കോൺഗ്രസ് കാണുന്നത് ദിവാസ്വപ്നങ്ങൾ

Tuesday 3 April 2018 4:05 am IST
തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ കുറച്ച് ആളുകള്‍ വേണമെന്നല്ലാതെ സംഘടനയും ചര്‍ച്ചയും എന്തിനാണ് എന്നതാണ് കോണ്‍ഗ്രസ്സിന്റെ എന്നത്തേയും നിലപാട്. അതിന്റെയൊക്കെ ഫലം ഇപ്പോള്‍ നന്നായി അനുഭവിച്ചിട്ടും ബിജെപിയേയും മോദിയേയും കുറ്റപ്പെടുത്തി മുഖംരക്ഷിക്കാനുള്ള വൃഥാ ശ്രമമാണ് കോണ്‍ഗ്രസും രാഹുലും നടത്തുന്നത്. ഒരുകാര്യം വ്യക്തമായി. രാഹുല്‍ വന്നാല്‍ എന്തോ ഉഴുതു മറിക്കുമെന്ന വീരവാദങ്ങളൊക്കെ പൊളിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. രാഹുല്‍ വന്നതോടെ ത്രിപുരയിലും യുപിയിലുമൊക്കെ കെട്ടിവച്ച കാശും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടു തുടങ്ങി.
"undefined"

എഐസിസി സമ്മേളനം കഴിഞ്ഞതോടെ കോണ്‍ഗ്രസ്സിന്റെ നില ഏറെ പരിതാപകരമായി എന്നതാണ് വസ്തുത. ബിജെപിക്കെതിരെ ബദല്‍ ആരായുന്നവര്‍ കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്തി മൂന്നാം മുന്നണിയാണ് ലക്ഷ്യമിടുന്നത്. 2019-ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് സ്വപ്‌നം കണ്ടവര്‍ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണിത്. 2019 ലും ബിജെപി തന്നെ ഇന്ത്യ ഭരിക്കുമെന്ന് അറിഞ്ഞുകൂടാത്തവര്‍ ഉണ്ടാകാം. അവര്‍ക്ക് ജനവികാരം എന്താണെന്ന് അറിയില്ല. ബിജെപിയെ തോല്‍പ്പിച്ചാല്‍ പകരം വരുന്ന കക്ഷിയുടെയും വ്യക്തിയുടെയും പേര് ഒരുമിച്ചു പറയാന്‍ കഴിയാത്തവര്‍ മലര്‍പ്പൊടിക്കാരനെപ്പോലെ സ്വപ്‌നം കണ്ട് നടക്കട്ടെ!

ബാലറ്റിലേക്ക് മടങ്ങണമെന്നാണ് എഐസിസിയുടെ ആവശ്യം. വോട്ടിങ് യന്ത്രത്തില്‍ അവര്‍ക്ക് അവര്‍ ജയിക്കുന്നിടത്ത് മാത്രമേ വിശ്വാസമുള്ളൂ. ബിജെപി ജയിച്ചാല്‍ അതു യന്ത്രത്തകരാര്‍. ബാലറ്റിലേക്ക് മടങ്ങുന്നതിനെക്കുറിച്ച്  ചര്‍ച്ചയാകാമെന്ന് ബിജെപി നേതാവ് രാം മാധവ് പറഞ്ഞശേഷം ആര്‍ക്കും മിണ്ടാട്ടമില്ല. വോട്ടിങ് യന്ത്രം കൊണ്ടുവന്നത് നരേന്ദ്രമോദി അല്ല. രാജ്യത്ത് എന്തോ വലിയ മാറ്റംവരുത്തിയപോലെയാണ് കോണ്‍ഗ്രസ്സുകാര്‍ വോട്ടിങ് യന്ത്രം കൊണ്ടുവന്നത്. അതിന്റെ പേരിലും അവര്‍ ജനങ്ങളോട് വോട്ട് ചോദിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ അടിക്കടി ഉണ്ടാകുന്ന ദയനീയ പരാജയത്തിന് ഒരു കാരണം കണ്ടെത്തണമല്ലോ, അങ്ങനെ കണ്ടുപിടിച്ചതാണ് വോട്ടിങ് യന്ത്രത്തിലെ കൃത്രിമം. 

ജവഹര്‍ലാല്‍ നെഹ്‌റു ജയിച്ച മണ്ഡലത്തില്‍പ്പോലും യുപിയില്‍ ഈയിടെ കോണ്‍ഗ്രസ്സിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. അതിനൊക്കെ കോണ്‍ഗ്രസുകാര്‍ക്ക് എന്തെങ്കിലും മറുപടി പറയാന്‍ കഴിയുമോ? വോട്ടിങ് യന്ത്രത്തെക്കുറിച്ചും ബാലറ്റിനെക്കുറിച്ചുമൊക്കെ പറയുന്ന കോണ്‍ഗ്രസ്സും രാഹുലും, എഐസിസി പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പെങ്കിലും ബാലറ്റ് വച്ച് നടത്തേണ്ടതായിരുന്നില്ലേ? എല്ലാം പതിവുപോലെ നേതാവിന് വിട്ടുകൊടുക്കുന്ന രീതിതന്നെയാണ് ഇത്തവണയും എഐസിസിയില്‍ കണ്ടത്? സ്വന്തം പാര്‍ട്ടിയില്‍ ജനാധിപത്യം നടപ്പിലാക്കാത്തവര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നുവെന്ന് വരുത്തിത്തീര്‍ത്തവര്‍, ഇന്ത്യയില്‍ മോദിയും ബിജെപിയും ജനാധിപത്യം അട്ടിമറിക്കുന്നു എന്നുപറയുന്നത് പരിഹാസ്യമാണ്. 

ജനാധിപത്യം എന്ന വാക്ക് ഉള്‍ക്കൊള്ളുന്ന മഹത്തായ അര്‍ത്ഥത്തെ, ഭരണത്തിലിരുന്നപ്പോഴൊക്കെ മറന്ന് പ്രവര്‍ത്തിച്ചവര്‍,  അടിയന്തരാവസ്ഥവരെ പ്രഖ്യാപിച്ച് ജനാധിപത്യം അട്ടിമറിച്ചവര്‍, പത്രമാരണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍ ഇന്ത്യയില്‍ ആരെയാണ് ജനാധിപത്യം പഠിപ്പിക്കാന്‍ വരുന്നത്? വര്‍ഗീയതയ്ക്കും മതരാഷ്ട്രീയത്തിനും എന്നും മാന്യസ്ഥാനം നല്‍കിയിട്ടുള്ള കക്ഷിയാണ് കോണ്‍ഗ്രസ്സ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതാനും വോട്ടും സീറ്റും നേടാന്‍ കളിച്ച കളികള്‍ അവസാനമായി കണ്ടു. മേഘാലയയില്‍ 'ഉമ്മന്‍ചാണ്ടിയുടെ സംഘം' പര്യടനം നടത്തി വോട്ടുപിടിച്ചതും നമ്മള്‍ കണ്ടു. ഇപ്പോഴിതാ കര്‍ണാടകത്തില്‍ ഒരു വിഭാഗത്തിന്റെ വോട്ടിനുവേണ്ടിയുള്ള വൃത്തികെട്ട കളികള്‍ തുടങ്ങിക്കഴിഞ്ഞു. പടുകുഴിയില്‍ കിടക്കുന്ന കോണ്‍ഗ്രസ്സിന് ഇത്തരം 'തറവേലകള്‍'കൊണ്ട് രക്ഷപ്പെടാമെന്ന ചിന്തയാകാം. എന്നാല്‍ കോണ്‍ഗ്രസിനെ ഇന്ന് ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുന്നത്? കോണ്‍ഗ്രസ്സിനെ ആരും ഒരു കൈ തന്ന് സഹായിക്കാന്‍ പോകുന്നില്ല. അഴിമതിയുടേയും വഞ്ചനയുടേയും അഹങ്കാരത്തിന്റേയും പ്രതീകമാണ് കോണ്‍ഗ്രസ്സെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. 

ബിഎസ്പി-എസ്പി സഖ്യം യുപിയില്‍ നേടിയ വിജയം കണ്ട് കോണ്‍ഗ്രസ്സ് ആഹ്ലാദിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഈ മണ്ഡലങ്ങളില്‍ (പ്രത്യേകിച്ച് നെഹ്‌റു ജയിച്ച മണ്ഡലത്തില്‍) കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല. ഈ പാര്‍ട്ടിയാണോ ഇനി ഇന്ത്യ ഭരിക്കുമെന്ന് മന്‍മോഹന്‍ സിങ് മുതല്‍ വി.ഡി. സതീശന്‍ വരെയുള്ള സ്തുതിപാഠകവൃന്ദം പറയുന്നത്! നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുള്ള മതില്‍ പൊളിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. രാഹുലും കുടുംബവും കൂടി കോണ്‍ഗ്രസിനെ തന്നെ പൊളിച്ച് അടുക്കിവച്ചിരിക്കുകയല്ലേ? നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ മതില്‍ കെട്ടിയത് ഈ കുടുംബമല്ലേ? അധികാരമെല്ലാം നെഹ്‌റു കുടുംബത്തില്‍ കേന്ദ്രീകരിക്കുകയും, സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും ഒരു വിലയും ഇല്ലാതാക്കുകയും ചെയ്തത് രാഹുലിന്റെ അച്ഛന്‍ അമ്മ അപ്പൂപ്പന്മാരല്ലേ? ഇനി രാഹുല്‍ ഈ മതില്‍ പൊളിച്ചിട്ട് എന്ത് പ്രയോജനം? മതിലിനപ്പുറം ആളുകള്‍ വേണ്ടേ! എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുകയല്ലേ? ഇതിന്റെയൊക്കെ കാര്യകാരണങ്ങളെക്കുറിച്ച് എഐസിസി ചര്‍ച്ച ചെയ്‌തോ? 

തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ കുറച്ച് ആളുകള്‍ വേണമെന്നല്ലാതെ സംഘടനയും ചര്‍ച്ചയും എന്തിനാണ് എന്നതാണ് കോണ്‍ഗ്രസ്സിന്റെ  എന്നത്തേയും നിലപാട്. അതിന്റെയൊക്കെ ഫലം ഇപ്പോള്‍ നന്നായി അനുഭവിച്ചിട്ടും ബിജെപിയേയും  മോദിയേയും കുറ്റപ്പെടുത്തി മുഖംരക്ഷിക്കാനുള്ള വൃഥാ ശ്രമമാണ് കോണ്‍ഗ്രസും രാഹുലും നടത്തുന്നത്. ഒരുകാര്യം വ്യക്തമായി. രാഹുല്‍ വന്നാല്‍ എന്തോ ഉഴുതു മറിക്കുമെന്ന വീരവാദങ്ങളൊക്കെ പൊളിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. രാഹുല്‍ വന്നതോടെ ത്രിപുരയിലും യുപിയിലുമൊക്കെ കെട്ടിവച്ച കാശും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടു. പാര്‍ട്ടിയിലും മാറ്റം സംഭവിച്ചില്ല. എഐസിസി സമ്മേളനവും മറ്റും വെറും പ്രഹസനങ്ങളായി മാറുന്നത് സ്വാഭാവികം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.