അവസരം ലഭിച്ചാല്‍ ഗുരുവായൂരപ്പനെ കാണും: യേശുദാസ്

Tuesday 3 April 2018 4:40 am IST
"undefined"

തൃശൂര്‍ പഴയനടക്കാവ് തെക്കെമഠത്തിന്റെ പ്രഥമ ശങ്കരപത്മം പുരസ്‌കാരം ഡോ.കെ.ജെ. യേശുദാസിന് തെക്കെമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സമ്മാനിക്കുന്നു

തൃശൂര്‍: ജാതി-മത വ്യത്യാസമില്ലാതെ എല്ലാ ഭക്തര്‍ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നും അവസരമൊരുക്കിയാല്‍ തീര്‍ച്ചയായും ഗുരുവായൂരപ്പനെ കാണാനെത്തുമെന്നും ഡോ.കെ.ജെ. യേശുദാസ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ തനിക്ക് ഒട്ടും ധൃതിയില്ല. തന്നെപ്പോലെ വിശ്വാസവും ഭക്തിയുമുള്ള മറ്റു മതങ്ങളില്‍പ്പെട്ടവരെല്ലാം കയറിയതിനു ശേഷം അവസാനം കയറിയാല്‍ മതി, യേശുദാസ് പറഞ്ഞു. തൃശൂര്‍ പഴയനടക്കാവ് തെക്കെമഠത്തിന്റെ പ്രഥമ ശങ്കരപത്മം പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഓരോ സ്ഥലത്തും ഓരോ നിയമങ്ങളുണ്ട്. ഗുരുവായൂരില്‍ അഹിന്ദുക്കള്‍ക്ക് നിലവില്‍ പ്രവേശനമില്ല. തനിക്ക് മാത്രമായി ഈ നിയമം മാറ്റാന്‍ പാടില്ല. എല്ലാവര്‍ക്കും അനുവദിക്കുന്നതു പോലെ തനിക്കും അവസരം നല്‍കിയാല്‍ മതി. ഗുരുവായൂരില്‍ പോയിട്ടേ മറ്റു ക്ഷേത്രങ്ങളില്‍ പോകാവൂ എന്നായിരുന്നു തീരുമാനം. ഒരാളുടെ നിര്‍ബന്ധത്തില്‍ ഒരിക്കല്‍ ഉഡുപ്പി ശ്രീകൃഷ്ണനെ കാണാന്‍ പോയി. എന്നാല്‍, അവിടെ തനിക്ക് കാണാനായത് ചന്ദനം ചാര്‍ത്തിയ ശ്രീരാമനെയാണ്. ശ്രീകൃഷ്ണനെ കാണേണ്ട പകരം ശ്രീരാമനെ കണ്ടോളൂ എന്നാവും ഭഗവാന്റെ തീരുമാനമെന്നാണ് ഇതില്‍ നിന്ന് തനിക്ക് മനസിലായത്. ജാതി വ്യത്യാസമില്ലാതെ എല്ലാവരും വേദം പഠിക്കണം. പഠിച്ചാല്‍ മാത്രം പോരാ അതിന്റെ സത്ത ഉള്‍ക്കൊണ്ട് വേദം പ്രചരിപ്പിക്കണം.  

പ്രശസ്തിപത്രം, ഫലകം, പൊന്നാട എന്നിവയടങ്ങിയ പുരസ്‌കാരം തെക്കെമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി സമ്മാനിച്ചു. സംസ്‌കൃത മംഗളപത്രം ഒറവങ്കര ദാമോദരന്‍ നമ്പൂതിരി നല്‍കി. സമ്മേളനം സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.