ഭൂമി ഇടപാട് കേസ് ഇന്ന് ഹൈക്കോടതിയില്‍; കര്‍ദ്ദിനാളിന് നിര്‍ണ്ണായകം

Tuesday 3 April 2018 2:35 am IST

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. കര്‍ദ്ദിനാളിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായില്ലെങ്കില്‍, ഒപ്പമുണ്ടാകുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിലപാട് കര്‍ദ്ദിനാളിന് നിര്‍ണ്ണായകമായിരിക്കും.

സഭാ വിശ്വാസിയായ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ഡിവിഷന്‍ ബെഞ്ച് ഇടപെട്ട് സ്‌റ്റേ ചെയ്തു. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഭാ വിശ്വാസിയായ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടുന്നില്ലെന്നും കര്‍ദ്ദിനാളിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നുമായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വാദം കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുമെന്ന മുന്നറിയിപ്പും സുപ്രീംകോടതിയുടെ വാക്കുകളിലുണ്ടായിരുന്നു. 

കര്‍ദ്ദിനാളിനെതിരെ പലവട്ടം പോലീസിന് പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയ്യാറായിരുന്നില്ല. കര്‍ദ്ദിനാളിനെതിരായുള്ള പരാതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തിലും മറ്റു വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശ്രമമുണ്ടായി. ഈ സാഹചര്യത്തിലാണ്  ഷൈന്‍ വര്‍ഗീസ് കോടതിയെ സമീപിച്ചത്. കാനോനിക നിയമത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും പോലീസ് വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ വാദം. സുപ്രീംകോടതി കര്‍ദ്ദിനാളിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് നിരീക്ഷിച്ചതിനാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും പോലീസ് അന്വേഷണത്തിന് എതിരായ നിലപാടെടുക്കാന്‍ സാധ്യതയില്ലെന്നാണ് നിയവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിച്ച് കര്‍ദ്ദിനാള്‍ സംസാരിച്ചിരുന്നു. മാധ്യമങ്ങള്‍ കര്‍ദ്ദിനാളിന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന വാദവുമായി പിന്നീട് സഭാധികൃതര്‍ എത്തിയെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല. ഇതും കേസിനെ സ്വാധീനിക്കാനിടയുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജജ് ആലഞ്ചേരി, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് ഭൂമി ഇടപാട് കേസില്‍ പ്രതിസ്ഥാനത്തുള്ളത്. ഭൂമി വില്‍പ്പനയിലൂടെ ഇവര്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും വിശ്വാസികളെ വഞ്ചിച്ചെന്നുമാണ് പരാതി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.