വ്യാജമദ്യ വില്‍പ്പന വ്യാപകം

Tuesday 3 April 2018 3:15 am IST

ഇടുക്കി: ഒറിജിനല്‍ എന്ന വ്യാജേന സംസ്ഥാനത്ത് നിറം ചേര്‍ത്ത വ്യാജമദ്യങ്ങളുടെ വില്‍പ്പന വ്യാപകം. നിര്‍മ്മാണം നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ പ്രതികളെ കണ്ടെത്താനാകാതെ വലയുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍. ഗ്രാമങ്ങളും ഹൈറേഞ്ച് മേഖലകളും കേന്ദ്രീകരിച്ചാണ് കോടികളുടെ മദ്യ വില്‍പ്പന നടക്കുന്നത്. വിലക്കുറവും അടുത്ത് തന്നെ സാധനം ലഭിക്കുമെന്നതും ഉള്ളതിനാല്‍ ഗ്രാമങ്ങളും ഹൈറേഞ്ച് മേഖലകളും കേന്ദ്രീകരിച്ച് നടക്കുന്നത് കോടികളുടെ മദ്യവില്‍പ്പനയാണ്.

തീരെ നിലവാരമില്ലാത്ത സ്പിരിറ്റില്‍ നിറം ചേര്‍ത്ത് വില്‍പ്പന നടത്തുന്നതിനാല്‍ വിഷം കലരാനുള്ള സാധ്യതകളേറെയാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ അതേ കുപ്പിയിലും ലേബലിലുമാണ് സാധനം വില്‍ക്കുന്നത്. ഹോളോ ഗ്രാമില്ല എന്നതാണ് കണ്ടെത്താനുള്ള മാര്‍ഗം. ഇത്തരത്തില്‍ വില്‍ക്കുന്നതിലേറെയും ഹണി ബീ, എംസിപോലുള്ള കുറഞ്ഞ മദ്യങ്ങളായിരിക്കും. വിശ്വാസ്യത നേടുന്നതിനായി ആദ്യം യഥാര്‍ത്ഥ മദ്യമാണ്‌വില്‍പ്പന നടത്തുക. ഇതിന് ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. അരലിറ്ററിന്റെ കുപ്പിയ്ക്ക് 200 രൂപയാണ് വില. നികുതി വെട്ടിച്ച് ലഭിച്ചതിനാലാണ് ഇത്തരത്തില്‍ വില്‍ക്കുന്നതെന്നും ആവശ്യാക്കാരെ ധരിപ്പിക്കും. ചെറിയൊരു തുകമാത്രം മുടക്കുമ്പോള്‍ ലഭിക്കുന്ന വന്‍ലാഭമാണ് ഇത്തരം തട്ടിപ്പുകള്‍ പെരുകാന്‍ കാരണം. 

വീടുകള്‍ കേന്ദ്രീകരിച്ച് സ്പിരിറ്റ് കലക്കി സൂക്ഷിച്ച ശേഷം നിറം ചേര്‍ത്ത് കുപ്പിയില്‍ നിറയ്ക്കുകയാണ് പതിവ്. എല്ലാ ജില്ലകളിലും എത്തിക്കുന്നതിനും ഇവിടെ ചില്ലറ വില്‍പ്പന നടത്തുന്നതിനും ആളുകളുണ്ട്. രൊക്കം പണം നല്‍കിയാണ് ചില്ലറ വില്‍പ്പനക്കാര്‍ മദ്യം വാങ്ങുന്നത്. ഇടുക്കിയില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 700 ലിറ്ററിലധികം വ്യാജമദ്യം പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 14 ലിറ്റര്‍ മദ്യകുപ്പികളും കണ്ടെടുത്തിരുന്നു. പിടിയിലാകുന്നവരില്‍ അധികവും ചില്ലറ വില്‍പ്പനക്കാരാണ്.  

രാത്രി 12നും അഞ്ചിനും ഇടയിലാണ് ഇവയുടെ കടത്ത്. ട്രാക്ടര്‍ അടക്കം പലതരത്തിലുള്ള വാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ചോര്‍ത്തി കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിലവില്‍ പരിശോധനയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.