രാഷ്ടീയവത്ക്കരിക്കപ്പെട്ടതില്‍ അമര്‍ഷം പുകയുന്നു; പോലീസ് ഓഫീസേഴ്‌സ് സമ്മേളനം ഇന്ന് മുതല്‍

Tuesday 3 April 2018 3:05 am IST
"undefined"

കോട്ടയം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഇന്ന് കോട്ടയത്ത് തുടങ്ങും. രാഷ്ടീയവത്ക്കരണവും പെരുമാറ്റ രീതികളും മൂലം പൊതുസമൂഹത്തില്‍ അപഹാസ്യരായി നില്‍ക്കുമ്പോളാണ് സമ്മേളനം. സ്റ്റേഷന്‍ ചുമതല എസ്‌ഐമാരില്‍നിന്ന് സിഐമാര്‍ക്ക് നല്‍കാനുള്ള തീരുമാനമെടുത്തപ്പോള്‍ സംഘടനയെ നിശബദ്മാക്കിയ നേതൃത്വം സമ്മേളനത്തില്‍ മറുപടി നല്‍കേണ്ടിവരും. തരംതാഴ്ത്തലിന് ഇരയായ സിഐമാരില്‍ നല്ലൊരുഭാഗവും സമ്മേളനത്തില്‍നിന്ന് വിട്ട് നില്‍ക്കുമെന്നാണ് സൂചന. 

 സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറേണ്ടിവരുന്ന അവസ്ഥയില്‍ സംഘടനയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. എന്നാല്‍ എതിര്‍ശബ്ദങ്ങളെ നിശബ്ദരാക്കി പോലീസിനുള്ളില്‍ സിപിഎമ്മിന്റെ ഫ്രാക്ഷനുകള്‍ അതിവേഗം വളരുകയാണ്. ഇതിനോടപ്പംനിന്ന് പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ നിശബ്ദരായി നില്‍ക്കുകയോ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുള്ള പോംവഴി. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പോലീസ് അസോസിയേഷനും പൂര്‍ണ്ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ്. പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ പൂര്‍ണ്ണമായും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് എല്ലാ പോലീസുകാര്‍ക്കും പെരുമാറ്റ രീതികള്‍ പഠിപ്പിക്കാന്‍ ഡിജിപി എന്തുകൊണ്ട് ഒറ്റരാത്രികൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ടി വന്നുവെന്നത് ചിന്തിക്കണമെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. 

 സിഐമാര്‍ക്ക് സ്റ്റേഷന്‍ചുമതല കൊടുക്കാനുള്ള തീരുമാനം നടപ്പാക്കാതെയിരിക്കാന്‍ സംഘടനാനേതൃത്വം ഫലപ്രദമായി ഇടപ്പെട്ടില്ലെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. രണ്ടും മൂന്നും സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതലയുമായി നടന്നിരുന്നവര്‍ എസ്‌ഐയുടെ തലത്തിലേക്ക് താഴേണ്ടി വന്നതാണ് അവരെ ചൊടിപ്പിക്കുന്നത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനില്‍ ഡിവൈഎസ്പിമാര്‍ അംഗങ്ങള്‍ അല്ലെങ്കിലും അവര്‍ക്കിടെയിലും അമര്‍ഷമുണ്ട്. അവരെ സിഐമാരുടെ സ്ഥാനത്തേക്ക് തരംതാഴ്ത്തിയെന്ന വികാരമാണ് അവര്‍ക്കുള്ളത്.  

കോട്ടയം മാമന്‍മാപ്പിള ഹാളില്‍ ഇന്ന് രാവിലെ 10ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കേരള വികസനത്തില്‍  പോലീസിന്റെ പങ്ക്  എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്  ഉദ്ഘാടനം ചെയ്യും. 4ന് വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. 

5ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് മന്ത്രി എ.സി. മൊയ്തീന്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളന നടപടികള്‍ സമാപിക്കുമെന്ന്  പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.