കണ്ണൂര്‍ ജയിലില്‍ ഭരണം നിയന്ത്രിക്കുന്നത് സിപിഎം തടവുകാരും പാര്‍ട്ടിക്കാരായ ഉദ്യേഗസ്ഥരും : നിയമ ലംഘനം തുടര്‍ക്കഥയാവുന്നു

Monday 2 April 2018 8:57 pm IST

 

 

കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ ഭരണം നിയന്ത്രിക്കുന്നത് സിപിഎം തടവുകാരും പാര്‍ട്ടിക്കാരായ ഉദ്യേഗസ്ഥരും. ഭരണത്തണലില്‍ പാര്‍ട്ടിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാര്‍ട്ടിക്കാരായ തടവുകാര്‍ ജയില്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുന്നത് തുടര്‍ക്കഥയാവുന്നു. നിയമ ലംഘനത്തിന് ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി വിവാദങ്ങളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്. അനധികൃതമായ പരോള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം സകല നിയമങ്ങളും ലംഘിച്ച് തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ വാങ്ങിയതുവരെ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടികളാണ് കണ്ണൂര്‍, സെന്‍ട്രല്‍ ജയിലില്‍ നടക്കുന്നത്. പാര്‍ട്ടിക്കാരായ സകല ആനുകൂല്യങ്ങളും ജയിലില്‍ ലഭിക്കുകയാണ്. പാര്‍ട്ടിക്കാരായ കൊടും ക്രിമിനലുകളായ തടവുകാരാണ് ജയിലിലകത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നതാണ് സ്ഥിതി. മറ്റ് തടവുകാര്‍ പാര്‍ട്ടിക്കാരുടെ ഭീഷണിയുടെ നടുവിലാണ് ജയിലിനകത്ത് ജീവിതം തളളിനീക്കുന്നത് എന്നതാണ് സ്ഥിതി.

പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉപദേശകനായുളള സമിതിയെ ഉപയോഗപ്പെടുത്തിയാണ് ജയില്‍ പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. പാര്‍ട്ടി ഭരണത്തിലെത്തിയ ശേഷം ജയിലുകളിലെ സിപിഎം തടവുകാര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരും പോലീസ് ഒത്തുകളിച്ച് അടിയന്തര പരോള്‍ അനുവദിക്കുന്നത് വ്യാപകമായിരിക്കുകയാണ്. പാര്‍ട്ടി ക്വട്ടേഷന്‍ ടീമംഗങ്ങളായ കൊടും ക്രിമിനലുകള്‍ക്കാണ് കൃത്യമായ ഇടവേളകളില്‍ പരോള്‍ അനുവദിക്കുന്നത്. 

ടിപി കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ആഴ്ചകളോളം സുഖ ചികിത്സാ സൗകര്യം ഒരുക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ്. ഷുഹൈബ് വധക്കേസ് പ്രതി സിപിഎമ്മുകാരാനായ ആകാശിന് യുവതിയുമായി സല്ലപ്പിക്കാന്‍ ജയിലിനുളളില്‍ പല ദിവസങ്ങളിലായി മണിക്കൂറുകളോളം അവസരം ഒരുക്കിയത് ഏറെ വിവാദമാവുകയും ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. കൂടാതെ ശുഹൈബ് വധക്കേസില്‍ തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തിയ സാക്ഷികളെ ഭീഷണിപ്പെടുത്തിയ സംഭവവും ഏതാനും ദിവസങ്ങള്‍ക്ക് നടക്കുകയുണ്ടായി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി തടവുകാര്‍ പിരിവെടുത്ത് ടെലിവിഷന്‍ സെറ്റ് വാങ്ങി ജയിലിനകത്ത് എത്തിച്ച സംഭവവും നടക്കുകയുണ്ടായി. ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പറയുന്നതെങ്കിലും കൊടുംകുറ്റവാളികള്‍ കഴിയുന്ന അതീവ സുരക്ഷയുളള ജയിലിനകത്ത് ഇത്രയും വലിയ ടെലിവിഷന്‍ സെറ്റ് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ എത്തില്ലെന്നുറപ്പാണ്. പാര്‍ട്ടി നേതത്വത്തിന്റെയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് ഇക്കാര്യങ്ങള്‍ നടക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്.

എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയ ഘട്ടംതൊട്ട് ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാരും പാര്‍ട്ടിയും നീക്കം നടത്തി വരികയാണ്. ഇതും ഏറെ വിവാദമായിരുന്നു. 70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യം മറയാക്കിയാണ് കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കി ജയില്‍ മോചിതനാക്കാന്‍ ശ്രമിക്കുന്നത്. കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനുളള നീക്കങ്ങള്‍ ഇപ്പോഴും സജീവമാണ്. ഇത്തരത്തില്‍ ജയില്‍ വകുപ്പിലും ജയിലുകള്‍ക്കകത്തും അധികാര തണലില്‍ പാര്‍ട്ടി തടവുകാരും നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥരും നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.