ചില്ലറ മേഖലയിലെ വിദേശ നിക്ഷേപം ആപത്ത്‌: കാശ്മീരി ലാല്‍

Wednesday 7 November 2012 9:53 pm IST

കൊച്ചി: ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം എല്ലാ അര്‍ഥത്തിലും നമ്മുടെ നാടിനാപത്താണെന്ന്‌ സ്വദേശിജാഗരണ്‍ മഞ്ച്‌ ദേശീയ സംഘടനാ സെക്രട്ടറി കാശ്മീരിലാല്‍ പറഞ്ഞു. അമേരിക്കയിലടക്കം ലോകരാജ്യങ്ങളില്‍ പലേടത്തും പരാജയപ്പെട്ട മാതൃക നമ്മുടെ തലയില്‍ കെട്ടിവയ്ക്കാനാണ്‌ ശ്രമം. രാജ്യംഭരിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരാകട്ടെ ബാഹ്യവും ആഭ്യന്തരവുമായ സമ്മര്‍ദങ്ങള്‍ക്കടിപ്പെട്ട്‌ ദുരിതം വിലയ്ക്കുവാങ്ങുകയാണ്‌ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജന്മഭൂമിക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില്ലറ വ്യാപാരമേഖലയിലെ ചെറുതും ഇടത്തരവുമായ സംരംഭങ്ങളെയായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഈ നയം ആദ്യം ബാധിക്കുക. തുടര്‍ന്ന്‌ കാലാകാലങ്ങളായി നമ്മുടെ രാജ്യത്ത്‌ കച്ചവടം ചെയ്തുവരുന്ന എല്ലാ വിഭാഗം വ്യാപാരികളും ഈ ദുരന്തത്തിന്‌ ഇരയാകും. ലക്ഷക്കണക്കിന്‌ ആളുകള്‍ തൊഴില്‍രഹിതരാകും. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട്‌ നമ്മുടെ രാജ്യം നേടിയ വളര്‍ച്ച വെറും അഞ്ചുവര്‍ഷം കൊണ്ട്‌ തകര്‍ന്നടിയും. വാള്‍മാര്‍ട്ടിനെ അമേരിക്കന്‍ പൗരന്മാര്‍ സാമ്യപ്പെടുത്തുന്നത്‌ ദാരിദ്ര്യത്തോടാണ്‌. ചില്ലറ വ്യാപാര മേഖലയിലടക്കം വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരിക്കലും ഭാരതത്തിന്‌ യോജിച്ചതല്ലെന്ന്‌ പ്രസിദ്ധസാമ്പത്തികവിദഗ്ധനും നൊബേല്‍ ജേതാവുമായ ജോസഫ്‌ സ്റ്റിഗിലിറ്റ്ജ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ വീണ്ടും തെറ്റുകളിലേക്ക്‌ കൂപ്പുകുത്തുകയാണ്‌. അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങളും ഇവിടെയുള്ള വന്‍കിട കുത്തക കമ്പനികളും സര്‍ക്കാരിനു മേല്‍ ഒരുപോലെ സമ്മര്‍ദം ചെലുത്തി തങ്ങളുടെ വഴിക്കുകൊണ്ടുവരുന്നു. ഇതിലൂടെ തൊഴിലില്ലായ്മ രൂക്ഷമാകും. നിലവില്‍ ചില്ലറ വ്യാപാരമേഖലയില്‍ നമ്മുടെ വിറ്റുവരവ്‌ 40,000 കോടി ഡോളറാണ്‌. നാലുകോടി ആള്‍ക്കാര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നു. വാള്‍മാര്‍ട്ടിന്റെ മാത്രം വിറ്റുവരവ്‌ 42,000 കോടി യുഎസ്‌ ഡോളറാണ്‌. എന്നാല്‍ അവര്‍ തൊഴില്‍ നല്‍കിയിരിക്കുന്നത്‌ കേവലം 21 ലക്ഷം പേര്‍ക്കു മാത്രമാണ്‌. വ്യാപാരികളെയും തൊഴില്‍ മേഖലയെയും മാത്രമല്ല ഇതു ബാധിക്കുന്നത്‌. ഈ നയം നമ്മുടെ പരമ്പരാഗത കൃഷിരീതികളെ മുഴുവന്‍ ബാധിക്കും. ജനങ്ങള്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ കൃഷി ഉപേക്ഷിക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്പില്‍ ഓരോ മിനിട്ടിലും ഒരു കര്‍ഷകന്‍ വീതം കൃഷി ഉപേക്ഷിക്കുന്നു. അമേരിക്കയിലാകട്ടെ ഇപ്പോള്‍ 70,000ത്തോളം കൃഷിക്കാര്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌. 2009ലെ കണക്കനുസരിച്ച്‌ ഫ്രാന്‍സില്‍ മാത്രം 39 ശതമാനം കര്‍ഷകരാണ്‌ കാര്‍ഷികവൃത്തി ഉപേക്ഷിച്ചത്‌. ഈ നയത്തിനെതിരെ യുപിഎ ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനുള്ളില്‍ നിന്നുപോലും എതിര്‍പ്പ്‌ രൂക്ഷമാണ്‌. ഇക്കാര്യത്തില്‍ രാഷ്ട്രീയവ്യത്യാസം മറന്ന്‌ വിവിധ രാഷ്ട്രീയസംഘടനകളടക്കമുള്ളവരോട്‌ തോളോട്‌ തോള്‍ ചേര്‍ന്ന്‌ സമരം ചെയ്യുകയാണ്‌ സ്വദേശിജാഗരണ്‍ മഞ്ച്‌. തൊഴിലാളി സംഘടനകളും നല്ല പിന്തുണയാണ്‌ നല്‍കുന്നത്‌. വിവിധവ്യാപാരി സംഘടനകളും തുടക്കം മുതല്‍ മഞ്ചിനോട്‌ സഹകരിക്കുന്നു. എന്തുവില കൊടുത്തും അന്തിമവിജയം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ മാത്രമല്ല എല്ലാ വിധ കീടനാശിനികളും നിരോധിക്കണമെന്നാണ്‌ ജാഗരണ്‍ മഞ്ച്‌ ആവശ്യപ്പെടുന്നതെന്ന്‌ എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച ചോദ്യത്തിന്‌ അദ്ദേഹം പ്രതികരിച്ചു. ജലാംശം അധികമുള്ള പ്രദേശത്താണ്‌ എന്‍ഡോസള്‍ഫാന്റെ കെടുതികള്‍ വര്‍ധിച്ചിരിക്കുന്നത്‌. മറ്റു സ്ഥലങ്ങളിലും ഇത്‌ അപകടമുണ്ടാക്കുന്നുണ്ട്‌. എന്തായാലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാടാണ്‌ മഞ്ചിന്റേത്‌. ഇതുസംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ നടക്കുന്ന കേസുകളില്‍ ജാഗരണ്‍ മഞ്ചും കക്ഷി ചേര്‍ന്നിട്ടുണ്ട്‌. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളോട്‌ മൃദുസമീപനമാണ്‌ കേന്ദ്രസര്‍ക്കാരിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
എന്‍ഡോസള്‍ഫാന്റെ പരിഷ്കരിച്ച കീടനാശിനി പുറത്തിറങ്ങുമെന്നു കേള്‍ക്കുന്നു. ഇത്‌ അപകടം കുറയ്ക്കുകയല്ല കൂട്ടുകയാണ്‌ ചെയ്യുക. കേരളം, കര്‍ണാടക, പഞ്ചാബ്‌ തുടങ്ങി ജലാംശം അധികമുള്ള സംസ്ഥാനങ്ങളിലാണ്‌ ഇത്‌ കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്‌. അതിനാല്‍ എല്ലാ വിധ കീടനാശിനികളും കൃത്രിമ വളങ്ങളും ഉപേക്ഷിച്ച്‌ നാം ജൈവകൃഷിയിലേക്ക്‌ മടങ്ങുകയാണ്‌ വേണ്ടത്‌. സ്വാമിനാഥന്‍ കൊണ്ടുവന്ന ഹരിതവിപ്ലവും പരാജയമാണെന്ന്‌ തെളിഞ്ഞു. അതിനാല്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണം. പഞ്ചാബില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ അവിടെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂട്ടാനാണ്‌ ഉപകരിച്ചത്‌. രാജസ്ഥാനിലെ ഗംഗാനഗറില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഹോസ്പിറ്റലിലേക്ക്‌ പഞ്ചാബില്‍ നിന്നും ക്യാന്‍സര്‍ രോഗികളുടെ കുത്തൊഴുക്കാണുണ്ടായിരിക്കുന്നത്‌. ഗംഗാനഗറിലേക്കുള്ള തീവണ്ടിയുടെ പേരു പോലും ക്യാന്‍സര്‍ എക്സ്പ്രസ്‌ എന്നാണ്‌ ആള്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്‌. അത്രകണ്ട്‌ അപകടകരമായ അവസ്ഥയിലാണ്‌ നാമിന്ന്‌. അതിനാല്‍ എന്തു ചെയ്തും ജൈവകൃഷിയിലേക്ക്‌ നാം മടങ്ങണം, അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമായും നാലുകാര്യങ്ങളിലാണ്‌ സ്വദേശി ജാഗരണ്‍ മഞ്ച്‌ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്‌. ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം, കാര്‍ഷിക മേഖല, അഴിമതി, മാനവിക വിഷയങ്ങള്‍ എന്നിവയിലാണ്‌ മഞ്ച്‌ കൂടുതലും പ്രവര്‍ത്തിക്കുന്നത്‌. ന്യൂദല്‍ഹിയില്‍ വച്ച്‌ ആഗസ്ത്‌ 22, 23 തീയതികളില്‍ മഞ്ചിന്റെ നേതൃത്വത്തില്‍ ഒരു വലിയ കര്‍ഷക കൂട്ടായ്മ നടന്നു. 124 കാര്‍ഷിക സംഘടനകളെ പ്രതിനിധീകരിച്ച്‌ 19 സംസ്ഥാനങ്ങളില്‍ നിന്നായി 745 കാര്‍ഷിക നേതാക്കള്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. മഞ്ചിന്റെ ദേശീയ സമ്മേളനം നാഗ്പൂരില്‍ ഒക്ടോബര്‍ 4, 5, 6, 7 തീയതികളിലായാണ്‌ നടന്നതെന്നും കാശ്മീരി ലാല്‍ കൂട്ടിച്ചേര്‍ത്തു.
>> പ്രശാന്ത്‌ ആര്യ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.