ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സുപ്രീംകോടതിയെ സമീപിക്കും

Monday 2 April 2018 2:52 am IST
ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ആരോപണം ഉന്നയിക്കുകയും അത് മാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഹൈക്കോടതി സംസ്ഥാന വിജിലന്‍സ് മുന്‍ മേധാവിക്കെ തിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.
"undefined"

ന്യൂദല്‍ഹി: മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസില്‍ സ്‌റ്റേ നല്‍കരുത് എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി സുപ്രീംകോടതിയെ സമീപിച്ചേക്കും. കോടതിയലക്ഷ്യ നടപടിയുടെ വിശദാംശങ്ങള്‍ ഇന്ന് സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി സുപ്രീംകോടതിയെ ധരിപ്പിക്കും. കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തിയെന്നാണ് ജേക്കബ് തോമസിനെതിരായ പരാതി.

ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ആരോപണം ഉന്നയിക്കുകയും അത്  മാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഹൈക്കോടതി സംസ്ഥാന വിജിലന്‍സ് മുന്‍ മേധാവിക്കെ തിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. കേരളാ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സ്‌റ്റേ ചെയ്യണം എന്ന ആവശ്യം ഇന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ജേക്കബ് തോമസിന്റെ അഭിഭാഷകര്‍ ഉന്നയിക്കുന്നുണ്ട്. കേസ് പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയെ കേസില്‍ ഹാജരാക്കാനാണ് ഹൈക്കോടതി തീരുമാനം.

ജേക്കബ് തോമസിന് എതിരായ കോടതിയലക്ഷ്യ നടപടിയുടെ വിശദാംശങ്ങള്‍ ഗിരി സുപ്രീംകോടതിയെ അറിയിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2018 ഫെബ്രുവരി 26ന് ചീഫ് സെക്രട്ടറി വഴി അയച്ച പരാതിയില്‍ കേരള ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചതും അന്വേഷണം ആവശ്യപ്പെട്ടതും കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന നിലപാടിലാണ് ഹൈക്കോടതി. അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര നിയമത്തില്‍ ജഡ്ജിമാര്‍ക്ക് എതിരായ വെളിപ്പെടുത്തലുകള്‍ക്ക് സംരക്ഷണം ലഭിക്കില്ലെന്നും ഹൈക്കോടതി ജഡ്ജിമാര്‍ പറയുന്നു. ജേക്കബ് തോമസ് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഹൈക്കോടതി ജഡ്ജിമാരെ പരിഹസിക്കുകയാണെന്നും ഹൈക്കോടതിയില്‍ ലഭിച്ച പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജേക്കബ് തോമസിന്റെ നിലപാട് ഹൈക്കോടതിക്ക് കേള്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതിയിലെ കോടതിയലക്ഷ്യ നടപടി സ്‌റ്റേ ചെയ്യരുതെന്നും വി. ഗിരി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടേക്കും. ഇന്ന് കേരള ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ജേക്കബ് തോമസിനോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ജേക്കബ് തോമസ് ഹാജരാകുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.