സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെച്ചൊല്ലി തര്‍ക്കം; അപേക്ഷകളില്‍ തീര്‍പ്പു വൈകുന്നു

Tuesday 3 April 2018 2:30 am IST

കൊല്ലം: സാമൂഹ്യ സുരക്ഷാ പെന്‍ഷന് യോഗ്യരായവരെ കണ്ടെത്തുന്നതില്‍ സെക്രട്ടറിമാരും പഞ്ചായത്ത് കമ്മറ്റിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നു. പെന്‍ഷന്‍ അനുവദിക്കുന്നതിലെ സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങളാണ് കാരണം. 

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന 42.5 ലക്ഷം പേരും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്ന 10 ലക്ഷത്തോളം പേരും ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇതില്‍ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍  പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് 20 നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 

കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്, അപേക്ഷകന്‍ സര്‍വീസ് പെന്‍ഷണര്‍ ആകരുത്, ആദായ നികുതി നല്‍കുന്ന ആളാകരുത്, കുടുംബത്തിന്റെ പേരില്‍ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്, ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ഒരു പെന്‍ഷന്‍ മാത്രമെ വാങ്ങാവൂ തുടങ്ങിയ  മാനദണ്ഡങ്ങളാണ് പുതിയതായി നിര്‍ദേശിച്ചത്. 

ഈ മാനദണ്ഡങ്ങള്‍ പരിശോധിച്ച് അപേക്ഷകര്‍ അര്‍ഹരാണോയെന്ന് സെക്രട്ടറിയോ സെക്രട്ടറി നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ പരിശോധിക്കണം. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പഞ്ചായത്ത് കമ്മറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം നേടണം. അനര്‍ഹരായവര്‍ പെന്‍ഷന്‍ കൈപ്പറ്റിയാല്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍, സെക്രട്ടറി എന്നിവരില്‍ നിന്ന് തുക ഈടാക്കുമെന്നും ഉത്തരവിലുണ്ട്. 

ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഓരോ പഞ്ചായത്തിലും അനര്‍ഹരായ നിരവധി പെന്‍ഷന്‍കാരെ കണ്ടെത്തി. എന്നാല്‍ ഇവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറല്ല. പ്രദേശികമായി എതിര്‍പ്പുയരുമെന്നതാണ് കാരണം. പല സ്ഥലത്തും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മില്‍ തര്‍ക്കമായതോടെ നിരവധി അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകാത്ത അവസ്ഥയായി. 

വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് ഇറക്കി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചില്ലെങ്കില്‍ അപേക്ഷ പുനരന്വേഷണത്തിന് വിധേയമാക്കണം. 

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍, തദ്ദേശ സ്വയംഭരണ സെക്രട്ടറി, പഞ്ചായത്തിലെ മറ്റൊരു ഗസറ്റഡ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷിക്കേണ്ടത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കാര്യത്തില്‍ തീരുമാനം എടുക്കാനാണ് പുതിയ നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.