കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം വകമാറ്റി: കാരുണ്യ പദ്ധതിയുടെ ആനുകൂല്യം രോഗികള്‍ക്ക് അന്യമാകുന്നു

Monday 2 April 2018 8:55 pm IST

 

കണ്ണൂര്‍: കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം വകമാറ്റി ചെലവഴിച്ചതോടെ കാരുണ്യ പദ്ധതിയുടെ ആനുകൂല്യം രോഗികള്‍ക്ക് അന്യമാകുന്നു. നിര്‍ധനരോഗികള്‍ക്ക് ഏറെ ആശ്വാസമേകുന്ന കാരുണ്യ ബെനവലന്റ് പദ്ധതിയാണ് പാളിയത്. നിരവധിപേര്‍ക്ക് സാന്ത്വനമായി മാറിയ പദ്ധതി പാളിയതോടെ നിര്‍ധന രോഗികളുടെ ചികിത്സ പാതിവഴിയിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ലോട്ടറി വരുമാനം വകമാറ്റി ചെലവഴിക്കുന്നതിന് കാരണമെന്നാണ് സൂചന. 

 2012 ലാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനമാണ് പദ്ധതിക്കായി നീക്കിവയ്ക്കുന്നത്. മാരകരോഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നതാണ് പദ്ധതി. 

 പദ്ധതിയുമായി സഹകരിക്കുന്ന ഓരോ ജില്ലയിലുമുള്ള ആശുപത്രികളുടെ വിവരം പദ്ധതിയുടെ വെബ്‌സൈറ്റിലുണ്ടെങ്കിലും ഇവിടങ്ങളില്‍ ആനുകൂല്യം ലഭ്യമാകുന്നില്ലെന്നാണ് ആക്ഷേപം. പദ്ധതിയുമായി സഹകരിച്ചതിന് ആശുപത്രികള്‍ക്ക് വന്‍തുക ലഭിക്കാനുമുണ്ടത്രെ. ഇതിനാല്‍ തന്നെ പദ്ധതിയുമായി സഹകരിക്കാന്‍ ആശുപത്രി അധികൃതര്‍ വിമുഖത കാട്ടുന്നുവെന്നാണ് രോഗികളുടെ പരാതി. അര്‍ഹരായ രോഗികളെ പദ്ധതി ആനുകൂല്യത്തിന് കാത്തുനില്‍ക്കാന്‍ അനുവദിക്കാതെ ആശുപത്രികളില്‍ നിര്‍ബന്ധിച്ച് പണമടപ്പിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. 

 ചെലവുകള്‍ കഴിച്ച് ഒരു ടിക്കറ്റിന് ഏഴുരൂപയെങ്കിലും സര്‍ക്കാരിന് ലാഭവിഹിതമായി ലഭിക്കുന്നുവെന്നാണ് കണക്ക്. ഇതിനിടെ ലോട്ടറി സമ്മാനങ്ങളുടെ എണ്ണം കുറച്ച് വരുമാനം കൂട്ടിയെങ്കിലും പദ്ധതിക്കായി വിനിയോഗിച്ചില്ല. നേരത്തെ 5000 രൂപയുടെ 12 സമ്മാനമുള്ളതാണ് ഒമ്പതായി ചുരുക്കിയത്. ലോട്ടറി ടിക്കറ്റിന്റെ അച്ചടിയും ഉയര്‍ത്തി. 70 ലക്ഷം ടിക്കറ്റ് അച്ചടിച്ചിരുന്നതാണ് 96 ലക്ഷമായാണ് ഉയര്‍ത്തിയത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.