പണിമുടക്ക്; ലോട്ടറിയില്‍ സര്‍ക്കാരിന് കോടികള്‍ നഷ്ടം

Monday 2 April 2018 2:31 am IST
"undefined"

കൊച്ചി: പൊതു പണിമുടക്കിനെ തുടര്‍ന്ന് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് വന്‍കിട ഏജന്റുമാര്‍ വിട്ടു നിന്നു.  തിങ്കളാഴ്ച നറുക്കെടുക്കുന്ന വിന്‍വിന്‍ ലോട്ടറിയുടെ 90 ശതമാനത്തിലധികം ടിക്കറ്റുകളും ലോട്ടറി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. ഏജന്റുമാരുടെ നടപടി മൂലം സംസ്ഥാന സര്‍ക്കാറിന് 25 കോടിയിലധികം രൂപയാണ് നഷ്ടമുണ്ടാവുക. 

ഒരാഴ്ച മുമ്പ് ടിക്കറ്റ് വിതണം തുടങ്ങിയിരുന്നെങ്കിലും, ഭൂരിഭാഗം ലോട്ടറി ഓഫീസുകളില്‍ നിന്നും വളരെക്കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയിട്ടുള്ളത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 1.08 കോടി ലോട്ടറി ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. പ്രതീക്ഷിച്ചത്ര വില്‍പ്പന നടക്കാത്തതിനാല്‍ നറുക്കെടുപ്പിന്റെ കാര്യവും സംശയത്തിലായി.

 മുന്‍കാലങ്ങളില്‍ പണിമുടക്കോ ഹര്‍ത്താലോ വരികയാണെങ്കില്‍, നിലവില്‍ എടുത്തുകൊണ്ടിരുന്നതിന്റെ 50 ശതമാനം കുറച്ചെങ്കിലും ടിക്കറ്റ് ഏജന്റുമാര്‍ എടുത്തിരുന്നു. എന്നാല്‍, ഇക്കുറി 10 ശതമാനം ടിക്കറ്റു പോലും എടുക്കാന്‍ ആരും തയ്യാറായിട്ടില്ല. സമ്മാനഘടന പരിഷ്‌കരിച്ചപ്പോള്‍, ചെറുസമ്മാനങ്ങളില്‍ കുറവുണ്ടായതും ഏജന്‍സി കമ്മീഷന്‍ വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധവുമാണ് ടിക്കറ്റ് ബഹിഷ്‌കരണത്തിന് ഇക്കുറി വന്‍കിട ഏജന്റുമാരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. 

മുന്‍കാലങ്ങളില്‍ ഒരു ബുക്കിന് 15 രൂപ വരെ വന്‍കിട ഏജന്റുമാര്‍ക്ക് കമ്മീഷന്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ആറു രൂപ വരെ മാത്രമാണ് കമ്മീഷനായി കിട്ടുന്നത്. ഇതുമൂലം വന്‍കിട ഏജന്റുമാര്‍ക്ക് വന്‍നഷ്ടമാണുണ്ടായത്. പണിമുടക്ക് ദിവസത്തെ ടിക്കറ്റ്, വില്‍പ്പനയ്‌ക്കെടുത്താല്‍ വിറ്റുപോകില്ലെന്ന തിരിച്ചറിവാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്.

 എല്ലാ ടിക്കറ്റുകളുടെ വില്‍പ്പന, നറുക്കെടുപ്പ് തീയതിക്ക് ഒരാഴ്ച മുമ്പ് ആരംഭിക്കും. എന്നാല്‍, ടിക്കറ്റിന്റെ ഭൂരിഭാഗവും വില്‍ക്കുന്നത് നറുക്കെടുക്കുന്ന ദിവസത്തിലായിരിക്കും. അതുകൊണ്ടുതന്നെ പണിമുടക്ക് കനത്ത ബാധ്യത വരുത്തി വെക്കുന്നതിനാലാണ് ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് ഏജന്റുമാര്‍ ഒഴിവായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.