തളിപ്പറമ്പ്: തളിപ്പറമ്പിന്റെ ചില ഭാഗങ്ങളില്‍ ജപ്പാന് കുടിവെള്ളം നിലച്ചിട്ട് ഒരാഴ്ച്ച കഴിഞ്ഞു. ജല വിതരണം പുനസ്ഥാപിക്കാന്‍ ഇന്നേ വരെ നടപടിയായില്ല. തളിപ്പറമ്പ് ടൗണില്‍ കണികുന്ന് സോമേശ്വരം ചിറവക്കിന് പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലാണ് വീട്ടുകാര്‍ വെള്ളത്തിനായി കാത്തിരിക്കുന്നത്. മിക്ക വീടുകളിലും സംഭരിച്ചുവെച്ച വെള്ളം തീര്‍ന്നിരിക്കുന്നു. ചിറവക്ക് – സോമേശ്വരം റോഡില്‍ പല ഭാഗങ്ങളിലായി ആഴ്ച്ചയിലേറെ കുടിവെള്ളം പാഴായിപ്പോയിരുന്നു. ചിറവക്കിലുണ്ടായ ചോര്‍ച്ച ശരിയാക്കിയപ്പോള്‍ മറ്റൊരു സ്ഥലത്ത് പൈപ്പ് പൊട്ടി. വെള്ളം ഒഴുകിപ്പോകുന്നത് തടയാന്‍ വാള്‍വ് ഓഫ് ചെയ്തതല്ലാതെ പൊട്ടിയ പൈപ്പ് മാറ്റി ജല വിതരണം ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പെസഹ വ്യാഴം, ദു:ഖവെള്ളി, ഞായറാഴ്ച്ച, പൊതു പണിമുടക്ക് തുടങ്ങി 4 ദിവസം ആയപ്പോള്‍ വെള്ളത്തിനായി കഷ്ടപ്പെടുന്നവരെക്കുറിച്ച് അധികൃതര്‍ ഓര്‍ത്തില്ല. ഇനി എന്ന് ജലവിതരണം പുനസ്ഥാപിക്കപ്പെടും എന്ന് നോക്കിയിരിക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: