സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം സ്റ്റുഡിയോ ഉടമകള്‍ പിടിയില്‍; മുഖ്യപ്രതി ഒളിവില്‍ത്തന്നെ

Tuesday 3 April 2018 3:10 am IST

വടകര: വിവാഹ വീഡിയോകളില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളായി പ്രചരിപ്പിച്ച സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി ചെറുകോട്ട് മീത്തല്‍ ദിനേശന്‍ (44), അനുജന്‍ സതീശന്‍ (41) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന ഇവരെ തൊട്ടില്‍പാലം കുണ്ടുതോടിലെ ബന്ധുവീട്ടില്‍ നിന്നാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയതെന്ന് റൂറല്‍ എസ്പി എം.കെ.പുഷ്‌കരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ വിബീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തി.

വടകര പുതിയ ബസ്സ്സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സദയം ഷൂട്ട് ആന്റ് എഡിറ്റ്  എന്ന സ്ഥാപനത്തിലെ ജീവനക്കാരനായകൈവേലി സ്വദേശി  ബിബീഷ്(35) ആണ്  മുഖ്യപ്രതി. വൈക്കിലശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസ് ഏറ്റെടുത്ത് ഏറെ നാളായെങ്കിലും പ്രതികളെ അറസറ്റ് ചെയ്യാത്തതില്‍ വ്യപക പ്രതിഷേധം ഉയര്‍ന്നിരുന്നു.  പോലീസ് കേസ് ഗൗരവത്തോടെ എടുത്തില്ലെന്ന പരാതിയും ശക്തമാണ്. ഇതുവരെ നാലുപേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 

വിവാഹവേളകളിലെടുത്ത  വീഡിയോകളാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. കല്യാണവീഡിയോകളില്‍ നിന്നും കൂടുതല്‍ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതായി സംശയമുണ്ട്.പ്രദേശവാസികളില്‍ ആശങ്ക പടര്‍ന്നതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയതോടെ കക്ഷി-രാഷ്ട്രീയ ഭേദമന്യേ പോലിസിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരായത്. വടകര ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതികളെ പതിനാലുദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.