കിട്ടാക്കടം 7660 കോടി ; കേരളാ ബാങ്കിന് പൂട്ട്

Tuesday 3 April 2018 3:20 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച കേരളാ ബാങ്ക് യാഥാര്‍ത്ഥ്യമാവില്ലെന്ന് ഉറപ്പായി. സഹകരണ മേഖലയിലെ കിട്ടാക്കടം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ നബാര്‍ഡിന്റെ അനുമതി ലഭിക്കില്ല. പതിനാല് ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാനായിരുന്നു നീക്കം. ഇതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ഉടന്‍ കിട്ടുമെന്ന് പ്രചരണവുമുണ്ടായിരുന്നു. സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ബാങ്ക് രൂപീകരിക്കണമെങ്കില്‍ ആദ്യം തീരുമാനമെടുക്കേണ്ടത് നബാര്‍ഡ് ആണ്. ഇതിനായി സഹകരണബാങ്കുകള്‍ അപേക്ഷ നല്‍കണം. കേരളാബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളൊന്നും അപേക്ഷ നല്‍കിയിട്ടില്ല. പകരം സര്‍ക്കാര്‍ റിസര്‍വ്വ്ബാങ്കിനോട് അഭിപ്രായം തേടി. ഇത് അംഗീകാരത്തിനുള്ള അപേക്ഷയെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. റിസര്‍വ്വ് ബാങ്ക് അപേക്ഷ നേരിട്ട് നബാര്‍ഡിന് കൈമാറി. ബാങ്ക് രൂപീകരണം സാധ്യമല്ലെന്ന നിലപാടിലാണ് നബാര്‍ഡ്. സംസ്ഥാന സഹകരണ മേഖലയുടെ അവസ്ഥ തന്നെയാണ് കാരണം.

സഹകരണ മേഖലയില്‍ 980 ബാങ്കുകളിലായി 7660 കോടി രൂപയുടെ കിട്ടാക്കടമാണുള്ളത്. വായ്പ കൊടുത്തതിന്റെ 18.25ഉം തിരിച്ചടയ്ക്കുന്നില്ല. ഇതു തന്നെയാണ് നബാര്‍ഡ് പച്ചക്കൊടി കാണിക്കുന്നതിന് പ്രധാന തടസ്സവും. സഹകരണ മേഖലയില്‍ 64134 കോടിയുടെ നിക്ഷേപവും 42018 കോടിയുടെ വായ്പയുമാണ് ഉള്ളത്. ഇതിന്റെ 18.25 ശതമാനം തിരിച്ചടക്കുന്നില്ലെന്നാണ് ഔദ്യോഗിക കണക്ക്. ഈ കണക്ക് വച്ചുതന്നെ നിലവിലുള്ള സഹകരണ ബാങ്കുകളെ ചേര്‍ത്ത് പുതിയൊരു ബാങ്ക് രൂപീകരിക്കാന്‍ നബാര്‍ഡ് സമ്മതിക്കില്ല. നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനത്തില്‍ കുറവായിരിക്കണം. മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തിലാകണം, മൂലധന പര്യാപ്തത കുറഞ്ഞത് ഒമ്പത് ശതമാനമെങ്കിലും ഉണ്ടാകണം, റിസര്‍വ് ബാങ്ക് അംഗീകരിച്ച കോര്‍ബാങ്കിങ് സംവിധാനമുണ്ടാകണം-ഇതൊക്കെയാണ് ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍. ഇവയൊന്നും സംസ്ഥാന സഹകരണ ബാങ്കിനില്ല.

വായ്പാ മേഖലയിലും പരമ്പാരാഗത വ്യവസായ മേഖലയിലും  അടിസ്ഥാന സൗകര്യവികസന മേഖലയിലും പുത്തനുണവര്‍വ് കിട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേരളാ ബാങ്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനായി വേണ്ടത്ര തയ്യാറെടുപ്പോ കാഴ്ചപ്പാടോ ഇല്ലാതെയായിരുന്നു ഇത്. നിലവിലുള്ള ബാങ്കുകള്‍ ലയിക്കണമെങ്കില്‍ ജില്ലാ ബാങ്കുകളുടെ ജനറല്‍ബോഡി വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കണം. മാത്രമല്ല എടിഎം, മിനി എടിഎം, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ തുടങ്ങിയവയൊക്കെ ഉണ്ടെങ്കില്‍ മാത്രമേ ബാങ്കെന്ന പദവി നല്‍കാനാകു. ഇതൊന്നും ചെയ്യാതെയാണ് സര്‍ക്കാര്‍ ബാങ്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിന് കത്തെഴുതിയത്. റിസര്‍വ്വ് ബാങ്ക് അത് നബാര്‍ഡിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കുകളുടെയാകെ ലാഭത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം-ഏകദേശം 341 കോടിരൂപ. നിഷ്‌ക്രിയ ആസ്തിയും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന തോതിനേക്കാള്‍ കൂടുതലാണ്. ഈ നിലയ്ക്ക് ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ്, എ.ടി.എം. എന്നിവയൊന്നും സ്വന്തമായി നടത്താന്‍ സംസ്ഥാന ബാങ്കിന് അനുമതി കിട്ടില്ല.

പുതിയ ബാങ്ക് എന്നതിനുപകരം സഹകരണമേഖലയിലെ ബാങ്കുകളെയെല്ലാം ലയിപ്പിച്ച് ഒരു സംവിധാനത്തിന്റെ കീഴിലാക്കുകയെന്നതാണ് സര്‍ക്കാരിന്റെ താല്‍പര്യം. ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണം കൂടി സ്വന്തമാക്കുകയെന്ന രാഷ്ട്രീയ താല്‍പര്യമാണ് ഇതിന് പിന്നില്‍. കേരളാ ബാങ്ക് രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കിലും സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഒറ്റസംവിധാനമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനത്തിന് കഴിയും. നബാര്‍ഡിന്റെയോ റിസര്‍വ്വ് ബാങ്കിന്റെയോ അനുവാദം ഇതിനാവശ്യമില്ല. സര്‍ക്കാര്‍ നീക്കം ആ വഴിക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.