പ്രിന്‍സിപ്പലിനെ അവഹേളിച്ച് എസ്എഫ്‌ഐ വീണ്ടും രംഗത്ത്

Monday 2 April 2018 2:34 am IST

പടന്നക്കാട്(കാസര്‍കോട്): കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിനെ അവഹേളിച്ച സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മറ്റി അംഗത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. സംഘടനയുടെ കോളജ് യൂണിറ്റിന്റെ പേജിലും അധ്യാപികയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കുറിച്ചിരിക്കുന്നത്. 

യാത്രയപ്പ് വേളയില്‍ തന്നെ അവഹേളിക്കാന്‍ നേതൃത്വം നല്‍കിയെന്ന് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജ പറഞ്ഞ അനീസ് മുഹമ്മദാണ് വിദ്യാര്‍ഥികളുടെ നടപടിയില്‍ ഫെയ്‌സ്ബുക്കിലൂടെ സന്തോഷം പ്രകടിപ്പിച്ചത്. 'എന്തുകൊണ്ട് പുഷ്പജ ടീച്ചര്‍' എന്ന തലക്കെട്ടോടെയുള്ള പോസ്റ്റിന്റെ അവസാന ഭാഗത്ത് ടീച്ചര്‍ പിരിഞ്ഞു പോകുമ്പോള്‍ ഇല്ലാത്ത വിഷമം നടിക്കാന്‍ പറ്റില്ലെന്നും, ഉള്ള സന്തോഷം പ്രകടിപ്പിക്കാതിരിക്കാനാവില്ലെന്നും കുറിക്കുന്നു.

സംഘടനയുടെ കോളജ് യൂണിറ്റിന്റെ പേജിലും ഇതേ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആദരാഞ്ജലി പോസ്റ്റര്‍ വിവാദം എസ്എഫ്‌ഐയുടെ നേര്‍ക്ക് തിരിഞ്ഞതോടെ രണ്ടു പോസ്റ്റുകളും പിന്‍വലിച്ചു. പ്രിന്‍സിപ്പലിന്റെ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള കുറ്റപത്രം എസ്എഫ്‌ഐ അംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പടക്കം പൊട്ടിക്കാന്‍ നേതൃത്വം നല്‍കിയ ശരത്ചന്ദ്രനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

 അതേസമയം പ്രിന്‍സിപ്പലിനെ അവഹേളിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ രംഗത്തെത്തി. എസ്എഫ്‌ഐയുടെ പ്രാഥമിക അംഗത്വമുള്ളവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തിരുന്നു. എന്നാല്‍ പടക്കം പൊട്ടിക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാര്‍ഥി എസ്എഫ്‌ഐ അംഗമാണെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാന്‍ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

എസ്എഫ്‌ഐയെ തള്ളിപ്പറഞ്ഞ് എഐവൈഎഫ്

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച എസ്എഫ്‌ഐ നേതാക്കളുടെ നടപടിയെ തള്ളിപ്പറഞ്ഞ് എഐവൈഎഫ് രംഗത്ത്.

 യാത്രയയപ്പുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ട സംഭവങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എഐവൈഎഫ് ജില്ലാ നേതൃത്വം പ്രതികരിച്ചു. അധ്യാപികയില്‍ നിന്ന് പിശകുണ്ടായിട്ടുണ്ടെങ്കില്‍ ജനാധിപത്യ രീതിയിലായിരുന്നു പ്രതികരിക്കേണ്ടിയിരുന്നത്. ഏതെങ്കിലും സംഘടനാ പ്രവര്‍ത്തകര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ എസ്എഫ്‌ഐ നേതൃത്വം തയ്യാറാകണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.