പോലീസിലെ സിപിഎം പ്രവര്‍ത്തനം; പോലീസ് ആക്ടിന് എതിര്

Tuesday 3 April 2018 4:15 am IST

കോഴിക്കോട്: പോലീസ് സേനയിലെ സിപിഎം ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം പോലീസ് ആക്ടിന് എതിര്. രാഷ്ട്രീയപ്രവര്‍ത്തനവും സംഘംചേരലും പോലീസ് ആക്ടിലെ അധ്യായം ഏഴില്‍ 85 (എ) അനുസരിച്ച് അച്ചടക്കത്തിന് വിരുദ്ധം. ഇത് മറികടന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

കോട്ടയത്ത് ഇന്ന് ആംരംഭിക്കുന്ന കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാംസ്‌കാരിക സമ്മേളനത്തില്‍ നവകോശം സാംസ്‌കാരിക സമതി പ്രസിഡന്റ് എന്ന നിലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തത് നേരത്തെ വിവാദമായിരുന്നു. 

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള എറണാകുളം ജില്ലാ പോലീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. രാജീവനെ പങ്കെടുപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അജയനെയും ഉള്‍പ്പെടുത്തി. ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പോലീസുകാരുടെ വീട് ആക്രമിച്ചതിന് അന്നത്തെ പോലീസ് അസോസിയേഷന്‍ പ്രമേയം പാസാക്കിയിരുന്നു. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പോലീസ് അസോസിയേഷന്‍ പിരിച്ചുവിടണം എന്ന് ആവശ്യപ്പെട്ടിരുന്നു.

ഇത് ഉത്തര കൊറിയയോ ചൈനയോ അല്ല; ടി.പി. സെന്‍കുമാര്‍

മുന്‍ പോലീസ് മേധാവി

ഈ വാര്‍ത്ത ശരിയാണെങ്കില്‍ വളരെ ഗൗരവമേറിയ വിഷയമാണിത്. നേരത്തെതന്നെ കടുത്ത പാര്‍ട്ടി അനുഭാവികളായ കുറച്ച് പേര്‍ സേനയില്‍  ഉണ്ട്. ജനാധിപത്യത്തെയും നിയമ വ്യവസ്ഥയെയും ഇത് അപടകരമായി ബാധിക്കും. പോലീസിന്റെ അച്ചടക്കത്തിനും അവകാശങ്ങള്‍ക്കും എതിരാണ്. വാര്‍ത്തയില്‍ പറയുന്നപോലെയാണ് സ്ഥിതിയെങ്കില്‍ സേനയിലെ ഇത്തരക്കാര്‍ സേനയെ നിയന്ത്രിക്കുന്ന അവസ്ഥയാണ്. ക്രിമിനല്‍ കേസുകളില്‍ പോലും പക്ഷാഭേദമായി പെരുമാറുന്നതിനും തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ളതിനും കാരണമാകും. സാധാരണക്കാരന് നീതി കിട്ടില്ല. സിവില്‍ സര്‍വ്വീസ് യൂണിയനുകളുടെ രാഷ്ട്രീയവല്‍ക്കരണം സംസ്ഥാനത്തെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. പോലീസില്‍ രാഷ്ട്രീയവത്കരണം നടത്താന്‍ ഇത് ഉത്തര കൊറിയയോ ചൈനയോ അല്ല. 

സെല്‍ഭരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്നു; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍മുന്‍ ആഭ്യന്തര മന്ത്രി

പോലീസില്‍ പഴയ കാലത്തെ സെല്‍ ഭരണം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നീതി ബോധമുള്ള ഉദ്യോഗസ്ഥരെ പാര്‍ട്ടി ശിങ്കിടികളാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇത് പോലീസിന്റെ സര്‍വ്വനാശത്തിലേക്ക് നയിക്കും. സാധാരണക്കാരന് നീതി നിഷേധിക്കപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.