ക് നിയമ വിരുദ്ധമായി അറ്റന്‍ഡന്‍സ് ലഭിക്കാനായിരുന്നു ഉപരോധം. 

രണ്ട് ദിവസമാണ് പ്രിന്‍സിപ്പലിനെ ക്രൂരമായ രീതിയില്‍ ഒറ്റപ്പെടുത്തി മുദ്രാവാക്യം മുഴക്കി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തത്. ഉപരോധം നടക്കുന്ന വിവരം പ്രിന്‍സിപ്പല്‍ നേരിട്ട് പോലീസില്‍ വിളിച്ച് അറിയിച്ചിട്ടും പോലീസ് വന്ന് നോക്കി പോയതല്ലാതെ ഉപരോധിച്ച വിദ്യാര്‍ത്ഥികളെ നീക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. 

അക്കാദമിക് ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാറുള്ള എ.സി കോണ്‍ഫറന്‍സ് ഹാള്‍ ഏരിയാ സമ്മേളനത്തിനായി വിട്ടു നല്‍കാത്തതും പൂട്ട്തകര്‍ത്ത് യുണിറ്റ് സമ്മേളനം നടത്തിയത് ചോദ്യം ചെയ്തതും കോളേജില്‍ സിസിടിവി സ്ഥാപിച്ചതും എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.