ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സ്റ്റേ

Monday 2 April 2018 2:48 pm IST
"undefined"

ന്യൂദല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്ക് എതിരെയുളള വിമര്‍ശനമല്ലെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതി നടപടി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീംകോടതി പറഞ്ഞു. കോടതിയലക്ഷ്യ നടപടി ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. കോടതിയലക്ഷ്യ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കും.

ഇതിനിടെ കോടതിയലക്ഷ്യ കേസില്‍ ഡി.ജി.പി ജേക്കബ് തോമസ് കോടതിയില്‍ ഹാജരാകുന്നതിന് ഹൈകോടതി സമയം നീട്ടി നല്‍കി. ജേക്കബ് തോമസ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി ഉത്തരവിട്ടു.

ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം സംബന്ധിച്ച കോടതിയലക്ഷ്യ കേസ് ഹൈകോടതി ഇന്ന് പരിഗണിച്ചപ്പോഴാണ് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ സമയം നീട്ടി നല്‍കണമെന്ന അപേക്ഷ നല്‍കിയത്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ജേക്കബ് തോമസ് ഡല്‍ഹിയിലാണെന്ന് അഭിഭാഷകന്‍ ഹൈകോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

നേരത്തെ, കേന്ദ്ര വിജിലന്‍സ് കമീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈകോടതി ജഡ്ജിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്. എന്നാല്‍, താന്‍ ഹൈകോടതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ചില വസ്തുതകള്‍ വിജിലന്‍സ് കമീഷനെ അറിയിക്കുകയാണ് ചെയ്തതെന്നും ആണ് ജേക്കബ് തോമസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. തന്റെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമായി കാണാനാവില്ലെന്നും ഹൈകോടതി നടപടികള്‍ റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.