കൊടുംചൂടില്‍ രോഗങ്ങള്‍ പടരുന്നു : മഞ്ഞപിത്തവും വര്‍ദ്ധിക്കുന്നു : ആരോഗ്യ വകുപ്പ് നിസ്സംഗതയില്‍

Monday 2 April 2018 8:51 pm IST

 

കണ്ണൂര്‍: ജില്ലയില്‍ കടുത്ത ചൂടിന് പുറമേ വേനല്‍ക്കാല രോഗങ്ങളും പടരുന്നു. മഞ്ഞപ്പിത്തം, കണ്ണ്‌രോഗം, ചിക്കന്‍പോക്‌സ് എന്നിവയാണ് സാധാരണയായി വേനല്‍ക്കാലത്ത് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ ഇത്തവണ മഞ്ഞപ്പിത്ത ബാധ പലയിടത്തും വര്‍ധിക്കുന്നതായാണ് സൂചന. എന്നാല്‍ രോഗങ്ങള്‍ വ്യാപകമാവുമ്പോഴും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ ആരോഗ്യ വകുപ്പ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്.

ജില്ലയില്‍ ചിറ്റാരിപ്പറമ്പ്, കോളയാട് പെരുവ എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ചിറ്റാരിപ്പറമ്പ് പ്രദേശത്തു നിന്ന് 36 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ചികിത്സ തേടിയത്. പെരുവയില്‍ 12 പേരും ഇതേ അസുഖം കാരണം ചികിത്സ തേടിയിരിക്കുകയാണ്. 

മലിനജലം വഴിയാണ് ഹെപ്പറ്റൈറ്റിസ് എ അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. പൊതുവെ മാരകമല്ലെങ്കിലും മരുന്നും ചിട്ടയായ ഭക്ഷണശീലങ്ങളും കൊണ്ട് പൂര്‍ണമായും മാറ്റിയെടുക്കാനാവുന്ന അസുഖമാണിത്. വിഷയത്തില്‍ ജില്ലാ ആരോഗ്യവിഭാഗം ഊര്‍ജിതമായി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റു ജനപ്രതിനിധികളുടെയും ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ചിറ്റാരിപ്പറമ്പ് മേഖലയിലെ വീടുകള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തിക്കഴിഞ്ഞു. നോട്ടിസുകളിലൂടെയും മറ്റും പൊതുജനങ്ങള്‍ക്ക് അസുഖത്തിന്റെ രീതിയും നിവാരണ മാര്‍ഗങ്ങളും ബോധ്യപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ രണ്ടുപേരും നിലവില്‍ ചികിത്സയിലുണ്ട്.

സെന്‍ട്രല്‍ ജയിലില്‍ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ സംഘം ജയിലും സ്‌പെഷ്യല്‍ ജയിലിലും വിശദമായ പരിശോധന നടത്തി. ജയിലില്‍ ഉപയോഗിക്കുന്ന വെള്ളവും പരിശോധിച്ചിട്ടുണ്ട്. അതേസമയം ജയിലില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ജയില്‍ ബിരിയാണിയും ചപ്പാത്തിയും കറിയുമെല്ലാം ഇപ്പോള്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്. മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ജലം കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഷുഹൈബ് വധക്കേസിലെ പ്രതികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരി, ദീപ്ചന്ദ് എന്നിവരെയാണ് പുരുഷന്മാര്‍ക്കായുള്ള എംഎസ്‌വാര്‍ഡിലെ പ്രത്യേക സെല്ലില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെയാണ് ജയിലില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.