എസ് 400 മിസൈല്‍ പ്രതിരോധം: ഇന്ത്യ-റഷ്യ കരാര്‍ ഉപരോധപരിധിയില്‍ വരുന്നത് പരിശോധിക്കുമെന്ന് യുഎസ്

Monday 2 April 2018 2:51 am IST
"undefined"

ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ കരുതലോടെ വീക്ഷിക്കുകയാണെന്ന് അമേരിക്ക. റഷ്യയില്‍ നിന്ന് ഈ പ്രതിരോധ സംവിധാനം വാങ്ങുന്നത് അമേരിക്കയുടെ നിയമമനുസരിച്ച് ഉപരോധത്തിന്റെ പരിധിയില്‍ വരുമോ എന്നു പരിശോധിക്കുന്നുണ്ടെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം പറയുന്നുന്നു. നയതന്ത്രരംഗത്ത് അടുത്തിടെയുണ്ടാകാത്ത തരത്തില്‍ അമേരിക്കയ്ക്കും റഷ്യക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കത്തിന് പ്രാധാന്യമേറെയാണ്.

റഷ്യയുമായുള്ള പ്രതിരോധബന്ധം ഒരിക്കലും അമേരിക്കയുമായുള്ള ബന്ധത്തെ അസ്വസ്ഥതപ്പെടുത്തിയിട്ടില്ല എന്ന നിലപാടിലാണ് ഇന്ത്യ. പ്രതിരോധരംഗത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച്, ആയുധങ്ങള്‍ വാങ്ങുന്നകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യക്കുണ്ട്. ഇത് ഒരിക്കലും സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചു മാറ്റിയിട്ടില്ല. 

എസ് 400 വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നത് സംബന്ധിച്ചു കരാറായത് 2016 ഒക്‌ടോബറില്‍. 4.5 ബില്യണ്‍ ഡോളറിന് അഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനായിരുന്നു ധാരണ. എന്നാല്‍ വില സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ കരാറിന് അന്തിമരൂപം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ മോസ്‌കോ സന്ദര്‍ശനത്തില്‍ കരാര്‍ സംബന്ധിച്ച് അന്തിമധാരണയാവും എന്നാണ് കരുതുന്നത്. ഈ വര്‍ഷം തന്നെ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കഴിയുമെന്ന പ്രതീക്ഷയെന്ന് റഷ്യന്‍ സൈന്യത്തിന്റെ സാങ്കേതിക സഹകരണം സംബന്ധിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ വ്‌ളാദിമിര്‍ ഡ്രോഴോവ് പറഞ്ഞു. 

റഷ്യയുമായി പ്രതിരോധ രംഗത്തു സഹകരിക്കുകയോ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുകയോ ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താവുന്ന ചട്ടം ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷമാണ് അമേരിക്കയില്‍ നിയമമായത്. 2017 ഓഗസ്റ്റിലായിരുന്നു ഇത്. ഇന്ത്യ-റഷ്യ മിസൈല്‍ പ്രതിരോധ ഇടപാട് ഈ നിയമത്തിനു കീഴില്‍ വരുമോ എന്നാണ് അമേരിക്ക പരിശോധിക്കുന്നത്. ഇതെക്കുറിച്ച് ഇന്ത്യയുമായി ഇതിനോടകം ചര്‍ച്ച നടത്തിയെന്നാണ് യുഎസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.