കേരളിയ മനസ്സിലേക്ക് ലോങ്ങ് ഷോട്ട് പായിച്ച രാഹുലെന്ന പിലിക്കോടിന്റെ കിച്ചുവിനെ സ്വീകരിക്കാന്‍ നാടൊരുങ്ങി

Monday 2 April 2018 8:48 pm IST

 

തൃക്കരിപ്പൂര്‍: മലയാളി മനസ്സിലേക്ക് സന്തോഷത്തിന്റെ ലോങ്ങ് ഷോട്ട് പായിച്ച കേരളത്തിന്റെ മിടുക്കന്‍ പിലിക്കോടിന്റെ അഭിമാനം കെ.പി.രാഹുലിനെ സ്വീകരിക്കാന്‍ നാടൊരുങ്ങി. 2005 നു ശേഷം സന്തോഷ് ട്രോഫി കേരളത്തിലെത്തിക്കുന്നതില്‍ ടോപ് സ്‌കോറര്‍ പദവിയോടെ നിര്‍ണ്ണായകമായ റോള്‍ കൈകാര്യം ചെയ്ത ഈ മിഡ് ഫീല്‍ഡര്‍ക്ക് ജന്മനാടായ പിലിക്കോട് കോതോളിയിലെ സാംസ്‌കാരിക സംഘടനകളും, കാല്‍പ്പന്തുകളിയുടെ സകല ഉയര്‍ച്ചക്കും പിന്നില്‍ ചാലക ശക്തിയായി പ്രവര്‍ത്തിച്ച എരവില്‍ ഫുട്ബാള്‍ അക്കാദമിയും നാട്ടുകാരും ഫുട്ബാള്‍ അസോസിയേഷനുമൊക്കെ വീരോചിത സ്വീകരണം കൊടുക്കും. ടീമിലെ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഒരേയൊരു അംഗമാണ് രാഹുല്‍. സന്തോഷ് ട്രോഫിയില്‍ മൂന്ന് ഗോളുകളാണ് രാഹുലിന്റെ കാലില്‍ നിന്ന് പിറന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണ്ണയിച്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ കരുത്തരായ ബംഗാളിനെതിരെ നേടിയ കേരളത്തിന്റെ നിര്‍ണ്ണായക ഗോള്‍ രാഹുലിന്റെ വകയായിരുന്നു. ആഗ്രഹിച്ചതുപോലെ കലാശപ്പോരാട്ടത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും മത്സരങ്ങളിലുടനീളം തിളങ്ങാനായതില്‍ രാഹുല്‍ അതീവ സന്തോഷവാനാണ്. നേരത്തെ സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം ഏഴ് ഗോളുകളടിച്ച് കൂട്ടിയപ്പോള്‍ അതില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകള്‍ രാഹുലിന്റെ വകയായിരുന്നു. ഒന്‍പതാം വയസ്സില്‍ കോതോളിയില്‍ നടന്ന ജൂനിയര്‍ കോച്ചിംഗ് ക്യാംപിലെത്തിയ ഈ നിര്‍ദന കുടുംബാംഗത്തിന്റെ കളിക്കളത്തിലെ മികവും അമിതമായ കമ്പവും തിരിച്ചറിഞ്ഞ സംഘാടകരും കോച്ചും വാങ്ങിക്കൊടുത്ത ഒരുജോഡി ബൂട്ടുമായി ഫുട്ബാളിന്റെ ബാലപാഠം പഠിച്ച രാഹുല്‍ പിന്നീട് ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കീഴടക്കുകയായിരുന്നുവെന്നു ആദ്യകാല കോച്ച് കെ.വി.ഗോപാലന്‍ അഭിമാനത്തോടെ പറഞ്ഞു.

ആറു തവണയായി കേരളത്തിന്റെ കുപ്പായമണിഞ്ഞ കോട്ടയം മാര്‍ ബസലിയേസിലെ ഈ ബിരുദ വിദ്യാര്‍ത്ഥി സന്തോഷ് ട്രോഫിയില്‍ അഞ്ചു ഗോളടിച്ചുകൊണ്ടു ടോപ് സ്‌കോറര്‍ ആവുകയും ചെയ്തു. (കേരളത്തിന്റെ എം ജിതിനും അഞ്ചു ഗോളടിച്ചു സീസണിലെ ടോപ് സ്‌കോറര്‍ പദവി ഷെയര്‍ ചെയ്തു) ഇല്ലായ്മയുടെ വല്ലായ്മ കൈമുതലായുള്ള രാഹുലിന് കൂടെ കളിച്ചകൂട്ടുകാര്‍ തന്നെയായിരുന്നു പ്രോത്സാഹനം. ലക്കി സ്റ്റാര്‍ ക്ലബ്ബിലൂടെ പിലിക്കോട് കരപ്പാത്തെ പാറ മൈതാനിയില്‍ പന്ത് തട്ടിക്കളിച്ചു വളര്‍ന്ന കൂട്ടുകാരുടെ കിച്ചുവിന് ഫുട്‌ബോളിനെ നെഞ്ചേറ്റിയ കോതോളിയിലെ എ.ഭാസ്‌കരന്‍, രാജേഷ് ഉണ്ണി എന്നിവരുടെ നിര്‍ദ്ദേശങ്ങളും സഹായങ്ങളും സഹായകരമായി. 2012 മുതല്‍ ആര്‍പിഎഫ് ഭടനും ഫുട്ബാള്‍ കോച്ചുമായ കെ.ചിത്രരാജിന്റെ ശിക്ഷണവും നിര്‍ദ്ദേശങ്ങളും രാഹുലിന്റെ ഫുട്ബാള്‍ കരിയറിന് വലിയൊരു മുതല്‍ക്കൂട്ടായി. 

പിലിക്കോട് ഗവ:യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വിഷന്‍ ഇന്ത്യാ പ്രൊജക്ടില്‍ ഉദിനൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പരിശീലനം. കായികാധ്യാപകനായിരുന്ന പരേതനായ ഉദിനൂരിലെ ടി.വി. കൃഷ്ണന്റെ ഉപദേശവും പ്രോത്സാഹനും ഹൈസ്‌കൂള്‍ പഠനം ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറിയിലാക്കി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അണ്ടര്‍ 13 വിഭാഗത്തില്‍ ജില്ലാ ടീമിലെത്തിയ രാഹൂല്‍ പിന്നീട് സംസ്ഥാന ടീമിലെത്തി. ഹയര്‍സെക്കന്‍ഡറി പഠനം മലപ്പുറം എം.എസ്.പി. സ്‌പോര്‍ട്‌സ് ഹോസ്റ്റലിലായിരുന്നു. കോട്ടയം ബേസിലിയസ് കോളേജില്‍ രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിയാണിപ്പോള്‍ രാഹുല്‍. സുബ്രതോ കപ്പിന് വേണ്ടി ബ്രസിലുമായി മല്‍സരിച്ചു. ഡല്‍ഹിയില്‍ നടന്ന മല്‍സരത്തില്‍ സഡന്‍ഡത്തിലൂടെ (1.0) ഇന്ത്യ റണ്ണേഴ്‌സ് ആവുകയായിരുന്നു. അണ്ടര്‍ 19 വിഭാഗത്തില്‍ സ്വീഡനില്‍ ല്‍ നടന്ന മല്‍സരത്തില്‍ ദല്‍ഹി ഡയനോമീസിന് വേണ്ടി രാഹുല്‍ ജേഴ്‌സിയണിഞ്ഞു. പിലിക്കോട് താമസിച്ചിരുന്ന റാഹിലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ചീമേനി മുണ്ടയില്‍ അനുവദിച്ച മിച്ചഭൂമിയില്‍ നിര്‍മ്മിച്ച പാതി പൂര്‍ത്തിയായ ഒരു കൊച്ചുകൂരയില്‍ ഏറെ പരിമിതമായ സൗകര്യങ്ങളോടെയാണ് കഴിയുന്നത്. അമ്മ തങ്കമണി ആശാരിപ്പണിക്കാരനായ പിതാവ് കെ.പി.രമേശനും, പ്ലസ്ടു വിദ്യാര്‍ത്ഥിയായ രത്‌നയും അടങ്ങുന്നതാണ് കുടുംബം.

ഇല്ലായ്മകളോട് പടപൊരുതിയാണ് രാഹുല്‍ ഇവിടംവരെ എത്തിയത്. നാട്ടിലെത്തിയാല്‍ പിലിക്കോട് കൊതോളിയിലെ അമ്മൂമ്മയുടെ വീട്ടിലാവും താമസിക്കുക. കാലപ്പഴക്കം ചെന്ന, മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന ഓട് പാകിയ ചെറിയ വീടാണ് ഇതും. ഈ വീടിന് സമീപത്തുള്ള പാറ ഗ്രൗണ്ടിലാണ് രാഹുല്‍ കളിച്ചു പഠിച്ചത്. കളിച്ചു വളര്‍ന്ന പിലിക്കോട് കോതോളി ഭാഗത്തെവിടെയെങ്കിലും വീട് പണിയണമെന്നാണ് രാഹുലിന്റെ ആഗ്രഹം. അതിന് സര്‍ക്കാരും ജനപ്രതിനിധികളുമൊക്കെ മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.